കടബാധ്യതകള്‍ ഉടന്‍ തീര്‍ക്കാനാവില്ല; മുകേഷ് അംബാനിയുടെ പ്ലാനുകള്‍ തകിടംമറിച്ച് കൊവിഡ്

By Web TeamFirst Published Mar 29, 2020, 1:43 PM IST
Highlights

നിലവില്‍ ഒന്നര ലക്ഷം കോടിയുടെ ബാധ്യതയാണ് റിലയന്‍സ് ഇന്റസ്ട്രീസിനുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ ഇടപാടുകള്‍ പൂര്‍ത്തീകരിച്ച് റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിലെ സീറോ ബാധ്യതയിലെത്തിക്കാനായിരുന്നു നീക്കം.
 

മുംബൈ: റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിനെ കടബാധ്യതയില്ലാത്ത കമ്പനിയാക്കി മാറ്റാനുള്ള മുകേഷ് അംബാനിയുടെ ശ്രമങ്ങള്‍ക്ക് കൊവിഡ് ബാധ നല്‍കിയത് കനത്ത തിരിച്ചടി. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള  ക്രൂഡ് ഓയില്‍ വിലത്തര്‍ക്കവും ഇതിന് കാരണമായെന്നാണ് വിലയിരുത്തല്‍. 2021 മാര്‍ച്ച് മാസത്തിന് മുന്‍പ് കമ്പനിയെ ഈ വലിയ ലക്ഷ്യത്തിലെത്തിക്കാനായിരുന്നു അംബാനിയുടെ ശ്രമം.

നിലവില്‍ ഒന്നര ലക്ഷം കോടിയുടെ ബാധ്യതയാണ് റിലയന്‍സ് ഇന്റസ്ട്രീസിനുള്ളത്. ഇത് തീര്‍ക്കാന്‍ സൗദി അരാംകോയുമായി 1.1 ലക്ഷം കോടിയുടെയും ആംഗ്ലോ ഇറാനിയന്‍ ഓയില്‍ കമ്പനിയായ ബിപി പിഎല്‍സിയുമായി 7000 കോടിയുടെയും ഡീലാണ് ഉറപ്പിച്ചത്. ഇതിന് പുറമെ റിലയന്‍സ് ടവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ ഓഹരികള്‍ വില്‍ക്കാനും തീരുമാനിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഈ ഇടപാടുകള്‍ പൂര്‍ത്തീകരിച്ച് റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിലെ സീറോ ബാധ്യതയിലെത്തിക്കാനായിരുന്നു നീക്കം.

ആര്‍ഐഎല്‍ തങ്ങളുടെ സ്ഥാപനങ്ങളായ ജിയോ, റിലയന്‍സ് റീട്ടെയ്ല്‍ എന്നിവയില്‍ പത്ത് ശതമാനം ഓഹരി വില്‍പ്പനയ്ക്ക് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഫെയ്‌സ്ബുക്കിന് ജിയോയില്‍ പത്ത് ശതമാനം ഓഹരി വില്‍ക്കാനാണ് ശ്രമമെന്ന വാര്‍ത്തകളോട് മുകേഷ് അംബാനിയോ റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡോ പ്രതികരിച്ചിരുന്നില്ല. കമ്പനിയുടെ ചില ഭൂസ്വത്തുകളും വില്‍ക്കാന്‍ ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മുംബൈ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് അകത്ത് വാങ്ങിയ കെട്ടിടം വില്‍ക്കാന്‍ ആലോചിക്കുന്നെന്നായിരുന്നു വാര്‍ത്ത. ഇതിന് പുറമെ ചില സാമ്പത്തിക നിക്ഷേപങ്ങളും പിന്‍വലിക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ എല്ലാ പദ്ധതികള്‍ക്കും കൊറോണ വൈറസ് ബാധ വന്‍ തിരിച്ചടിയാണ് നല്‍കിയത്.

click me!