Latest Videos

20 ലക്ഷം കോടിയുടെ പാക്കേജിൽ എന്തെല്ലാം? ധനമന്ത്രിയുടെ പ്രഖ്യാപനം വൈകിട്ട് 4 മണിക്ക്

By Web TeamFirst Published May 13, 2020, 7:13 AM IST
Highlights

രാജ്യത്തെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന പാക്കേജിനാണ് രൂപം നൽകിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിസംബോധനയിൽ വ്യക്തമാക്കുന്നു. വൈറസിനൊപ്പം ജീവിക്കേണ്ടിവരുമെന്നും ഇത് രാജ്യത്തെ ലക്ഷ്യങ്ങളിൽ നിന്ന് അകറ്റാൻ പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദില്ലി: കൊവിഡ് എന്ന പ്രതിസന്ധിയെ സ്വയംപര്യാപ്തത നേടാനുള്ള അവസരമായി ഉപയോഗിക്കണമെന്നാണ് ബുധനാഴ്ച രാത്രി എട്ട് മണിക്ക് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി നേരിടാൻ 20 ലക്ഷം കോടി രൂപയുടെ പാക്കേജും മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ ജിഡിപിയുടെ പത്ത് ശതമാനം വരുന്ന ആത്മനിർഭർ ഭാരത് അഭിയാൻ (സ്വയം പര്യാപ്ത ഇന്ത്യ പദ്ധതി) എന്ന പാക്കേജിന്‍റെ വിശദാംശങ്ങൾ എന്താകുമെന്ന് കാത്തിരിക്കുകയാണ് രാജ്യം. ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പാക്കേജ് വിശദാംശങ്ങൾ പ്രഖ്യാപിക്കും. വൈകിട്ട് നാല് മണിക്കാണ് ധനമന്ത്രിയുടെ വാർത്താസമ്മേളനം.

ഇന്ത്യൻ നിർമിത ഉത്പന്നങ്ങളുടെ ഉപയോഗം കൂട്ടുക, ഇന്ത്യയിൽ വിഭവോത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യങ്ങളിലൂന്നിയായിരുന്നു നരേന്ദ്രമോദിയുടെ പ്രസംഗം. 
''ഇരുപത് ലക്ഷം കോടി രൂപയുടെ പാക്കേജ്. ഇത് ഇന്ത്യയുടെ ജിഡിപിയുടെ ഏതാണ്ട് 10 ശതമാനമാണ്. ഇതവഴി രാജ്യത്തിന്‍റെ വിവിധ വിഭാഗങ്ങൾക്ക് 20 ലക്ഷം കോടിയുടെ പിന്തുണ കിട്ടും. 2020-ൽ ഇരുപത് ലക്ഷം കോടി. കൊവിഡ് രോഗം ഏറെക്കാലം നമ്മുടെ ജീവിതത്തിൻറെ ഭാഗമായി തുടരും. നമ്മൾ നിയന്ത്രണം തുടരും, മാസ്ക് അണിയും, സാമൂഹിക അകലം പാലിക്കും. എന്നാൽ നമ്മുടെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ ഈ അവസ്ഥയെ അനുവദിക്കില്ല'', എന്നാണ് മോദി പറഞ്ഞത്. 

കര്‍ഷകര്‍, തൊഴിലാളികൾ, മത്സ്യതൊഴിലാളികൾ, മധ്യവര്‍ഗം, വ്യവസായികൾ എല്ലാവരെയും സ്പര്‍ശിക്കുന്ന വിശാല പാക്കേജ്. വൻ സാമ്പത്തിക പരിഷ്കരണ നടപടികൾക്ക് തയ്യാറെടുക്കുന്നു എന്ന സൂചന പ്രധാനമന്ത്രി നൽകി. പ്രാദേശിക ഉത്പന്നങ്ങൾ വികസിപ്പിക്കണം. സാമ്പത്തിക വ്യവസ്ഥ, അടിസ്ഥാന സൗകര്യം, സാങ്കേതിക വിദ്യയിലൂന്നിയ സംവിധാനം, ശക്തമായ ജനാധിപത്യം, സമ്പദ് വ്യവസ്ഥയിലെ ആവശ്യകത എന്നീ അഞ്ച് തൂണുകളിൽ ഊന്നിയാകും പാക്കേജെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാകും.

ഗുജറാത്തിലെ ഭൂകമ്പം ഉൾപ്പടെ ചൂണ്ടിക്കാട്ടി പ്രതിസന്ധികളെ രാജ്യം മറികടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഓരോ ദിവസവും കൊവിഡ് കേസുകൾ കുതിരിച്ചുയരുമ്പോൾ രാജ്യത്തിന് ആത്മവിശ്വാസം നൽകാൻ കൂടിയാണ് മോദി ശ്രമിച്ചത്. പാക്കേജിന്‍റെ വിശദാംശങ്ങൾക്കായി കാത്തിരിക്കാം.

പുതിയ പാക്കേജാകുമോ?

റിസർവ് ബാങ്ക് ഇതുവരെ വിപണിയിൽ സ്വീകരിച്ച നടപടികൾ കൂടി ചേർത്താണ് സാമ്പത്തിക പാക്കേജ് എന്നാണ് പ്രസംഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയത്. അതിനാൽ 20 ലക്ഷം കോടിയുടെ മൊത്തം തുക പുതിയ പാക്കേജിൽ വരില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത്. കൊവിഡ് പ്രതിസന്ധി തുടങ്ങിയ ശേഷം ആർബിഐ ഏതാണ്ട് 5 മുതൽ 6 ലക്ഷം കോടി രൂപ വിപണിയിൽ അധികമായി ഇറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു ധനമന്ത്രി നിർമലാ സീതാരാമൻ മാർച്ച് 26-ന് പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ പാക്കേജ്. ഇത് രണ്ടും ചേർത്താൽ നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഏതാണ്ട് 40 ശതമാനം വരും. അതായത് കേന്ദ്രസർക്കാർ പുതുതായി കൂട്ടിച്ചേർക്കുക ഏതാണ്ട് 12 ലക്ഷം കോടി രൂപയാണെന്നർത്ഥം. 

click me!