
ബീജിംഗ്: ചൈനയിൽ വീണ്ടും കോടീശ്വരനെ കാണാതായി. ഗെയിമിങ് പ്ലാറ്റ്ഫോമായ ഡുയുവിന്റെ ഉടമ ചെൻ ഷെയജിയാണ് ചൈനയിൽ ഏറ്റവും ഒടുവിലായി കാണാതായിരിക്കുന്ന കോടീശ്വരന്‍ ചെൻ ഷെയജിയെ മൂന്നാഴ്ചയായി കാണാനില്ല എന്നാണ് റിപ്പോർട്ട്. ഡുയു ഗെയിമിംഗ് പ്ലാറ്റ്‌ഫോമിൽ ചൂതാട്ടം അടക്കം നിയമവിരുദ്ധ കാര്യങ്ങൾ നടക്കുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോടീശ്വരനെ കാണാതായിരിക്കുന്നത്. ഭരണകൂടവുമായി ഇടയുന്ന കോടീശ്വരന്മാരെ രഹസ്യമായി തടവിലാക്കുന്നതും നാട് കടത്തുന്നതുമൊക്കെ ചൈനയിൽ ഇതിന് മുന്‍പ് പലപ്പോഴും സംഭവിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ ചെൻ ഷെയജിയും തടവിലായിരിക്കാം എന്നാണു വ്യാപകമാവുന്ന അഭ്യൂഹം. 268 മില്യണ്‍ ഡോളർ മൂല്യം യുഎസ് മാർക്കറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ചൈനീസ് ടെക് ജയന്റായ ടെന്‍സന്റ് ആണ് ഡുയുവിന്റെ പിന്നിലുള്ളത്. എല്ലാ മാസവും ഡുയൂവിലേക്ക് 50 മില്യണ്‍ ആളുകള്‍ എത്തുന്നതായാണ് കണക്കുകള്‍ വിശദമാക്കുന്നത്. 2014ലാണ് ചെന്‍ ഷെയജി ഡുയൂ സ്ഥാപിക്കുന്നത്. പലപ്പോഴും ആമസോണുമായാണ് ഡുയൂ താരതമ്യം ചെയ്യപ്പെട്ടിട്ടുള്ളത്. 2019ല്‍ 775 മില്യണ്‍ ഡോളറാണ് നിക്ഷേപകരില്‍ നിന്ന് ഡുയൂ ശേഖരിച്ചത്. ഡുയൂവിന്റെ 38 ശതമാനം ഓഹരികളാണ് ടെന്‍സെന്റ് സ്വന്തമായിട്ടുള്ളത്. മൊബൈലിലും പിസികളിലും ഡുയൂ ലഭ്യമാണ്. ഓഗസ്റ്റ് മാസത്തില്‍ ഡുയൂവിന്റെ ക്വാർട്ടർ റിപ്പോർട്ട് പുറത്ത് വിടുമ്പോഴാണ് അവസാനമായി 39 കാരനായ ചെന്‍ ഷെയജിയെ പൊതുവിടങ്ങളില്‍ കണ്ടത്.
മെയ് മാസത്തില്‍ ഡുയൂവില്‍ അശ്ലീല കണ്ടന്റ് സംപ്രേക്ഷണം ചെയ്തെന്ന ആരോപണത്തിൽ വ്യാപക പരിശോധനകള്‍ നടന്നിരുന്നു. ചൈനയിലെ പ്രമുഖരായ പല ബിസിനസ് മാഗ്നെറ്റുകളും പ്രശസ്തിയില്‍ നിന്ന് അടുത്ത കാലത്താണ് പടുകുഴിയിലേക്ക് വീണത്. അഴിമതി തടയാന്‍ ലക്ഷ്യമിട്ട് ചൈനീസ് പ്രസിഡന്റിന്റെ പ്രേരണയില്‍ നടന്ന അന്വേഷണങ്ങളാണ് പ്രമുഖർക്ക് പാരയായത്. ചൈനീസ് സർക്കാരിന്റെ ബാങ്കിംഗ് സ്ഥാപനമായ എവർബ്രൈറ്റിന്റെ മുന്‍ മേധാവിയെ അടുത്തിടെയാണ് കൈക്കൂലി സ്വീകരിച്ചതിന് അറസ്റ്റ് ചെയ്തത്. ചൈനീസ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി മുന്‍ മേധാവിയെ അഴിമതിക്കേസില്‍ അകത്തായത് സെപ്തംബറിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം