കൽക്കരി ക്ഷാമം രൂക്ഷം: ചൈനയ്ക്ക് പിന്നാലെ ഇന്ത്യയും വൈദ്യുതി പ്രതിസന്ധിയിലേക്കോ?

By Asianet MalayalamFirst Published Oct 8, 2021, 2:30 PM IST
Highlights

താപ വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ കല്‍ക്കരി ലഭ്യമാകാതെ വന്നാല്‍ രാജ്യത്ത് വരും ദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. 

ദില്ലി: കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ വൈദ്യുതി ഉത്പാദന മേഖലയില്‍ വന്‍ പ്രതിസന്ധി. താപ വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ കല്‍ക്കരി ലഭ്യമാകാതെ വന്നാല്‍ രാജ്യത്ത് വരും ദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം

രാജ്യത്തെ വൈദ്യുതി ഉത്പാദനത്തിന്‍റെ 54 ശതമാനവും വരുന്നത് താപവൈദ്യുതി നിലയത്തില്‍ നിന്നാണ്. കല്‍ക്കരിയാണ് ഇവിടുത്തെ അടിസ്ഥാന ഇന്ധനം. കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ പല താപ വൈദ്യുതി നിലയങ്ങളിലും പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട സാഹചര്യമാണുള്ളത്. അറുതോളം നിലയങ്ങളില്‍ ഏതാനും ദിവസത്തെ പ്രവര്‍ത്തനത്തിനുള്ള കല്‍ക്കരി മാത്രമേ ബാക്കിയുള്ളൂ.

വൈദുതി ഉത്പാദനം നിലച്ചാല്‍ ഉത്തരേന്ത്യയില്‍ നിരവധി മേഖലകള്‍ ഇരുട്ടിലാകും. വ്യവസായ ഉത്പാദന മേഖലകളിലും വലിയ തിരിച്ചടിയുണ്ടാകും. വൈദ്യുതി ഉത്പാദനം മുടങ്ങിയതോടെ കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കല്‍ക്കരി ഖനനവും ചരക്ക് നീക്കവും തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കുന്നത്. 

എന്നാല്‍ മിക്ക താപനിലയങ്ങളിലും ആവശ്യത്തിന് കരുതല്‍ ശേഖരം ഉണ്ടായിരുന്നില്ലന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിസന്ധി ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം. ഉയര്‍ന്ന വിലയായതിനാല്‍ കല്‍ക്കരി ഇറക്കുമതി പ്രായോഗികമല്ല. കോള്‍ ഇന്‍ഡ്യയില്‍ നിന്നും സ്വന്തം ഉപയോഗത്തിന് കല്‍ക്കരി ഖനനം ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും പരമാവധി ശേഖരിക്കുവാനാണ് സര്‍ക്കാര്‍ നീക്കം. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ടായിട്ടുണ്ട്. എനര്‍ജി എക്സ്ചേഞ്ചില്‍ നിന്നും വൈദുതി വാങ്ങിയാണ് കേരളം പ്രതിസന്ധിയെ മറികടക്കുന്നത്.

click me!