'പത്ത് ലക്ഷം യുവാക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍'; വമ്പന്‍ പ്രഖ്യാപനവുമായി പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍

By Web TeamFirst Published Feb 29, 2020, 12:29 PM IST
Highlights

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ല്‍ നിന്ന് 58 ആക്കി

ഛണ്ഡീഗഡ്: യുവാക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ അടക്കം വമ്പന്‍ പ്രഖ്യാപനങ്ങളുമായി പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ വാര്‍ഷിക ബജറ്റ്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ല്‍ നിന്ന് 58 ആക്കിയതോടെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭിക്കുമെന്നാണ് പ്രഖ്യാപനം.

സംസ്ഥാന ധനകാര്യ മന്ത്രി മന്‍പ്രീത് സിങ് ബാദലാണ് 1,54,805 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചത്. മുനിസിപ്പാലിറ്റി പരിധികളില്‍ പുതിയ വ്യവസായം തുടങ്ങുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ഭൂമി ഉപയോഗ ഫീസ് നല്‍കേണ്ട. യുവാക്കള്‍ക്കായി ആവിഷ്‌കരിച്ച സ്മാര്‍ട്ട്‌ഫോണ്‍ പദ്ധതിക്കായി 100 കോടി രൂപയാണ് നീക്കിവച്ചത്. പത്ത് ലക്ഷം പേര്‍ക്കാണ് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുക. ചൈനയില്‍ കൊറോണ ബാധിച്ച പശ്ചാത്തലത്തിലാണ് പദ്ധതി വൈകുന്നതെന്നും ബാദല്‍ വിശദീകരിച്ചു. 2020 ഏപ്രിലോടെ സ്മാര്‍ട്ട്‌ഫോണുകള്‍ വിതരണം ചെയ്യുമെന്നും ബാദല്‍ പ്രഖ്യാപിച്ചു.

പെന്‍ഷന്‍ പ്രായം കുറച്ചതോടെ, വിരമിക്കുന്ന ജീവനക്കാരുടെ മൂന്നോ നാലോ മടങ്ങ് യുവാക്കള്‍ക്ക് ജോലി കിട്ടുമെന്നാണ് വാഗ്ദാനം. രണ്ട് ഘട്ടമായാണ് വിരമിക്കല്‍ പ്രായം കുറയ്ക്കുക. 59 വയസായവര്‍ ഈ വര്‍ഷം മാര്‍ച്ച് 31 ന് വിരമിക്കണം. 58 തികഞ്ഞവര്‍ സെപ്തംബര്‍ 30 ന് വിരമിക്കണമെന്നും ബാദല്‍ പറഞ്ഞു.

സ്‌കൂള്‍ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും മെച്ചപ്പെടുത്താന്‍ 12488 കോടിയാണ് നീക്കിവച്ചത്. 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ്ണ സസജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം ക്ലാസ് വരെയാണ് നിലവില്‍ സൗജന്യ വിദ്യാഭ്യാസം. പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രക്ക് 10 കോടി അനുവദിച്ചു.

click me!