
പ്രവര്‍ത്തന മികവ്, ഭാവി സാധ്യതകള്‍, സാമ്പത്തിക ഭദ്രത, വിപണിയിലെ പൊതുസാഹചര്യം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ക്കൊപ്പം കമ്പനിയുടെ മാനേജ്‌മെന്റ് നിലപാടുകളും ഓഹരിയുടെ പ്രകടനത്തില്‍ വളരെ നിര്‍ണായകാണ്. മാനേജ്‌മെന്റിന്റെ നേതൃപാടവം, ഐക്യം, സുതാര്യതയൊക്കെ ഓഹരിയുടെ വിലയില്‍ നിര്‍ണാക സ്വാധീനം ചെലുത്തും. ഇത്തരത്തില്‍ കമ്പനിയുടെ ഭരണ നിര്‍വഹണത്തിലെ പിടിപ്പുകേടും പോരായ്മകളും കാരണം 2022-ല്‍ കനത്ത തിരിച്ചടി നേരിട്ട ഓഹരിയാണ് ബ്രൈറ്റ്‌കോം ഗ്രൂപ്പ് ലിമിറ്റഡ്.
2021 വര്‍ഷക്കാലയളവില്‍ ബ്രൈറ്റ്‌കോം ഗ്രൂപ്പ് ഓഹരികള്‍ 2,500 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിരുന്നു. എന്നാല്‍ കമ്പനിയുടെ ഭരണത്തിലും നിയന്ത്രണത്തിലും നേരിട്ട പ്രശ്‌നങ്ങള്‍ കാരണം ഈ ഡിജിറ്റല്‍/ ഓണ്‍ലൈന്‍ പരസ്യ സേവനദാതാവിന്റെ ഓഹരിയില്‍ 70 ശതമാനത്തിലധികം നഷ്ടമാണ് 2022-ല്‍ നേരിടുന്നത്. ഇതോടെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ബിഎസ്ഇ-500 സൂചികയിലെ ഏറ്റവും മോശം പ്രകടനം രേഖപ്പെടുത്തുന്ന ഓഹരിയെന്ന വിശേഷണവും ബ്രൈറ്റ്‌കോം ഗ്രൂപ്പിന് ചാര്‍ത്തിക്കിട്ടി. കമ്പനിയുടെ ചില ഇടപാടുകളും പ്രഖ്യാപനങ്ങളും നിക്ഷേപകര്‍ക്ക് 'ദോഷകരമാണെന്ന' നിരീക്ഷണം മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ 'സെബി'യുടെ (SEBI) ഭാഗത്തു നിന്നും ഉണ്ടായതിനു പിന്നാലെയാണ് ഓഹരിയുടെ വില കൂപ്പുകുത്തിയത്.
കഴിഞ്ഞ 52 ആഴ്ച കാലയളവിനിടെ ബ്രൈറ്റ്‌കോം ഗ്രൂപ്പ് ഓഹരിയുടെ ഉയര്‍ന്ന വില 118 രൂപയും താഴ്ന്ന വില 26.40 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നു രാവിലെ 29 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം. അതായത്, 2022 വര്‍ഷക്കാലയളവില്‍ ഓഹരിയുടെ വിപണി മൂല്യത്തില്‍ നിന്നും 12,900 കോടി രൂപയാണ് നഷ്ടപ്പെടുത്തിയതെന്ന് സാരം. ഈ നഷ്ടത്തിന്റെ ആഘാതം കൂടുതലേറ്റത് റീട്ടെയില്‍ നിക്ഷേപകര്‍ക്കാണ്. കാരണം ബ്രൈറ്റ്‌കോം ഗ്രൂപ്പിന്റെ ഓഹരി വിഹിതത്തില്‍ 67 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്.
കഴിഞ്ഞ വര്‍ഷമാണ് ബ്രൈറ്റ്‌കോം ഗ്രൂപ്പ് കമ്പനിയുടെ സാമ്പത്തിക വിഷയങ്ങളില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്താനായി, രാജ്യാന്തര സ്ഥാപനമായ 'ഡിലോയിറ്റ് റ്റൂഷ് തോമാറ്റ്‌സൂ' അഥവാ ഡിലോയിറ്റിന്റെ ഇന്ത്യയിലെ ഉപകമ്പനിയെ സെബി ചുമതലപ്പെടുത്തിയത്. അതേസമയം പ്രമുഖ നിക്ഷേപകനായ ശങ്കര്‍ ശര്‍മ, ഇക്കഴിഞ്ഞ ജൂലൈ- സെപ്റ്റംബര്‍ പാദകാലയളവിലും ബ്രൈറ്റ്‌കോം ഗ്രൂപ്പ് കമ്പനിയുടെ 2.5 കോടി ഓഹരികള്‍ (1.24% വിഹിതം) കൈവശം വെച്ചിട്ടുണ്ടെന്ന് ലഭ്യമായ രേഖകള്‍ വെളിവാക്കുന്നു.