കഴിഞ്ഞ പണനയ അവലോകന യോഗത്തിന് ശേഷം, രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 11 മാസത്തിലധികം ചരക്ക് ഇറക്കുമതിക്ക് പര്യാപ്തമാണെന്ന് ആർബിഐ പറഞ്ഞിരുന്നു
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 14.167 ബില്യൺ ഡോളർ ഉയർന്ന് 701.36 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ആഴ്ചയിൽ മൊത്തം കരുതൽ ശേഖരം 392 മില്യൺ ഡോളർ വർദ്ധിച്ച് 687.193 ബില്യൺ ഡോളറിലെത്തി. മാത്രമല്ല, ഈ ആഴ്ചയിൽ സ്വർണ്ണ ശേഖരത്തിന്റെ മൂല്യം 4.623 ബില്യൺ ഡോളർ ഉയർന്ന് 117.454 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു.
കഴിഞ്ഞ പണനയ അവലോകന യോഗത്തിന് ശേഷം, രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 11 മാസത്തിലധികം ചരക്ക് ഇറക്കുമതിക്ക് പര്യാപ്തമാണെന്ന് ആർബിഐ പറഞ്ഞിരുന്നു. ഐഎംഎഫിൽ ഇന്ത്യയുടെ കരുതൽ ധനം 73 മില്യൺ ഡോളർ കുറഞ്ഞ് 4.684 ബില്യൺ ഡോളറിലെത്തിയിട്ടുണഅടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആഗോളതലത്തിൽ ഉയർന്നുവരുന്ന അനിശ്ചിതത്വങ്ങളുടെയും നിക്ഷേപ ആവശ്യകതയുടെയും പശ്ചാത്തലത്തിൽ, സുരക്ഷിത നിക്ഷേപമായി കരുതപ്പെടുന്ന സ്വർണ്ണത്തിന്റെ വില കഴിഞ്ഞ മാസങ്ങളിൽ കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്.
2024 സെപ്റ്റംബറിൽ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിരക്കായ 704.89 ബില്യൺ ഡോളറിലെത്തിയിരുന്നു. 2025-ൽ ഇതുവരെ, ഫോറെക്സ് കിറ്റി ഏകദേശം 47-48 ബില്യൺ ഡോളർ വർദ്ധിച്ചതായി ആർബിഐ ഡാറ്റ സൂചിപ്പിക്കുന്നു.
വിദേശ വിനിമയ കരുതൽ ശേഖരം അഥവാ എഫ്എക്സ് കരുതൽ എന്നത് ഒരു രാജ്യത്തിന്റെ കേന്ദ്ര ബാങ്കോ മോണിറ്ററി അതോറിറ്റിയോ കൈവശം വച്ചിരിക്കുന്ന ആസ്തികളാണ്, പ്രധാനമായും യുഎസ് ഡോളർ പോലുള്ള കരുതൽ കറൻസികളിലാണ്, ചെറിയ ഭാഗങ്ങൾ യൂറോ, ജാപ്പനീസ് യെൻ, പൗണ്ട് സ്റ്റെർലിംഗ് എന്നിവയിലായിരിക്കും.
