ആറ് മാസത്തിനിടെ കോളിൻ ഹുവാങിന്റെ ആസ്തിയിൽ 1.86 ലക്ഷം കോടിയുടെ വർധന, പിന്നാലെ രാജി

By Web TeamFirst Published Jul 4, 2020, 11:40 PM IST
Highlights

കമ്പനിയിൽ 43.3 ശതമാനം ഓഹരികൾ കൈവശം വച്ചിരുന്ന ഹുവാങ് ഇത് 29.4 ശതമാനമായി വെട്ടിക്കുറച്ചു. ജൂൺ 30 ലെ റെഗുലേറ്ററി ഫയലിങ് കണക്ക് പ്രകാരം ഇദ്ദേഹത്തിന്റെ ആസ്തി 30 ബില്യൺ ഡോളറാണ്.

ബീജിങ്: ആറ് മാസത്തിനിടെ 25 ബില്യൺ ഡോളറാണ് കോളിൻ ഹുവാങിന്റെ ആസ്തിയിൽ വർധനവുണ്ടായത്. ലോകത്തെ ശതകോടീശ്വരന്മാരിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്തരത്തിൽ വൻ മുന്നേറ്റം നേടിയ അധികം പേരില്ല. 

ഹുവാങ് 2015 ൽ ആരംഭിച്ച പിൻഡുവോഡുവോ ഇൻകോർപ്പറേറ്റഡ് എന്ന ഷോപ്പിങ് ആപ്പ് കൊവിഡ് കാലത്ത് ചൈനയിൽ വൻ മുന്നേറ്റമുണ്ടാക്കി. രാജ്യത്തെ മൂന്നാമത്തെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായി അത് മാറി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 100 ബില്യൺ ഡോളറിലേറെയായി. കൊവിഡ് കാലത്ത് സാമ്പത്തിക രംഗം ചലനമറ്റ നിലയിലായപ്പോഴാണ് ഹുവാങ്ങിന്റെ തലവര ശരിക്കും തെളിഞ്ഞച്. ഇയാളുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലേക്ക് വരുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ 68 ശതമാനം വർധനവുണ്ടായി. വരുമാനം 44 ശതമാനം ഉയർന്നു.

എന്നാൽ വൻ നേട്ടമുണ്ടാക്കിയതിന് പിന്നാലെ ഹുവാങ് സിഇഒ സ്ഥാനമൊഴിഞ്ഞു. കമ്പനിയിൽ 43.3 ശതമാനം ഓഹരികൾ കൈവശം വച്ചിരുന്ന ഹുവാങ് ഇത് 29.4 ശതമാനമായി വെട്ടിക്കുറച്ചു. ജൂൺ 30 ലെ റെഗുലേറ്ററി ഫയലിങ് കണക്ക് പ്രകാരം ഇദ്ദേഹത്തിന്റെ ആസ്തി 30 ബില്യൺ ഡോളറാണ്.

ഒരു ഘട്ടത്തിൽ ഹുവാങിന്റെ ആസ്തി 45 ബില്യൺ ഡോളറായിരുന്നു. അന്ന് ടെൻസെന്റ് ഹോൾഡിങ്സ് ലിമിറ്റഡ് ഉടമ പോണി മായും അലിബാബ ഗ്രൂപ് ഹോൾഡിങ് ഉടമ ജാക് മായും മാത്രമായിരുന്നു സമ്പന്നരുടെ പട്ടികയിൽ ഹുവാങിന് മുന്നിലുണ്ടായിരുന്നത്. 

click me!