
മുംബൈ: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി റിസര്‍വ്വ് ബാങ്ക്. രാജ്യത്തെ വളർച്ചാ നിരക്ക് ഇപ്പോൾ പ്രവചനാതീതമാണ്. എത്രകാലം ഈ സാഹചര്യം നീണ്ടുനിൽക്കും എന്നും വ്യക്തമല്ലെന്നും അതിനനുസരിച്ചുള്ള സാമ്പത്തിക സുരക്ഷാ നടപടികൾ വേണമെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ചു.
റിപ്പോ , റിവേഴ്സ് റിപ്പോ നിരക്കുകൾ കുറച്ചു. റിപ്പോ നിരക്ക് 0 .75 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 0.90 ശതമാനവുമാണ് കുറച്ചത്. ഭവന വാഹന വായ്പാ പലിശ നിരക്കുകൾ കുറയും. ബാങ്കുകളെ ശക്തിപ്പെടുത്തണമെന്നാണ് ആർബിഐ പ്രഖ്യാപനം.
അസാധാരണ സാഹചര്യത്തിലൂടെയാണ് സാമ്പത്തിക രംഗം കടന്ന് പോകുന്നത് എന്ന് വിലയിരുത്തിയാണ് സാമ്പത്തിക രക്ഷാ പേക്കേജുകൾ പ്രഖ്യാപിച്ചത്. വിപണിയിൽ നിശ്ചലാവസ്ഥയുണ്ട്. ബാങ്കുകളുടെ കൈകളിലേക്ക് കൂടുതൽ പണമെത്തിച്ച് ഇത് മറികടക്കാനാണ് ലക്ഷ്യമിടുന്നത്.
സിആര്‍ആര്‍ മൂന്ന് ശതമാനമായി കുറച്ചു. ആകെ 3,74,000 കോടി രൂപ വിപണിയിലേക്ക് ഇറക്കാനാണ് നടപടിയെടുക്കുന്നത്. വായ്പകൾക്കെല്ലാം മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. നിശ്ചിത കാലാവധിയിലുള്ള ലോണുകൾക്കാണ് ഇളവ് കിട്ടുകയെന്ന് റിസര്‍വ്ബാങ്ക്ഗവര്‍ണര്‍ വിശദീകരിച്ചു.
ബാങ്ക് ഗ്യാരൻറി ഉൾപ്പടെ വർക്കിംഗ് ക്യാപിറ്റൽ വായ്പകളുടെ പലിശയ്ക്കും മൊറൊട്ടോറിയം ബാധകമായിരിക്കും. രാജ്യത്തെ ബാങ്കുകൾ എല്ലാം സുരക്ഷിതമാണെന്നും ഗവര്‍ണര്‍ ശക്താകാന്ത ദാസ് പറഞ്ഞു. ഒരു പരിഭ്രാന്തിയും വേണ്ട. സ്വകാര്യമേഖല ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമായിരിക്കും .ഈ ഘട്ടം കടന്നു പോകും എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് ശക്തികാന്തദാസ് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക