കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ഏറെ ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ് എട്ടാം ശമ്പള കമ്മീഷനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ തിരികെ പിടിക്കുന്നതിനുള്ള കാലാവധി 15 വര്‍ഷത്തില്‍ നിന്ന് 12 വര്‍ഷമായി കുറയ്ക്കണമെന്നുള്ള ദീര്‍ഘകാല ആവശ്യം എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനയിലാണെന്നാണ് സൂചന. അടുത്ത വര്‍ഷം കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.
എന്താണ് കമ്മ്യൂട്ടഡ് പെന്‍ഷന്‍?
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കുമ്പോള്‍, അവരുടെ പെന്‍ഷന്റെ ഒരു ഭാഗം ഒറ്റത്തവണയായി കൈപ്പറ്റാന്‍ അവസരമുണ്ട്. ഇതിനെയാണ് പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ എന്ന് പറയുന്നത്. ഇതിന് പകരമായി, സര്‍ക്കാര്‍ ഈ തുക തിരികെ പിടിക്കുന്നതിനായി അവരുടെ പ്രതിമാസ പെന്‍ഷനില്‍ നിന്ന് ഒരു നിശ്ചിത തുക കുറയ്ക്കും. നിലവിലെ നിയമമനുസരിച്ച്, ഈ തുക 15 വര്‍ഷം കൊണ്ടാണ് സര്‍ക്കാര്‍ തിരികെ പിടിക്കുന്നത്. അതായത്, ജീവനക്കാരന്റെ പ്രതിമാസ പെന്‍ഷന്‍ 15 വര്‍ഷത്തേക്ക് കുറയ്ക്കുകയും അതിനുശേഷം പൂര്‍ണ്ണ പെന്‍ഷന്‍ പുനഃസ്ഥാപിക്കുകയും ചെയ്യും.
12 വര്‍ഷമാക്കി കുറയ്‌ക്കേണ്ടതിന്റെ ആവശ്യം?
പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും സംഘടനകള്‍ പറയുന്നതനുസരിച്ച്, 15 വര്‍ഷത്തെ തിരിച്ചടവ് കാലാവധി വളരെ ദൈര്‍ഘ്യമുള്ളതും സാമ്പത്തികമായി നീതിയുക്തമല്ലാത്തതുമാണ്. പലിശ നിരക്കുകള്‍ കുറഞ്ഞതും തിരിച്ചടിയാണ്. ഇത് വിരമിച്ച ജീവനക്കാര്‍ക്ക് അവരുടെ സ്വന്തം പെന്‍ഷന്റെ വലിയൊരു ഭാഗം നഷ്ടപ്പെടുത്തുന്നു. ഈ കാലാവധി 12 വര്‍ഷമായി കുറയ്ക്കുകയാണെങ്കില്‍, ജീവനക്കാര്‍ക്ക് അവരുടെ പൂര്‍ണ്ണ പെന്‍ഷന്‍ വേഗത്തില്‍ തിരികെ ലഭിക്കും, ഇത് അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കും. പ്രത്യേകിച്ചും ചികിത്സാ ചെലവുകളും ജീവിതച്ചെലവുകളും നിരന്തരം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത് ഏറെ പ്രയോജനകരമാകും.
ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബര്‍ 31-ന് അവസാനിക്കുകയാണ്. സാധാരണയായി, പുതിയ ശമ്പള കമ്മീഷന്‍ 10 വര്‍ഷത്തെ ഇടവേളയില്‍ നടപ്പിലാക്കാറുണ്ട്. അതിനാല്‍, എട്ടാം ശമ്പള കമ്മീഷന്‍ 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.്. എന്നാല്‍ ഇതുവരെയും എട്ടാം ശമ്പള കമ്മീഷന്‍ അംഗങ്ങളുടെ പേരുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയോ ടേംസ് ഓഫ് റഫറന്‍സ് അന്തിമമാക്കുകയോ ചെയ്തിട്ടില്ല. ഇത് കമ്മീഷന്‍ നടപടികള്‍ക്ക് കാലതാമസമുണ്ടാകുന്നതിനും സമയബന്ധിതമായി നടപ്പിലാക്കാതിരിക്കാനും വഴിവയ്ക്കുമെന്ന് ഊഹാപോഹങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.