
ഓഹരി വിപണിയില്‍ മറ്റൊരു വമ്പന്‍ ഐപിഒയ്ക്ക് കൂടി കളമൊരുങ്ങുന്നു. പ്രമുഖ പാനീയ കമ്പനിയായ കൊക്കക്കോളയുടെ ഇന്ത്യന്‍ നിര്‍മ്മാണ-വിതരണ വിഭാഗമായ ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് പ്രാഥമിക ഓഹരി വില്‍പന പ്രഖ്യാപിച്ചു. ഏകദേശം 9,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒ നടപടികള്‍ക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, സിറ്റി ബാങ്ക് തുടങ്ങിയ പ്രമുഖ നിക്ഷേപ ബാങ്കുകളെ കൊക്കക്കോള ചുമതലപ്പെടുത്തിയതായാണ് വിവരം. കമ്പനിയുടെ ആകെ മൂല്യം ഏകദേശം ഏകദേശം 90,000 കോടിയിലധികം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഈ വര്‍ഷം തന്നെ ഐപിഒ നടത്താനാണ് പദ്ധതിയെങ്കിലും, കഴിഞ്ഞ വര്‍ഷത്തെ പോലെ അപ്രതീക്ഷിത മഴ പാനീയ വിപണിയെ ബാധിച്ചാല്‍ മാത്രം ലിസ്റ്റിംഗ് അടുത്ത വര്‍ഷത്തേക്ക് നീട്ടിയേക്കാം.
വമ്പന്മാരുടെ വഴിയില്‍ കൊക്കക്കോള
അടുത്ത കാലത്തായി ഇന്ത്യന്‍ വിപണിയില്‍ നടന്ന വമ്പന്‍ ഐപിഒകളുടെ ചുവടുപിടിച്ചാണ് കൊക്കക്കോളയുടെയും നീക്കം. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോഴ്സ് (27,000 കോടി രൂപ), എല്‍ജി ഇലക്ട്രോണിക്‌സ് എന്നിവര്‍ ഇന്ത്യയില്‍ തങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ഇന്ത്യയിലെ 60,000 കോടി രൂപയുടെ ശീതളപാനീയ വിപണിയില്‍ ഒന്നാമതാണ് കൊക്കക്കോള. തംസ് അപ്പ് , സ്‌പ്രൈറ്റ് ,മാസ , കിന്‍ലി , ദസാനി, ജോര്‍ജിയ തുടങ്ങിയ ബ്രാന്റുകള്‍ കൊക്കകോളയുടേതാണ്.
എന്തുകൊണ്ട് ഐപിഒ?
ബ്രാന്‍ഡ് വളര്‍ത്തുന്നതിലും വിപണനതന്ത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ആഗോള നയത്തിന്റെ ഭാഗമായാണ് കൊക്കക്കോള ഓഹരികള്‍ വിറ്റഴിക്കുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ ജുബിലന്റ് ഭാര്‍ട്ടിയ ഗ്രൂപ്പിന് കമ്പനിയുടെ 40% ഓഹരികള്‍ വിറ്റിരുന്നു. ഡൊമിനോസ് പിസ, ഡങ്കിന്‍ ഡോനട്ട്‌സ് തുടങ്ങിയവ നടത്തുന്ന ജുബിലന്റുമായുള്ള ഈ പങ്കാളിത്തം ഭക്ഷണ-പാനീയ വിപണിയില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് കമ്പനി കരുതുന്നത്.
വെല്ലുവിളികളും പ്രതീക്ഷയും
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ പെയ്ത കനത്ത മഴ പാനീയ വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു. പാനീയ വില്‍പ്പനയുടെ പകുതിയോളം നടക്കുന്നത് വേനല്‍ക്കാല മാസങ്ങളിലാണ്. എന്നിരുന്നാലും, പുതിയ നേതൃത്വത്തിന് കീഴില്‍ കമ്പനി വലിയ മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. മൊണ്ടെലെസ് മുന്‍ എക്‌സിക്യൂട്ടീവ് ഹേമന്ത് രൂപാനിയാണ് ഇപ്പോള്‍ കമ്പനിയുടെ സിഇഒ.