ചൈനയ്ക്ക് 'സമയദോഷം': സാമ്പത്തിക വളർച്ചയുടെ ഗതി പ്രവചിച്ച് ലോകബാങ്ക്

By Web TeamFirst Published Sep 27, 2022, 5:48 PM IST
Highlights

സംഭവിക്കാൻ പോകുന്നത് മൂന്ന് പതിറ്റാണ്ടിനിടയിലെ ആദ്യ തോൽവി. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ പിന്തള്ളപ്പെട്ട് ചൈന. ഭാവി പ്രവചിച്ച് ലോക ബാങ്ക്
 

ബിജിങ്: മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായി സാമ്പത്തിക വളർച്ച നിരക്കിൽ ചൈന, മറ്റ് ഏഷ്യൻ രാജ്യങ്ങൾക്ക് പുറകിലേക്ക് തള്ളപ്പെടും എന്ന് ലോകബാങ്കിന്റെ പ്രവചനം. പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഹീറോ കോവിഡ് പോളിസിയും പ്രോപ്പർട്ടീസ് സെക്ടറിലെ തിരിച്ചടികളുമാണ് ഈ പിന്തള്ളിന്റെ പ്രധാന കാരണം എന്നാണ് റിപ്പോർട്ട്. 

Read Also: ഹോം ലോൺ ഇഎംഐ മുടങ്ങിയോ? പ്രത്യാഘാതങ്ങൾ ഇവയാണ്

ചൈനയുടെ പ്രതീക്ഷിത ജിഡിപി വളർച്ചനിരക്ക് 2.8 ശതമാനം ആണെന്ന് ലോക ബാങ്കിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ചൈനയ്ക്ക് നാലു മുതൽ അഞ്ച് ശതമാനം വരെ വളർച്ച നിരക്ക് നേടാനാവും എന്നായിരുന്നു ലോക ബാങ്കിന്റെ പ്രവചനം. 2021-22 സാമ്പത്തിക വർഷത്തിൽ 8.1 ശതമാനം ജിഡിപി വളർച്ച നേടിയ രാജ്യമാണ് ചൈന. ഇന്ത്യക്ക് പിന്നിൽ നിലവിൽ ഏറ്റവും വേഗം വളരുന്ന രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ചൈന.

അതേസമയം ഏഷ്യൻ രാജ്യങ്ങളുടെ ആകെ പ്രതീക്ഷിത ജിഡിപി 5.3 ശതമാനം വളരുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ചൈനയെ ഒഴിവാക്കിയുള്ള കണക്കാണിത്. ആഭ്യന്തര ഉപഭോഗം വർധിച്ചതാണ് ഇതിനു കാരണമായി പറയുന്നത്. കഴിഞ്ഞ വർഷം 2.6 ശതമാനം മാത്രമായിരുന്നു ഏഷ്യാ മേഖലയുടെ വളർച്ച.

Read Also: പത്ത് വർഷത്തിനുള്ളിൽ 100 ​​ബില്യൺ ഡോളർ നിക്ഷേപിക്കും; "ഗെയിം-ചേഞ്ചിംഗ്" പദ്ധതികളുമായി അദാനി

അതേസമയം ചൈന സർക്കാരും അവരുടെ പ്രതീക്ഷിത ജിഡിപി വളർച്ച നിരക്ക് താഴ്ത്തിയിട്ടുണ്ട്. 2022 - 23 സാമ്പത്തിക വർഷത്തിൽ 5.5 ശതമാനം ആയിരിക്കും രാജ്യത്തിന്റെ ജിഡിപി വളർച്ച നിരക്ക് എന്നാണ് ചൈനീസ് സർക്കാർ പറയുന്നത്. രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണകൂടം നടപ്പിലാക്കിയ സീറോ കോവിഡ് പോളിസി, ആളുകൾ പുറത്തിറങ്ങുന്നതും ഉപഭോഗ പ്രവർത്തനങ്ങളും കുറച്ചിട്ടുണ്ട്. 

click me!