ചൈന എണ്ണ വാങ്ങിക്കൂട്ടുന്നു; രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നു

Published : Sep 10, 2025, 02:58 PM IST
Xi Jinping

Synopsis

ഒക്ടോബര്‍ മാസം മുതല്‍ എണ്ണ ഉത്പാദനം പ്രതിദിനം 137,000 ബാരലായി ഉയര്‍ത്താന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു.

പെക് രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതും, ചൈന കൂടുതല്‍ എണ്ണ സംഭരിക്കുന്നതും, റഷ്യക്ക് മേലുള്ള ഉപരോധങ്ങള്‍ സംബന്ധിച്ച ആശങ്കകളും കാരണം ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 73 സെന്റ് (1.1% ) വര്‍ധിച്ച് 66.75 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ വില 0.9% ഉയര്‍ന്ന് 62.84 ഡോളറിലെത്തി. ഒക്ടോബര്‍ മാസം മുതല്‍ എണ്ണ ഉത്പാദനം പ്രതിദിനം 137,000 ബാരലായി ഉയര്‍ത്താന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. ഇത് ഓഗസ്റ്റിലെയും സെപ്റ്റംബറിലെയും വര്‍ധനവിനെ അപേക്ഷിച്ച് വളരെ കുറവാണ്. ഓഗസ്റ്റിലും സെപ്റ്റംബറിലും പ്രതിദിനം 550,000 ബാരലിലധികം വര്‍ധനവാണ് ഉണ്ടായിരുന്നത്.

കൂടുതല്‍ എണ്ണ സംഭരിക്കാനുള്ള ചൈനയുടെ തീരുമാനം എണ്ണവില വര്‍ധിക്കാന്‍ കാരണമായെന്ന് സാക്‌സോ ബാങ്ക് വ്യക്തമാക്കി. പ്രതിദിനം 0.5 ദശലക്ഷം ബാരലിലധികം എണ്ണ ചൈന സംഭരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2026ലും ചൈന ഇതേ നിരക്കില്‍ എണ്ണ സംഭരണം തുടരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. റഷ്യയുടെ യുക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയും എണ്ണവില ഉയരാന്‍ കാരണമായി. യുക്രെയ്‌നിലെ സര്‍ക്കാര്‍ കെട്ടിടത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ റഷ്യക്കെതിരെ രണ്ടാം ഘട്ട ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്റെ ഉപരോധ വിഭാഗം ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കായി വാഷിങ്ടണിലെത്തിയിട്ടുണ്ട്. റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ എണ്ണ വിതരണം കുറയുകയും ഇത് എണ്ണവില വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യും.

അടുത്തയാഴ്ച ചേരുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വ്യാപാര വിദഗ്ദ്ധര്‍ പറയുന്നു. പലിശ നിരക്ക് കുറയുന്നത് സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുകയും എണ്ണയുടെ ആവശ്യകത വര്‍ധിപ്പിക്കുകയും ചെയ്യും. ഇതും എണ്ണ വില വര്‍ധനയെ സ്വാധീനിക്കും.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം