
മുംബൈ: പുതുവത്സരാഘോഷത്തിനായി ഒരുങ്ങി ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ആഡംബര ഭവനം. ലോകത്തിലെ ഏറ്റവും വിലയേറിയ സ്വകാര്യ വസതിയാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ വീടായ ആന്റിലിയ. വിവിധ അലങ്കാരങ്ങളാണ് 2023 നെ വരവേൽക്കാനായി ആന്റിലിയയിൽ ഒരുക്കിയിരിക്കുന്നത്
ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യൻ വ്യവസായികളിൽ ഒരാളാണ് മുകേഷ് അംബാനി. ഓസ്‌ട്രേലിയൻ കൺസ്ട്രക്ഷൻ സ്ഥാപനമായ ലെയ്‌ടൺ ഹോൾഡിംഗ്‌സും ചിക്കാഗോ ആസ്ഥാനമായുള്ള ആർക്കിടെക്റ്റുകളായ പെർകിൻസും വിൽസും ചേർന്നാണ് മുകേഷ് അംബാനിയുടെ ആഡംബര ഭവനം ഒരുക്കിയിരിക്കുന്നത്. അംബാനിയും കുടുംബവും താമസിക്കുന്നത് ആന്റിലിയയിലാണ്. മുംബൈ നഗരത്തില്‍ കടലിനു അഭിമുഖമായി സ്ഥിതി ചെയ്യുന്ന വീടിന്റെ മൂല്യം ഏകദേശം 7445 കോടി രൂപയാണ്.
ലണ്ടനിലെ പ്രശസ്തമായ ബക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാൽ, സൗത്ത് മുംബൈയിലെ അൽതാമൗണ്ട് റോഡിൽ സ്ഥിതി ചെയ്യുന്ന ആന്റിലിയ ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വസ്തുവായി കണക്കാക്കപ്പെടുന്നു. 400,000 ചതുരശ്രയടി വിസ്തീർണത്തിൽ 27 നിലകളിലാണ് ആന്റിലിയ പണിതിരിക്കുന്നത്. മൂന്ന് ഹെലിപാഡുകൾ, 50 സീറ്റുകളുള്ള സിനിമാ തിയേറ്റർ, ആറ് നില പാർക്കിംഗ് സ്ഥലം, ഒരു വലിയ ക്ഷേത്രം, ഗസ്റ്റ് സ്യൂട്ട് റൂമുകള്‍, സലൂണ്‍, ജിം, ഐസ്ക്രീം പാര്‍ലര്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാംതന്നെ ഇവിടെയുണ്ട്.
എല്ലാ പ്രത്യേക അവസരത്തിനും പുതുവർഷ ആഘോഷങ്ങൾക്കു മുന്നോടിയായി ആന്റിലിയ ഒരുങ്ങാറുണ്ട്. ലൈറ്റുകൾ കൊണ്ടാണ് ഇത്തവണ ആന്റിലിയ അലങ്കരിച്ചിരിക്കുന്നത്. ആന്റിലിയയുടെ ആകർഷകമായ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അംബാനി കുടുംബം പങ്കിട്ടിട്ടുണ്ട്. രാത്രിയിൽ കെട്ടിടം പൂർണ്ണമായും ഡിസ്കോ ലൈറ്റുകളും ചില അതിമനോഹരമായ ലൈറ്റ് വർക്കുകളും കൊണ്ട് അലങ്കരിച്ചതിനാൽ പൂർണമായും പ്രകാശത്തിൽ കുളിച്ച് നിൽക്കുകയാണ് ആന്റിലിയ.
022 ഡിസംബർ 24 ന് അമേരിക്കയിൽ നിന്ന് മുംബൈയിലേക്ക് മുകേഷ് അംബാനിയുടെ മകൾ കുടുംബത്തോടൊപ്പം മടങ്ങിയെത്തിയിരുന്നു. ഇഷ അംബാനിയെയും ഇരട്ട കുട്ടികളായ കൃഷ്ണയെയും ആദിയയെയും വാൻ വരവേൽപ് നൽകിയാണ് അംബാനി കുടുംബം സ്വീകരിച്ചത്.