ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതിക്കുള്ള വിൻഡ്ഫാൾ നികുതി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. അതേസമയം പെട്രോൾ കയറ്റുമതിക്കുള്ള നികുതി പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കാനാണ് ഒക്ടോബർ 31 മുതൽ ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.

രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ അസ്ഥിരതയ്ക്കും പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കും ഇടയിൽ ഡീസൽ, വിമാന ഇന്ധനം (ATF) എന്നിവയുടെ കയറ്റുമതിക്കുള്ള വിൻഡ്ഫാൾ ഗെയിൻ നികുതി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. അതേസമയം പെട്രോൾ കയറ്റുമതിക്കുള്ള നികുതി പൂർണമായും ഒഴിവാക്കി. ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ അടുത്ത രണ്ട് ആഴ്ചത്തേക്ക് തുടരുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

ധനമന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം വിമാന ഇന്ധന കയറ്റുമതിക്കുള്ള സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി (SAED) ലിറ്ററിന് 10.50 രൂപയിൽ നിന്ന് 11 രൂപയായി ചെറിയ തോതിൽ ഉയർത്തിയിട്ടുണ്ട്. ഡീസൽ കയറ്റുമതി നികുതിയിലാണ് കാര്യമായ വർദ്ധനവ് വരുത്തിയത്. ഡീസലിന്റെ എസ്എഇഡിയും റോഡ്- ഇൻഫ്രാസ്ട്രക്ചർ സെസും ചേർത്ത് ലിറ്ററിന് 8.50 രൂപയായിരുന്നത് 11.50 രൂപയായാണ് കൂട്ടിയത്. പെട്രോൾ കയറ്റുമതി നികുതി ലിറ്ററിന് 2.50 രൂപയിൽ നിന്ന് പൂജ്യമായാണ് കുറച്ചത്.

ആഭ്യന്തര വിപണിയിൽ വിൽക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും നിലവിലുള്ള നികുതി നിരക്കുകളിൽ യാതൊരു മാറ്റവുമില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് ഈ മാറ്റം ബാധകമാകുന്നത്.

എന്തുകൊണ്ട് വിൻഡ്ഫാൾ നികുതി പരിഷ്കരിക്കുന്നു?

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള ഊർജ്ജ വിപണിയിലെ തടസ്സങ്ങളും കാരണം മാർച്ച് 27-നാണ് ഇന്ത്യ ഡീസലിനും എടിഎഫിനും കയറ്റുമതി തീരുവ ചുമത്തിയത്. പെട്രോൾ കയറ്റുമതിക്കുള്ള നികുതി മെയ് 16 മുതൽ നടപ്പിലാക്കി. ആഗോളതലത്തിൽ ഇന്ധനവില കുത്തനെ ഉയരുമ്പോൾ എണ്ണ ഉൽപ്പാദന കമ്പനികൾ ആഭ്യന്തര വിപണിയിൽ ഇന്ധനം നൽകുന്നതിന് പകരം വിദേശത്തേക്ക് കയറ്റി അയച്ച് വൻ ലാഭം നേടുന്നത് തടയാനാണ് വിൻഡ്ഫാൾ ടാക്സ് ഏർപ്പെടുത്തുന്നത്.

രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങളും ആഭ്യന്തര ആവശ്യകതയും വിലയിരുത്തി രണ്ട് ആഴ്ചയിലൊരിക്കൽ സർക്കാർ ഈ നികുതി നിരക്കുകൾ പുനഃപരിശോധിക്കാറുണ്ട്. രാജ്യാന്തര സാഹചര്യങ്ങൾക്ക് അനുസരിച്ച് ആഭ്യന്തര വിപണിയിൽ ആവശ്യത്തിന് ഇന്ധനം ലഭ്യമാണെന്ന് ഉറപ്പുവരുത്താനാണ് ഈ സംവിധാനം.