അമേരിക്കന്‍ വിസ: പാകിസ്താനും ബംഗ്ലാദേശിനും പൂട്ടുവീണു; ഇന്ത്യയ്ക്ക് 'ഫുള്‍ പവര്‍'

Published : Jan 19, 2026, 02:00 PM IST
trump us visa ban 75 countries pakistan bangladesh india neighbours immigration

Synopsis

വിസാ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല. അമേരിക്കയില്‍ സ്ഥിരതാമസത്തിന് സഹായിക്കുന്ന 'ഗ്രീന്‍ കാര്‍ഡ്' ഉള്‍പ്പെടെയുള്ള വിസകള്‍ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരെ ഈ തീരുമാനം ബാധിക്കില്ല.

 

വിദേശികള്‍ക്ക് കുടിയേറ്റ വിസ നല്‍കുന്നതില്‍ വന്‍ നിയന്ത്രണങ്ങളുമായി അമേരിക്ക. 'അമേരിക്ക ഫസ്റ്റ്' നയത്തിന്റെ ഭാഗമായി പാകിസ്താന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെ 75 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നത് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു. എന്നാല്‍, വിസാ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല. അമേരിക്കയില്‍ സ്ഥിരതാമസത്തിന് സഹായിക്കുന്ന 'ഗ്രീന്‍ കാര്‍ഡ്' ഉള്‍പ്പെടെയുള്ള വിസകള്‍ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരെ ഈ തീരുമാനം ബാധിക്കില്ല.

എന്താണ് പുതിയ നിയന്ത്രണം?

ജനുവരി 21 മുതല്‍ പുതിയ നിയന്ത്രണം നിലവില്‍ വരും. അമേരിക്കന്‍ ഭരണകൂടത്തിന്റെ അവലോകനം പൂര്‍ത്തിയാകുന്നത് വരെ ഈ 75 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുടിയേറ്റ വിസ അനുവദിക്കില്ല. തട്ടിപ്പുകള്‍ക്ക് സാധ്യതയുള്ള രാജ്യങ്ങളെയും, അമേരിക്കയില്‍ എത്തിയ ശേഷം അവിടുത്തെ സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയാകാന്‍ സാധ്യതയുള്ളവരെയുമാണ് ഈ വിലക്ക് ലക്ഷ്യം വെക്കുന്നത്. തിരിച്ചറിയല്‍ രേഖകളിലെ കൃത്യതയില്ലായ്മയും വിവരങ്ങള്‍ കൈമാറുന്നതിലെ വീഴ്ചയും ഈ രാജ്യങ്ങള്‍ക്ക് തിരിച്ചടിയായി.

അയല്‍ക്കാര്‍ക്ക് വന്‍ തിരിച്ചടി; ഇന്ത്യ 'സുരക്ഷിതം'

പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ ഇന്ത്യയെ ഒഴിവാക്കിയത് വലിയ നയതന്ത്ര വിജയമായാണ് കണക്കാക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമാണ് പാകിസ്താനെയും അമേരിക്ക ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്റെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേല്‍പ്പിച്ചു. നേരത്തെ സൊമാലിയയില്‍ നിന്നുള്ളവര്‍ അമേരിക്കയിലെ നികുതിപ്പണം ഉപയോഗിച്ചുള്ള ആനുകൂല്യങ്ങളില്‍ വലിയ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. സമാനമായ രീതിയില്‍ ഉയര്‍ന്ന റിസ്‌ക് ഉള്ള രാജ്യങ്ങളെയാണ് ഇപ്പോള്‍ അമേരിക്ക മാറ്റിനിര്‍ത്തിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് നേട്ടമാകുന്നതെങ്ങനെ?

ട്രംപ് ഭരണകൂടത്തിന്റെ കണ്ണില്‍ ഇന്ത്യ ഒരു 'വിശ്വസ്ത പങ്കാളി' ആണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. ഇത് താഴെ പറയുന്ന മേഖലകളില്‍ ഇന്ത്യക്കാര്‍ക്ക് ഗുണകരമാകും:

ഐടി, ആരോഗ്യ മേഖലകള്‍: അമേരിക്കയിലെ ആരോഗ്യ, സാങ്കേതിക മേഖലകളില്‍ ജോലി തേടുന്ന വിദഗ്ധര്‍ക്ക് വിസ നടപടികള്‍ ഇനി എളുപ്പമാകും.

ഉന്നത വിദ്യാഭ്യാസം: അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ആത്മവിശ്വാസം നല്‍കും.

സാങ്കേതിക പങ്കാളിത്തം: ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക സഹകരണം കൂടുതല്‍ ശക്തമാകും.

പുതിയ നിബന്ധനകള്‍ കടുപ്പമേറിയതാകും

വിലക്കില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്കും ഇനി കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. അപേക്ഷകരുടെ പ്രായം, ആരോഗ്യം, ഇംഗ്ലീഷ് ഭാഷയിലുള്ള നൈപുണ്യം, സാമ്പത്തിക ഭദ്രത എന്നിവ കടുപ്പമേറിയ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ കോണ്‍സുലര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ ജനതയുടെ ഔദാര്യം ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗ്ഗറ്റ് വ്യക്തമാക്കി. നിലവില്‍ വിസയുള്ളവരെ ഈ തീരുമാനം ബാധിക്കില്ല. അടുത്ത ചൊവ്വാഴ്ച മുതല്‍ പുതിയ അപേക്ഷകര്‍ക്കുള്ള അപ്പോയിന്റ്മെന്റുകള്‍ മാത്രമാണ് നിര്‍ത്തിവെക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

18 വയസ്സായി; സ്വന്തമായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വേണോ? രക്ഷിതാക്കളുടെ പോളിസിയില്‍ എത്രത്തോളം സുരക്ഷിതരാണ്?
എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഫെബ്രുവരി 15 മുതല്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്