കൊവിഡ് പാക്കേജിൽ കൂടുതൽ പ്രഖ്യാപനങ്ങൾ; നിർമ്മല സീതാരാമന്‍റെ വാര്‍ത്താസമ്മേളനം വൈകീട്ട് 4 ന്

By Web TeamFirst Published May 14, 2020, 1:13 PM IST
Highlights

കടമെടുക്കുന്നതിനൊപ്പം നോട്ട് അച്ചടിയിലൂടെയും വിഭവം കണ്ടെത്താനാണ് സർക്കാർ നീക്കം. സാമ്പത്തിക പാക്കേജിൽ ഇന്ന് കാർഷിക, വ്യവസായിക മേഖലകൾക്കുള്ള പ്രഖ്യാപനങ്ങൾ വന്നേക്കും

ദില്ലി: കൊവിഡ് പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാര്‍ കൊണ്ടുവരുന്ന പ്രത്യേക പാക്കേജിലെ കൂടുതൽ പ്രഖ്യാപനങ്ങൾ ഇന്ന്. വൈകീട്ട് നാലിന് ധനമന്ത്രി നിര്‍മ്മലാ സീതാരാമൻ വീണ്ടും മാധ്യമങ്ങളെ കാണും. കടമെടുക്കുന്നതിനൊപ്പം നോട്ട് അച്ചടിയിലൂടെയും വിഭവം കണ്ടെത്താനാണ് സർക്കാർ നീക്കം. സാമ്പത്തിക പാക്കേജിൽ ഇന്ന് കാർഷിക, വ്യവസായിക മേഖലകൾക്കുള്ള പ്രഖ്യാപനങ്ങൾ വന്നേക്കും

നിർമ്മല സീതാരാമൻ ഇന്നലെ പ്രഖ്യാപിച്ച പാക്കേജിൽ കേന്ദ്രസർക്കാരിന്‍റെ ആകെഅധിക ചെലവ് 25,500 കോടി രൂപ മാത്രമാണ്. മുന്നു ലക്ഷം കോടി രൂപയുടെ വായ്പ ചെറുകിട ഇടത്തരം മേഖലയ്ക്ക് ലഭ്യമാക്കുന്ന് അടക്കമുള്ള നിർദ്ദേശങ്ങളാണ് ഇന്നലെ ധനമന്ത്രിയിൽ നിന്ന് വന്നത്. സർക്കാരിന് എത്ര ബാധ്യതയുണ്ടാവും എന്ന ചോദ്യത്തിന് ഉത്തരം നല്കിയിരുന്നില്ല. എന്നാൽ പണം ഇറക്കാതെ പണലഭ്യത ബാങ്കുകളുടെ സഹായത്തോടെ ഉറപ്പാക്കാനായിരുന്നു ഇന്നലത്തെ പ്രഖ്യാപനങ്ങളിലെ ശ്രമം. 

നഷ്ടത്തിലായചെറുകിട സ്ഥാപനങ്ങളെ സഹായിക്കാനുള്ള ഫണ്ടിൽ നാലായിരം കോടിയാവും സർക്കാർ
വിഹിതം. മൂലധനകുറവ് പരിഹരിക്കാനുള്ള 50,000 കോടിയിൽ സർക്കാർ ഫണ്ട് 10,000കോടി. ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങൾക്ക് വായ്പ ഗ്യാരണ്ടി 9000 കോടി. ഒപ്പം നൂറ് ജീവനക്കാർ വരെയുള്ള കമ്പനികളുടെ ഉടമകളുടെയും ജീവനക്കാരുടെയും പിഎഫ് വിഹിതം അടയ്ക്കുന്നത് വഴി 2500 കോടി ചെലവാകും.

സർക്കാർ പാക്കേജ് കണക്കിൻറെ കളിയെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചു തുടങ്ങി. താഴേതട്ടിൽ
നേരിട്ട് പണം എത്താനുള്ള പ്രഖ്യാപനങ്ങൾ വേണമെന്നും പ്രതിപക്ഷം വാദിക്കുന്നു. വരുമാനം ഇല്ലാത്തവരുടെ കൈയ്യിൽ പണം എത്തിക്കുകയാണ് വേണ്ടത്. 5000 രൂപ ഓരോരുത്തർക്കും നല്കാൻ 65000 കോടി മതിയാകുമെന്ന് പി ചിദംബരം അഭിപ്രായപ്പെട്ടു. 

12 ലക്ഷം കോടി വരെ കടമെടുത്താവും പണലഭ്യത ഉറപ്പാക്കുക എന്ന സൂചന നേരത്തെ പുറത്തു വന്നിരുന്നു. നോട്ട് അച്ചടിക്കാനായി സ്രോതസ്സ് വെളിപ്പെടുത്താത്ത സ്വർണ്ണം വാങ്ങും എന്ന റിപ്പോർട്ടുകളുമുണ്ട്.
 

 

click me!