കൊവിഡ് ഒമിക്രോൺ അദാനിയെ ചതിച്ചു, അതിസമ്പന്നരിൽ അംബാനി വീണ്ടും മുന്നിൽ

By Web TeamFirst Published Nov 28, 2021, 11:31 AM IST
Highlights

ഗൗതം അദാനിയും മുകേഷ് അംബാനിയും തമ്മിൽ ആസ്തിയിലെ അന്തരം ഇതോടെ 13 ബില്യൺ ഡോളറായി വർധിച്ചു

ദില്ലി: റിലയൻസ് ഇന്റസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി(Mukesh Ambani)  വീണ്ടും ഏഷ്യയിലെ അതിസമ്പന്നരിൽ ഒന്നാമനായി(Asia’s Richest Man). കഴിഞ്ഞ ഓഹരി വിപണിയിലുണ്ടായ ഇടിവിനെ തുടർന്നാണിത്. ഗൗതം അദാനിയും (Gautam Adani) മുകേഷ് അംബാനിയും തമ്മിൽ ആസ്തിയിലെ അന്തരം ഇതോടെ 13 ബില്യൺ ഡോളറായി വർധിച്ചു.

91.4 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്തി. ലോകത്തെ അതിസമ്പന്നരിൽ ഇപ്പോൾ 11ാമതാണ് അദ്ദേഹം. ഗൗതം അദാനിയാകട്ടെ 13ാം സ്ഥാനത്താണ്. ഇദ്ദേഹത്തിന്റെ ആസ്തി 78.1 ബില്യൺ ഡോളറാണ്. ബ്ലൂംബെർഗ് ഇന്റക്സിലെ 2021 നവംബർ 27 ലെ കണക്ക് പ്രകാരമാണിത്.

ഓഹരി വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ അതിസമ്പന്നരുടെ ആസ്തികളിൽ നേരിട്ട് പ്രതിഫലിക്കുന്നതിനാൽ ഈ സ്ഥാനങ്ങൾ ഇനിയും മാറിമറിഞ്ഞേക്കും. അവരവർക്ക് ഉടമസ്ഥാവകാശമുള്ള ഓഹരികളുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും വർധനവും അംബാനിയുടെയും അദാനിയുടെയും ആസ്തികളിൽ വലിയ ചലനങ്ങളാണ് സൃഷ്ടിക്കാറുള്ളത്.

അദാനി ഗ്രൂപ്പിന്റെ കമ്പനികളേക്കാൾ മൂന്ന് മടങ്ങ് വലിപ്പമുണ്ട് റിലയൻസ് ഇന്റസ്ട്രീസ് ഗ്രൂപ്പിന്. എന്നാൽ കഴിഞ്ഞ വർഷം അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി പോർട്സ്, അദാനി സ്പെഷൽ ഇക്കണോമിക് സോണുകളെല്ലാം പതിന്മടങ്ങ് വളർച്ചയാണ് കാഴ്ചവെച്ചത്. 

ഇന്ത്യയിൽ അതിസമ്പന്നരുടെ നിരയിൽ ഒരു പതിറ്റാണ്ടോളമായി അതികായനാണ് മുകേഷ് അംബാനി. എന്നാൽ ഗൗതം അദാനിയാകട്ടെ ആദ്യ പത്ത് അതിസമ്പന്നരിൽ തന്നെ അടുത്ത കാലത്തായി രംഗപ്രവേശം ചെയ്തയാളുമാണ്. എന്നാൽ ഇരുകമ്പനികളും ഊർജ്ജ വിതരണമടക്കമുള്ള മേഖലകളിൽ നേരിട്ട് കൊമ്പുകോർക്കാൻ തീരുമാനിച്ചതോടെ ഇനി അതിസമ്പന്നരുടെ നിരയിൽ ആരാണ് സിംഹാസനമുറപ്പിക്കുകയെന്ന് കണ്ടുതന്നെ അറിയണം.

അടുത്തിടെ ഗൌതം അദാനി ഏഷ്യായിലെ ഏറ്റവും വലിയ ധനികനായി മാറിയുന്നു . റിലയന്‍സ് മേധാവി മുകേഷ് അംബാനിയെ പിന്നിലാക്കിയായിരുന്നു ഈ നേട്ടം.  അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഉണ്ടായ വന്‍ മുന്നേറ്റമാണ് അദാനി ഗ്രൂപ്പ് മേധാവിക്ക് അന്ന് അംബാനിയെ മറികടക്കാന്‍ സഹായകരമായത്. 

കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുള്ള സമ്പദ്യത്തില്‍ 14.3 ബില്ല്യണ്‍ ഡോളറാണ് കൂടുതലായി അംബാനി ചേര്‍ത്തതെങ്കില്‍. അദാനി ഇതേ കാലയളവില്‍ തന്‍റെ സ്വത്തിലേക്ക് ചേര്‍ത്തത് 55 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബ്ലൂംബെര്‍ഗിന്‍റെ ധനവാന്മാരുടെ പട്ടിക പ്രകാരം 91 ബില്ല്യണ്‍ ഡോളറായിരുന്നു അന്ന് മുകേഷ് അംബാനിയുടെ ആസ്തി. ഗൌതം അദാനിയുടെത് 88.8 ബില്ല്യണ്‍ ഡോളറുമായിരുന്നു. ഇതില്‍ അംബാനിയുടെ ആസ്തിയില്‍ 2.2 ബില്ല്യണ്‍ ഡോളറിന്‍റെ കുറവ് വന്നുവെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകൾ.

click me!