ഭക്ഷ്യഎണ്ണ വില നിയന്ത്രിക്കാന്‍ കേന്ദ്രം; ഇറക്കുമതി തീരുവ കുറക്കും

By Web TeamFirst Published Sep 11, 2021, 8:26 PM IST
Highlights

സംസ്‌കരിക്കാത്ത എണ്ണയുടെ ഇറക്കുമതി തീരുവ 2.5 ശതമാനവും സംസ്‌കരിച്ച എണ്ണയുടെ തീരുവ 32.5 ശതമാനവുമാണ് കുറയ്ക്കുന്നത്. 4600 കോടി രൂപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാറിനുണ്ടാകുകയെന്ന് അധികൃതര്‍ അറിയിച്ചു.
 

ദില്ലി: ഭക്ഷ്യ എണ്ണയുടെ ലഭ്യത ഉറപ്പാക്കാനും വില നിയന്ത്രിക്കാനും നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്‌കരിക്കാത്ത എണ്ണയുടെ ഇറക്കുമതി തീരുവ 2.5 ശതമാനവും സംസ്‌കരിച്ച എണ്ണയുടെ തീരുവ 32.5 ശതമാനവുമാണ് കുറയ്ക്കുന്നത്. 4600 കോടി രൂപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാറിനുണ്ടാകുകയെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യ, ഉപഭോക്തൃ മന്ത്രാലയം പുറപ്പെടുവിപ്പിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

സംസ്‌കരിക്കാത്ത പാം ഓയില്‍, സൊയാബീന്‍ ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയുടെയും സംസ്‌കരിച്ച പാം ഓയില്‍, സൊയാബീന്‍ ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയുടെ ഇറക്കുമതി തീരുവയാണ് കുറച്ചത്. നികുതിയിളവ് 11 മുതല്‍ നിലവില്‍ വരും. അതേസമയം ക്രൂഡ് പാം ഓയിലിന്റെ കാര്‍ഷിക സെസ് 17.5 മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും ഭക്ഷ്യ എണ്ണയുടെ വില വര്‍ധിച്ചത് വിലക്കയറ്റത്തിന് കാരണമായിരുന്നു. ഇറക്കുമതി തീരുവ വര്‍ധനവ് വിലക്കയറ്റത്തിന് കാരണമായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. 

കേരളത്തിലെ തുറമുഖങ്ങളിലൂടെ സംസ്‌കരിച്ച പാം ഓയില്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ല. പുതിയ തീരുമാന പ്രകാരം പാം ഓയില്‍ ഇറക്കുമതി നയത്തില്‍ മാറ്റം വരുത്തി. പാം ഓയില്‍ ഇറക്കമതിക്കുള്ള നിയന്ത്രണം നീക്കും. ഇറക്കുമതി തീരുവയില്‍ ഇളവ് വരുത്തിയത് ഒരു വര്‍ഷത്തില്‍ 3500 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കുക. ആകെ 4600 കോടിയുടെ നികുതി നഷ്ടമാണ് പ്രതീക്ഷിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!