
മുംബൈ: ഐഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് താടി വളർത്തുന്ന ഓയിൽ ഡെലിവർ ചെയ്ത സംഭവത്തിൽ ഫ്ലിപ്കാർട്ടിനും വിൽപ്പനക്കാർക്കും കനത്ത പിഴ വിധിച്ച് ഉപഭോക്തൃ കോടതി. ഫോണിന്റെ തുകയായ 1.11 ലക്ഷം രൂപ പലിശ സഹിതം തിരികെ നൽകാനും, ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് 70,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാനുമാണ് മുംബൈ സബർബൻ അഡീഷണൽ ഡിസ്ട്രിക്റ്റ് കൺസ്യൂമർ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. ഉപഭോക്താവ് നൽകിയ പരാതികൾ പരിഹരിക്കാതെ ക്യാൻസൽ ചെയ്യുന്നത് അനുചിതമായ വ്യാപാര രീതി (Unfair Trade Practice) ആണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
മുംബൈ പവായ് സ്വദേശിയായ ഉപഭോക്താവ് 2023 ഏപ്രിൽ 22-ന് ഫ്ലിപ്കാർട്ട് വഴി 1,11,793 രൂപ വിലമതിക്കുന്ന ആപ്പിൾ ഐഫോൺ 14 പ്രോ (128 GB) ഓർഡർ ചെയ്തു. നോ-കോസ്റ്റ് ഇ.എം.ഐ വഴിയായിരുന്നു പണമടച്ചത്. ഫോണിനൊപ്പം ഓർഡർ ചെയ്ത ചാർജറും കവറും കൃത്യമായി ലഭിച്ചെങ്കിലും, പ്രധാന പാക്കറ്റിൽ ഫോണിന് പകരം താടി വളർത്തുന്ന ഓയിലും പാക്കിംഗ് സാമഗ്രികളുമാണ് ഉണ്ടായിരുന്നത്. പിന്നീട് പരാതിക്കാരൻ ഏപ്രിൽ, മേയ് മാസങ്ങളിൽ ഫ്ലിപ്കാർട്ട് കസ്റ്റമർ കെയറിനെ സമീപിച്ച് ആവശ്യമായ രേഖകൾ സമർപ്പിച്ചെങ്കിലും കമ്പനി വിഷയം പരിഹരിച്ചില്ല. പകരം, പണമോ ഉൽപ്പന്നമോ തിരികെ നൽകാതെ പരാതി "പരിഹരിച്ചു" (Resolved) എന്ന് രേഖപ്പെടുത്തി കംപ്ലയിന്റ് അവസാനിപ്പിക്കുകയായിരുന്നു.
1,11,793 ഫോണിന്റെ യഥാർത്ഥ തുക (2023 ഏപ്രിൽ 22 മുതൽ 9% പലിശ സഹിതം)
₹50,000 മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം
₹20,000 കോടതിച്ചെലവ് (Litigation cost)
ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി പണം നൽകി സാധനം വാങ്ങുമ്പോൾ ഉപഭോക്താവിന് ശരിയായ ഉൽപ്പന്നം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പരാതികൾക്ക് കൃത്യമായ പരിഹാരം കാണാനും ഫ്ലിപ്കാർട്ടിന് ഉത്തരവാദിത്തമുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. സാധനം വിറ്റഴിച്ച ശേഷം ഒരു ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിന് അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പിന്മാറാൻ കഴിയില്ല. താൻ ഓർഡർ സാധനമല്ല ലഭിച്ചതെന്ന് ഉപഭോക്താവ് ഉടൻ അറിയിച്ചിട്ടും അന്വേഷണം നടത്താനോ, സാധനം തിരികെ എടുക്കാനോ, പണം തിരികെ നൽകാനോ തയ്യാറാകാതിരുന്നത് സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്നും ഉപഭോക്തൃ കമ്മീഷൻ അറിയിച്ചു. സെല്ലർ ആയ 'ഇൻ്റർനാഷണൽ വാല്യൂ റീട്ടെയ്ൽ പ്രൈവറ്റ് ലിമിറ്റഡും' ഫ്ലിപ്കാർട്ടും കൂട്ടായി ഈ നഷ്ടം നികത്തണമെന്ന് കോടതി ഉത്തരവിട്ടു.
കേസിൽ കക്ഷിയാക്കപ്പെട്ടിരുന്ന ആപ്പിൾ ഇന്ത്യയ്ക്കെതിരെയുള്ള പരാതി കോടതി തള്ളി. റീസെല്ലർമാർ വഴിയാണ് തങ്ങൾ ഫോണുകൾ വിൽക്കുന്നതെന്നും, പാക്കിംഗിലോ ഡെലിവറിയിലോ തങ്ങൾക്ക് നേരിട്ട് പങ്കില്ലെന്നുമുള്ള ആപ്പിളിന്റെ വാദം അംഗീകരിച്ചാണ് കോടതി ഈ നടപടി സ്വീകരിച്ചത്.