കാണാൻ ചുള്ളിക്കമ്പ് പൊട്ടിച്ചിട്ടത് പോലെ! ചൈനയുടെ നിധി, അവശേഷിക്കുന്നത് 6 എണ്ണം മാത്രം, 'ദാ ഹോങ് പാവോ' ചായയെക്കുറിച്ചറിയാം

Published : Jul 24, 2026, 12:57 PM IST
Da Hong Pao

Synopsis

ചൈനയിലെ 'ദാ ഹോങ് പാവോ' ആണ് ലോകത്തിലെ ഏറ്റവും വിലയേറിയ ചായ. വുയി മലനിരകളിൽ കാണുന്ന അപൂർവ മാതൃസസ്യങ്ങളിൽ നിന്ന് ലഭിക്കുന്നതിനാലാണ് ഇതിന് സ്വർണ്ണത്തേക്കാൾ വില വരുന്നത്. നിലവിൽ ഈ മാതൃസസ്യങ്ങളിൽ നിന്നുള്ള വിളവെടുപ്പ് നിരോധിച്ചിരിക്കുകയാണ്.

സാധാരണക്കാരന് പുറത്തിറങ്ങി ഒരു ചായ കുടിക്കാൻ നിലവിൽ ശരാശരി 12 മുതൽ 20 രൂപ വരെ കൊടുക്കണം. ചായ കുടിക്കുന്ന കടകളുടെ വലിപ്പവും ബ്രാന്റിന്റെ പേരും മാറുന്നതിനനുസരിച്ച് ഇത് ഇനിയും കൂടും. എന്നാൽ വെറും 20 ഗ്രാം തേയിലയ്ക്ക് ഒരു ലക്ഷം രൂപയിലധികം നൽകണമെന്ന് കേട്ടാൽ വിശ്വസിക്കാൻ പറ്റുമോ? ചൈനയിലെ 'ദാ ഹോങ് പാവോ' (Da Hong Pao) എന്ന ഊലോങ് (Oolong) ചായയുടെ കാര്യത്തിൽ ഇത് സത്യമാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ ചായയാണിത്. ദാ ഹോങ് പാവോയുടെ പൈതൃകവും പാരമ്പര്യവുമാണ് ഇതിനെ ചായപ്രേമികളുടെ ലോകത്തെ ഏറ്റവും വലിയ നിധിയാക്കി മാറ്റുന്നത്.

എന്താണ് 'ദാ ഹോങ് പാവോ'?

ചൈനീസ് മന്ദാരിൻ ഭാഷയിൽ 'ദാ ഹോങ് പാവോ' എന്നാൽ "വലിയ ചുവന്ന അങ്കി" (Big Red Robe) എന്നാണ് അർത്ഥം. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലുള്ള, യുനെസ്കോയുടെ (UNESCO) പൈതൃക പട്ടികയിലുള്ള വുയി (Wuyi) മലനിരകളിലാണ് ഈ തേയില വളരുന്നത്. പച്ചച്ചായയുടെ (Green Tea) ഉന്മേഷവും കട്ടൻചായയുടെ (Black Tea) കടുപ്പവും സമന്വയിക്കുന്ന അപൂർവ്വ രുചിയാണ് ഊലോങ് ചായകൾക്കുള്ളത്. ഓർക്കിഡ് പൂക്കളുടെ സുഗന്ധവും, ചെറുതായി പഴങ്ങളുടെ സുഗന്ധവും ഇതിന്റെ പ്രത്യേകതയാണ്. കുടിച്ചു കഴിയുമ്പോൾ വായിൽ മധുരമൂറുന്ന സ്വാദാണ് ഉണ്ടാകുക.

എന്തുകൊണ്ട് ലോകത്തിലെ ഏറ്റവും വിലയേറിയ ചായയായി?

നിലവിൽ വുയി മലനിരകളിലെ പാറക്കെട്ടുകൾക്കിടയിൽ ഈ ചായയുടെ ആറ് പ്രധാന മാതൃ സസ്യങ്ങൾ (Mother Trees) മാത്രമേയുള്ളൂ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ചെടികൾ ചൈനയുടെ വിലമതിക്കാനാവാത്ത ദേശീയ സമ്പത്താണ്.

സ്വർണ്ണത്തേക്കാൾ 30 മടങ്ങ് വില!

ഒരു ലേലത്തിൽ ഇതിന്റെ 20 ഗ്രാം ഇലകൾ 2,08,000 യുവാനാണ് (ഏകദേശം ₹1.23 ലക്ഷം) വിറ്റുപോയത്. ബി.ബി.സി റിപ്പോർട്ട് പ്രകാരം ഇതിന്റെ യഥാർത്ഥ ഒരു ഗ്രാം ഇലയ്ക്ക് 1,400 ഡോളറിലധികം (ഏകദേശം ₹1.2 ലക്ഷം) വിലവരും. അതായത് തൂക്കത്തിന്റെ കാര്യത്തിൽ സ്വർണ്ണത്തേക്കാൾ 30 മടങ്ങിലധികം വില! ഇതിന്റെ യഥാർത്ഥ ഇലകൾ ഉപയോഗിച്ച് ഒരു കപ്പ് നിറക്കാൻ ഏകദേശം ₹8.5 ലക്ഷത്തോളം ചെലവ് വരും.

