ഭാവി കോണ്ടം കമ്പനികൾക്ക് അനുകൂലം, രോഗഭീതി മൂലം ഉപഭോഗം ഉയരും; വിപണി വളരുമെന്ന് റിപ്പോർട്ട്

By Web TeamFirst Published Sep 27, 2021, 6:34 PM IST
Highlights

ലൈംഗിക രോഗങ്ങളെ കുറിച്ച് ജനങ്ങൾ കൂടുതൽ ബോധവാന്മാരാകുന്നത് വിപണിയുടെ വളർച്ച സാധ്യമാക്കുമെന്ന്  ഫോർച്യൂൺ ബിസിനസ് ഇൻസൈറ്റ്സിന്റെ കോണ്ടം മാർക്കറ്റ് 2021 -2028 എന്ന റിപ്പോർട്ടിൽ പറയുന്നു

പുണെ: ആഗോള തലത്തിൽ കോണ്ടം വിപണി അടുത്ത അഞ്ച് വർഷം കൊണ്ട് വൻ വളർച്ച നേടുമെന്ന് റിപ്പോർട്ട്. 2028 ഓടെ 10.97 ബില്യൺ യുഎസ് ഡോളർ വലിപ്പമുള്ള ബിസിനസായി ഇത് മാറും. അടുത്ത ഏഴ് വർഷങ്ങളിൽ ശരാശരി 9.4 ശതമാനം വളർച്ച വിപണിയിലുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ലൈംഗിക രോഗങ്ങൾ, ഹെപറ്റൈറ്റിസ് ബി, സിഫിലിസ്, ട്രൈകോമോണിയാസിസ് തുടങ്ങി ലൈംഗിക രോഗങ്ങളെ കുറിച്ച് ജനങ്ങൾ കൂടുതൽ ബോധവാന്മാരാകുന്നത് വിപണിയുടെ വളർച്ച സാധ്യമാക്കുമെന്ന്  ഫോർച്യൂൺ ബിസിനസ് ഇൻസൈറ്റ്സിന്റെ കോണ്ടം മാർക്കറ്റ് 2021 -2028 എന്ന റിപ്പോർട്ടിൽ പറയുന്നു.

2020 ൽ 5.31 ബില്യൺ യുഎസ് ഡോളറായിരുന്നു കോണ്ടം വിപണിയുടെ വലിപ്പം. എന്നാൽ മഹാമാരിയുടെ വരവ് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ തെറ്റിച്ചു. പല രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കോണ്ടം അടക്കമുള്ള ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിതരണവും തടസപ്പെട്ടിരുന്നു.

സ്ത്രീകളുടെ കോണ്ടത്തേക്കാൾ പുരുഷന്മാരുടെ കോണ്ടം വിൽപ്പന വലിയ തോതിൽ ഉയരും. ലാറ്റെക്സ് സെഗ്മെന്റ് ഇതര സെഗ്മെന്റുകളേക്കാൾ നേട്ടമുണ്ടാക്കും. കൂടുതൽ വിൽപ്പന നടക്കുക റീടെയ്ൽ മരുന്ന് കടകൾ വഴിയായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

കൊവിഡ് മഹാമാരിയുടെ പിടി അയയുന്നതോടെ വിപണിയിൽ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ കോണ്ടം കമ്പനികൾക്ക് സാധിക്കും. ഇപ്പോഴത്തെ നിലയിൽ ഇന്ത്യയിൽ നിന്നുള്ള കുപിഡ് ലിമിറ്റഡ്, യുകെയിലെ റെക്കിറ്റ് ബെൻകിസർ, ഓസ്ട്രേലിയയിൽ നിന്നുള്ള ലൈഫ്സ്റ്റൈൽ ഹെൽത്ത്കെയർ, കാറെക്സ് ബെർഹാദ് തുടങ്ങിയ വിവിധ കമ്പനികൾക്ക് ആഗോള തലത്തിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ഭാവിയിൽ സാധിക്കുമെന്ന് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.

click me!