ഇന്ത്യൻ വിപണിയിൽ ബില്യൺ ഡോളർ ബ്രാൻഡായി സ്പ്രൈറ്റ്

By Web TeamFirst Published Oct 26, 2022, 1:47 PM IST
Highlights

ചെറുനാരങ്ങയുടെ രുചിയിൽ വിപണിയിലേക്കെത്തിയ സ്‌പ്രൈറ്റിന് ആവശ്യക്കാർ കൂടുതലാണ്. മൂന്നാം പാദത്തിലെ കണക്കുകൾ പുറത്തു വിട്ട കൊക്കക്കോള കമ്പനി സ്പ്രൈറ്റിന്റെ ശക്തമായ വളർച്ച അടയാളപ്പെടുത്തി 

മുംബൈ:  ശീതള പാനീയമായ സ്പ്രൈറ്റ് ഇന്ത്യൻ വിപണിയിൽ ബില്യൺ ഡോളർ ബ്രാൻഡായി ഉയർന്നു. നാരങ്ങയുടെ രുചിയിലുള്ള  ശീതളപാനീയമായ സ്പ്രൈത്തിന്റെ വളർച്ച മാതൃസ്ഥാപനമായ കൊക്കകോളയാണ് പുറത്ത് വിട്ടത്. 2022 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകൾ ക്ജമ്പനി പുറത്തുവിട്ടു. കൊക്കകോളയുടെ അറ്റാദായം വർദ്ധിക്കാൻ സ്പ്രൈറ്റും ഫ്രൂട്ട് ഡ്രിങ്ക് ബ്രാൻഡായ മാസയും സഹായിച്ചു

ഇന്ത്യൻ വിപണിയിലെ കമ്പനിയുടെ വളർച്ചയെ അതിവേഗമായിരുന്നു എന്നും ഉത്പാദനവും വിതരണവും വിപണിയിലെ സാധ്യതകളെ അടിസ്ഥാനമാക്കി ഫലപ്രദമായി നടത്തിയതിനാൽ കമ്പനിക്ക് ശക്തമായ വളർച്ച കൈവരിക്കാനായി എന്ന് കൊക്ക കോള കമ്പനി ചെയർമാനും സിഇഒയുമായ ജെയിംസ് ക്വിൻസി പറഞ്ഞു. തിരിച്ചു നൽകേണ്ട ഗ്ലാസ് ബോട്ടിലുകളുടെയും, ഒറ്റ തവണ ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകളുടെയും വിതരണം ഉയർന്നുവെന്നും  ഇന്ത്യയിൽ 2.5 ബില്യൺ ഇടപാടുകൾ നടത്തിയതായും ജെയിംസ് ക്വിൻസി പറഞ്ഞു.

ആഗോളതലത്തിൽ കൊക്കകോളയുടെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ.
ഈ വർഷം ജനുവരിയിൽ കൊക്കകോള തങ്ങളുടെ ഇന്ത്യൻ ശീതളപാനീയ ബ്രാൻഡായ തംസ് അപ്പ് 2021 ൽ ബില്യൺ ഡോളർ ബ്രാൻഡായി മാറിയെന്ന് പറഞ്ഞിരുന്നു. 2022 സെപ്‌റ്റംബർ 30-ന് അവസാനിച്ച മൂന്നാം പാദത്തിൽ കമ്പനിയുടെ യൂണിറ്റ് കേസിന്റെ അളവ് 4 ശതമാനം വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ പാദത്തിൽ കൊക്കകോള കമ്പനിയുടെ അറ്റവരുമാനം 10 ശതമാനം വർധിച്ച് 11.1 ബില്യൺ ഡോളറും ഓർഗാനിക് വരുമാനം 16 ശതമാനവും വളർന്നു.

യൂറോപ്പ്, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ വികസിത വിപണികളിലെ വളർച്ചയും ഇന്ത്യ, ചൈന, ബ്രസീൽ എന്നീ വികസ്വര വിപണികളിലെ വളർച്ചയും കമ്പനിയുടെ വരുമാന വളർച്ചയ്ക്ക് ആക്കം കൂട്ടി. ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യാ പസഫിക് വിപണിയിൽ കൊക്കകോളയുടെ യൂണിറ്റ് കെയ്സ് വോളിയം 9 ശതമാനം വർദ്ധിച്ചു. യൂണിറ്റ് കേസ് വോളിയം എന്നാൽ  നേരിട്ടോ അല്ലാതെയോ ഉപഭോക്താക്കൾക്ക് വിൽക്കുന്ന കമ്പനിയുടെ പാനീയങ്ങളുടെ യൂണിറ്റ് കെയ്‌സുകളുടെ എണ്ണമാണ്. 


 

click me!