ചൈനയെ വെട്ടാന്‍ ഇന്ത്യ; ലിഥിയം തേടി 4 പ്രമുഖ രാജ്യങ്ങളുമായി ചര്‍ച്ച; തന്ത്രപ്രധാന നീക്കം

Published : Feb 23, 2026, 06:43 PM IST
China India

Synopsis

നിലവില്‍ ഇത്തരം ധാതുക്കളുടെ വിപണിയിലും ഖനന സാങ്കേതികവിദ്യയിലും ഇന്ത്യയുടെ എതിരാളിയായ ചൈനയ്ക്കാണ് ആഗോളതലത്തില്‍ ആധിപത്യമുള്ളത്.

 

ഇന്ത്യയുടെ ഊര്‍ജ്ജ-സാങ്കേതിക മേഖലകളില്‍ നിര്‍ണ്ണായകമായ ലിഥിയം, അപൂര്‍വ്വ ധാതുക്കള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ധാതുക്കളുടെ ഖനനം, സംസ്‌കരണം, പുനരുപയോഗം എന്നിവയില്‍ സംയുക്തമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ലക്ഷ്യം ചൈനയെ മറികടക്കല്‍

നിലവില്‍ ഇത്തരം ധാതുക്കളുടെ വിപണിയിലും ഖനന സാങ്കേതികവിദ്യയിലും ഇന്ത്യയുടെ എതിരാളിയായ ചൈനയ്ക്കാണ് ആഗോളതലത്തില്‍ ആധിപത്യമുള്ളത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി വൈദ്യുത വാഹനങ്ങളിലേക്കും ഹരിത ഊര്‍ജ്ജത്തിലേക്കും രാജ്യം മാറുന്ന സാഹചര്യത്തില്‍, ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. ഇലക്ട്രോണിക്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളിലെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കായി ലിഥിയം ഉള്‍പ്പെടെയുള്ള 20 ധാതുക്കളെ 'തന്ത്രപ്രധാനമായവ' ആയി 2023-ല്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

ജര്‍മ്മനി മാതൃകയാകും

കഴിഞ്ഞ ജനുവരിയില്‍ ജര്‍മ്മനിയുമായി ഇന്ത്യ ഒപ്പിട്ട നിര്‍ണ്ണായകമായ ധാതു കരാറിന്റെ മാതൃകയിലാകും പുതിയ ചര്‍ച്ചകളും നടക്കുക. ഖനനം മുതല്‍ സംസ്‌കരണം വരെയുള്ള സാങ്കേതികവിദ്യകള്‍ പങ്കുവെക്കുന്നതിനും, ഇരുരാജ്യങ്ങളിലും ധാതു നിക്ഷേപങ്ങള്‍ വികസിപ്പിക്കുന്നതിനും ഈ കരാര്‍ വഴി സാധിക്കും.എന്നാല്‍ ഒരു ധാതു നിക്ഷേപം കണ്ടെത്തി ഉല്‍പ്പാദനത്തിലേക്ക് എത്തിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് ഖനന വിദഗ്ധര്‍ പറയുന്നു. പര്യവേഷണം പൂര്‍ത്തിയാക്കാന്‍ മാത്രം അഞ്ചു മുതല്‍ ഏഴ് വര്‍ഷം വരെ സമയം ആവശ്യമാണ്. പലപ്പോഴും പര്യവേഷണത്തിനൊടുവില്‍ ഖനനം ലാഭകരമാകണമെന്നില്ല.

കാനഡ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്. ഈ സന്ദര്‍ശനത്തില്‍ യുറേനിയം, ഊര്‍ജ്ജം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയ്‌ക്കൊപ്പം തന്ത്രപ്രധാന ധാതുക്കളുടെ കാര്യത്തിലും ധാരണയുണ്ടാകാന്‍ സാധ്യതയുണ്ട്.

നിലവില്‍ അര്‍ജന്റീന, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യക്ക് ധാതു കരാറുകളുണ്ട്. ഇതിനുപുറമെ ചിലി, പെറു എന്നീ രാജ്യങ്ങളുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ലോകത്തെ വന്‍ശക്തി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 കഴിഞ്ഞ മാസം വാഷിംഗ്ടണില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ ഈ നിര്‍ണ്ണായക നീക്കം. [4:52 PM, 2/10/2026] +91 8075 219 897: ബ്രിട്ടന്റെ നട്ടെല്ലായി ഇന്ത്യക്കാര്‍; സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നത് ഇന്ത്യന്‍ പ്രൊഫഷണലുകളെന്ന് റിപ്പോര്‍ട്ട്

 

PREV
Read more Articles on
click me!

Recommended Stories

റഷ്യന്‍ എണ്ണ കൈവിടുമോ ഇന്ത്യ? ട്രംപിന്റെ അവകാശവാദവും യാഥാര്‍ത്ഥ്യവും; ആശങ്കയില്‍ എണ്ണക്കമ്പനികള്‍
അമേരിക്കന്‍ തീരുവയിലെ ചാഞ്ചാട്ടം; വലഞ്ഞ് ഇന്ത്യന്‍ കയറ്റുമതിക്കാര്‍