ചൈന -പാക് സൗഹൃദം വളരുന്നു: പ്രത്യേക സെല്‍ തുറന്ന് ഇമ്രാന്‍ ഖാന്‍; പുരോഗമിക്കുന്നത് വന്‍ പദ്ധതികള്‍

By Web TeamFirst Published Jun 23, 2019, 10:08 PM IST
Highlights

ബെയ്ജിംഗുമായുളള സൗഹൃദം ശക്തമായ സാമ്പത്തിക പങ്കാളിത്തത്തിലേക്ക് നീങ്ങുന്നതില്‍ സന്തോഷമുണ്ട്. ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തെ ചൈനയിലെ സിന്‍ജാംഗ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി ബെല്‍റ്റ് റോഡ് പദ്ധതിയിലെ നിര്‍ണായകമായ ഒന്നാണ്. 

ദില്ലി: ചൈന -പാക് സാമ്പത്തിക ഇടനാഴിക്ക് കീഴില്‍ വരുന്ന പദ്ധതികള്‍ ഏകോപിപ്പിക്കാനും പൊതു -സ്വകാര്യ മേഖലകളിലെ ബിസിനസുകളില്‍ ചൈനയുമായുളള സഹകരണം വര്‍ധിപ്പിക്കാനും തന്‍റെ ഓഫീസില്‍ പ്രത്യേക സെല്‍ തുറന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ചൈന -പാക് ഇടനാഴിക്ക് വലിയ പ്രാധാന്യമാണ് ഞങ്ങള്‍ നല്‍കുന്നത്. 60 ബില്യണ്‍ ഡോളര്‍ ചെലവിലാണ് സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നതെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ബെയ്ജിംഗുമായുളള സൗഹൃദം ശക്തമായ സാമ്പത്തിക പങ്കാളിത്തത്തിലേക്ക് നീങ്ങുന്നതില്‍ സന്തോഷമുണ്ട്. ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തെ ചൈനയിലെ സിന്‍ജാംഗ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി ബെല്‍റ്റ് റോഡ് പദ്ധതിയിലെ നിര്‍ണായകമായ ഒന്നാണ്. പാക് അധീന കാശ്മീരിലൂടെ ഈ ഇടനാഴി കടന്നുപോകുന്നതിലെ എതിര്‍പ്പാണ് പദ്ധതിയുടെ ഭാഗമാകാതിരിക്കാന്‍ ഇന്ത്യ പ്രധാനമായും ഉന്നയിച്ച കാരണമെന്നും പാക് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

ചൈന നേതൃത്വം നല്‍കുന്ന ബെല്‍റ്റ് റോഡ് പദ്ധതിയുടെ ഉപദേശക സമിതി തലവനും ചൈനീസ് ജനപ്രതിനിധി സഭയുടെ വിദേശകാര്യ സമിതി വൈസ് ചെയര്‍മാനുമായ സ്ഹാഓ ബെയ്ഗെയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇമ്രാന്‍ ഖാന്‍ പദ്ധതിയെപ്പറ്റി വാചാലനായത്. സാമ്പത്തിക ഇടനാഴി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക, സാമൂഹിക, സാമ്പത്തിക വികസനം എന്നീ മേഖലകളില്‍ എല്ലാംകൂടി കൂടുതല്‍ യോജിച്ച പ്രവര്‍ത്തനങ്ങളിലേക്ക് ഇരുരാജ്യങ്ങളും നീങ്ങുമെന്നും, വിവിധ മേഖലകളിലെ ചൈനീസ് വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതായും പാക് പ്രധാനമന്ത്രി പറഞ്ഞു. 

click me!