സ്വർണാഭരണ മേഖലയിൽ തർക്കം; വില കുറച്ച് പ്രതിഷേധിച്ച് വൻകിട ജ്വല്ലറികൾ

By Aavani P KFirst Published Jul 22, 2022, 7:24 PM IST
Highlights

പരസ്യങ്ങളും ബോർഡുകളും മാറ്റണമെന്ന നിർദേശം പാലിക്കാതെ ചില ജൂവലറികൾ, വില കുറച്ച് പ്രതിഷേധിച്ച് മറ്റു ജൂവലറിക്കാർ. സ്വർണഭരണ വ്യാപാര വിപണി പ്രതിസന്ധിയിലേക്ക്  
 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണാഭരണ വ്യാപാര മേഖലയിൽ (Gold trade sector) വീണ്ടും തർക്കം. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) തീരുമാനിച്ച വിലയിൽ വിപണനം നടത്താതെ വൻകിട ജ്വല്ലറികളിൽ ചിലത് വില കുറച്ചു വിൽക്കുകയാണ്. എകെജിഎസ്എംഎ തീരുമാനിക്കുന്ന സ്വർണവിലയെക്കാൾ 10 രൂപ കുറച്ചാണ് ഈ വൻകിട ജ്വല്ലറികൾ വ്യാപാരം നടത്തുന്നത്. 

ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ മെയ് 23 ന് ചേർന്ന യോഗത്തിൽ സ്വർണ വ്യാപാര മേഖലയിലെ കിടമത്സരങ്ങൾ ഒഴിവാക്കാനും ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഓഫറുകൾ നൽകുന്ന എല്ലാ പരസ്യങ്ങളും ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. യോഗത്തിൽ കേരളത്തിലെ വൻകിട ജുവലറി പ്രതിനിധികളും, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വൻകിട ജുവലറി പ്രതിനിധികളും പങ്കെടുത്തിരുന്നു. എന്നാൽ  തീരുമാനങ്ങൾ നടപ്പാക്കാൻ ചില വൻകിട, ഇടത്തരം സ്വർണ വ്യാപാരികൾ തയ്യാറാകാത്തത് പ്രതിസന്ധികൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ കാരണം ആരോപിച്ച് മറ്റു ജുവലറികൾ അസോസിയേഷൻ തീരുമാനിക്കുന്ന വിലയേക്കാൾ 10 രൂപ കുറച്ച് പ്രതിഷേധിക്കുകയാണ് എന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

Read Also: വിമാന യാത്രക്കാർക്ക് സന്തോഷവാർത്ത! കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ നൽകുന്നതിന് അധിക നിരക്ക് ഈടാക്കില്ല

സ്വർണാഭരണ വ്യാപാര മേഖലയിലെ മത്സരങ്ങൾ ഇല്ലാതാക്കാനും ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഓഫറുകൾ നൽകുന്ന എല്ലാ പരസ്യങ്ങൾ ഒഴിവാക്കാനും തീരുമാനിച്ചതിനെ തുടർന്ന് ഇത് സംബന്ധിച്ച ടെലിവിഷൻ, പത്ര മാധ്യമങ്ങളിലെയും സാമൂഹ്യ മാധ്യമങ്ങളിലെയും പരസ്യങ്ങളും ബോർഡുകളും പിൻവലിക്കണമെന്ന ധാരണയിൽ എത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഏകീകൃത വില എന്ന നിലയിലേക്ക് എത്തിയിരുന്നു.  ധാരണയുടെ അടിസ്ഥാനത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ ചില വൻകിട, ഇടത്തരം സ്വർണ വ്യാപാരികൾ തയ്യാറാകാത്തതാണ് വില കുറിച്ചുള്ള പ്രതിഷേധത്തിലേക്ക് വഴിവെച്ചിരിക്കുന്നത്. പരസ്യങ്ങൾ പിൻവലിക്കാതെ വ്യാപാരം നടത്തുന്നത് മറ്റു ജൂവലറികളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്നാണ് പ്രതിഷേധം. 

Read Also: ഉള്ളി വില കൂടില്ല; അടുത്ത മാസം മുതൽ 'ബഫർ സ്റ്റോക്ക്' വിപണിയിലേക്ക്

വൻകിട ജുവലറികളും അസോസിയേഷനും തമ്മിലുണ്ടായ ധാരണ നടപ്പിൽ വരാത്തതിൽ പ്രതിഷേധിച്ച് അസോസിയേഷൻ ദിവസേന പ്രഖ്യാപിക്കുന്ന വിലയേക്കാൾ 10 രൂപ കുറച്ചിട്ടാണ് നിലവിൽ കേരളത്തിലെ ചില വൻകിട ജൂവലറി ഗ്രൂപ്പുകൾ വിൽപന നടത്തുന്നത്. ഇത് മൊത്തത്തിലുള്ള സ്വർണാഭരണ വിപണിയെ അസ്വസ്ഥമാക്കുകയാണെന്നും അബ്ദുൽ നാസർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. പണിക്കൂലിയെ മാത്രം ആശ്രയിച്ചു വ്യാപാരം ചെയ്യുന്ന വലിയ വിഭാഗം ചെറുകിട വ്യാപാരികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് ഇത്തരം നടപടികൾ എന്നും പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Read Also: 'ആകാശത്ത് പറക്കാന്‍ ആകാശ'; കൊച്ചിക്കും സർവീസ്, ജുൻജുൻവാലയുടെ ആകാശ എയർലൈൻ ബുക്കിങ്ങ് തുടങ്ങി

സ്വർണാഭരണ വ്യാപാര മേഖലയിൽ കഴിഞ്ഞ അൻപത് വർഷത്തിലധികമായി ദിവസേനയുള്ള സ്വർണ്ണവില നിശ്ചയിക്കുന്നത് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ്. ഓരോ ദിവസത്തെയും അന്താരാഷ്ട്ര വിലയും, ബാങ്ക് നിരക്കുകളും പരിഗണിച്ച് രൂപയുടെ വിനിമയ നിരക്ക് അടിസ്ഥാനത്തിലാണ് ദിവസേന സ്വർണ വില നിശ്ചയിക്കുന്നത്. എല്ലാ ദിവസവും എകെജിഎസ്എംഎ പ്രഖ്യാപിക്കുന്ന വിലയിലാണ് എല്ലാവരും വിൽപന നടത്തിയിരുന്നത്.

Read Also: ആദായ നികുതി റിട്ടേൺ: അവസാന തീയതി നീട്ടില്ല, റവന്യൂ സെക്രട്ടറി

click me!