2006-ൽ വന്ന നിരോധനവും 142 കോടിയുടെ ഇൻഷുറൻസും

ഈ അപൂർവ്വ സസ്യങ്ങളെ വരുംതലമുറയ്ക്കായി സംരക്ഷിക്കുന്നതിനായി, 2006-ൽ ചൈനീസ് സർക്കാർ ഈ ആറ് മാതൃ സസ്യങ്ങളിൽ നിന്ന് തേയില പറിക്കുന്നത് പൂർണ്ണമായും നിരോധിച്ചിരുന്നു. ഈ ചെടികൾക്ക് ചൈനീസ് സർക്കാർ 100 ദശലക്ഷം യുവാനിന്റെ (ഏകദേശം ₹142 കോടി) ഇൻഷുറൻസ് പരിരക്ഷ നൽകിയിട്ടുണ്ട്. ഈ ചെടികളിൽ നിന്ന് അവസാനമായി ശേഖരിച്ച തേയില ബീജിംഗിലെ പാലസ് മ്യൂസിയത്തിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് വിപണിയിൽ ലഭിക്കുന്ന ദാ ഹോങ് പാവോ ചായകൾ ഈ മാതൃസസ്യങ്ങളുടെ ക്ലോണുകൾ (Clones) വഴി കൃഷി ചെയ്തുണ്ടാക്കുന്നവയോ, സമാനമായ മറ്റ് വി ഐ പി ഊലോങ് ചായകൾ കലർത്തി ഉണ്ടാക്കുന്നവയോ ആണ്.

'ബിഗ് റെഡ് റോബ്' എന്ന പേരിന് പിന്നിലെ ഐതിഹ്യം

ഇതുമായി ബന്ധപ്പെട്ട് ചൈനയിൽ പറഞ്ഞു കേൾക്കുന്ന ഒരു പഴയ നാടോടിക്കഥയുണ്ട്. ബീജിംഗിലേക്കുള്ള ഒരു യാത്രക്കിടെ ഒരു യുവ പണ്ഡിതന് വുയി മലനിരകളിൽ വെച്ച് കഠിനമായ ഒരു രോഗം പിടിപെട്ടു. ഇത് കണ്ട സമീപത്തുള്ള ക്ഷേത്രത്തിലെ ഒരു സന്യാസി പാറക്കെട്ടിൽ വളരുന്ന പ്രത്യേക തേയിലച്ചെടിയുടെ ഇലകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ചായ ഇയാൾക്ക് നൽകി. ഇതോടെ പെട്ടെന്ന് സുഖം പ്രാപിച്ചുവത്രേ. പിന്നീട് തന്റെ ചക്രവർത്തിക്ക് അസുഖം വന്നപ്പോഴും യുവ പണ്ഡിതൻ ഇതേ ചായ നൽകി അസുഖം ഭേദമാക്കിയെന്നാണ് കഥ. സന്തോഷവാനായ ചക്രവർത്തി സമ്മാനമായി നൽകിയ ചുവന്ന രാജകീയ അങ്കി (Red Ceremonial Robe), തന്റെ ജീവൻ രക്ഷിച്ച തേയിലച്ചെടിയോടുള്ള ആദരസൂചകമായി പണ്ഡിതൻ ആ ചെടിക്ക് മുകളിൽ ചാർത്തിക്കൊടുത്തു. അങ്ങനെയാണ് ഈ ചായയ്ക്ക് 'ദാ ഹോങ് പാവോ' (വലിയ ചുവന്ന അങ്കി) എന്ന പേര് ലഭിച്ചതെന്നാണ് ഐതിഹ്യം.

ദാ ഹോങ് പാവോ ചായ ഉണ്ടാക്കുന്നതെങ്ങനെ?

പരമ്പരാഗതമായി ചെറിയ ചൈനീസ് കളിമൺ പാത്രങ്ങളിലോ (Clay Teapot) ഗൈവാനിലോ (Gaiwan) 95-100°C തിളച്ച വെള്ളമൊഴിച്ചാണ് ഈ ചായ ഉണ്ടാക്കുന്നത്. സാധാരണ ടീ ബാഗുകൾ പോലെ ഒരു തവണ ഉപയോഗിച്ച് കളയുന്നതല്ല ഇത്. ഒരു തവണ ഉപയോഗിച്ച ഇലകളിൽ തന്നെ പലതവണ വെള്ളമൊഴിച്ച് വീണ്ടും ചായയുണ്ടാക്കാം. മൂന്നാമത്തെയും നാലാമത്തെയും തവണ ഉണ്ടാക്കുമ്പോഴാണ് ഈ ചായയുടെ യഥാർത്ഥ മധുരവും സ്വാദും പുറത്തു വരുന്നതെന്നാണ് പറഞ്ഞു കേൾക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി തീരുവ പിരിക്കാൻ പുതിയ കാരണവുമായി ട്രംപ്! 'നിര്‍ബന്ധിത തൊഴില്‍', ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 10% ഇറക്കുമതി തീരുവ
ചുറ്റിപ്പിണഞ്ഞു കിടക്കുന്ന സർപ്പം, ഒറ്റനോട്ടത്തിൽ ആകർഷിക്കും! 'റോക്കി ഭായ്' പ്രീമിയം വിസ്‌കി ബിസിനസിലേക്ക്, സര്‍പന്റ്‌സ് കാസ്‌ക് വിപണിയിലേക്ക്