ജനങ്ങളുടെ കൈവശമുള്ള കറൻസിയിൽ റെക്കോർഡ് വർദ്ധന; നോട്ട് നിരോധനത്തിന് മുൻപുള്ളതിനേക്കാൾ 71.84 ശതമാനം അധികം

By Web TeamFirst Published Nov 7, 2022, 3:42 PM IST
Highlights

നോട്ട് നിരോധനത്തിന് മുൻപുള്ളതിനേക്കാൾ 71.84 ശതമാനം അധിക കറൻസി ജനങ്ങളുടെ കൈവശം ഇപ്പോഴുണ്ടെന്ന് ആർബിഐ. പ്രഖ്യാപിത ലക്ഷ്യങ്ങൾ ആറ് വർഷമായിട്ടും വെള്ളത്തിൽ 
 

ദില്ലി: നോട്ട് നിരോധനത്തിന് ശേഷം ആറ് വർഷം പിന്നിട്ടിട്ടും ജനങ്ങളുടെ കൈവശമുള്ള കറൻസി  നോട്ടുകൾ വർദ്ധിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. 2022 ഒക്ടോബർ വരെയുള്ള കണക്ക് അനുസരിച്ച് ജനങ്ങളുടെ കൈയ്യിൽ 30.88 ലക്ഷം കോടി രൂപയോളം കാർസി നോട്ടുകൾ ഉണ്ട്.

2016 നവംബർ എട്ടിന് നോട്ട് നിരോധിക്കുന്ന രാജ്യത്തെ പൗരന്മാരുടെ കൈയ്യിലുള്ളതിനേക്കാൾ  71.84% ശതമാനം കൂടുതലാണ് ഇപ്പോഴുള്ളത് എന്ന് ആർബിഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു.  2016 നവംബർ 4 ന് ജനങ്ങളുടെ കൈവശമുള്ള പണത്തിന്റെ അളവ് 17.7 ലക്ഷം കോടി രൂപയായിരുന്നു. പണ ഉപഭോഗം കുറച്ച് ഡിജിറ്റൽ പണമിടപാട് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം പരാജയപ്പെട്ടെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. 

ALSO READ: സിമന്റ് കമ്പനികൾ വില കൂട്ടുന്നു; ചാക്കിന് 10 മുതൽ 30 രൂപ വരെ വില ഉയരും

പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബർ 8 ന് അർദ്ധരാത്രിയാണ് രാജ്യത്ത് നോട്ടുനിരോധനം നടപ്പിലാക്കിയത്.  500, 1000 രൂപാ നോട്ടുകൾ പിൻവലിക്കുകയായിരുന്നു അന്ന്. രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുകയും വിപണിയിൽ പണത്തിന്റെ ഉപയോഗം കുറയ്ക്കുകയും  ചെയ്യുക എന്നുള്ളതായിരുന്നു നോട്ട് നിരോധനത്തിന് പിന്നാലെയുള്ള വിശദീകരണം. മാത്രമല്ല, രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ നീക്കത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. 

ചരക്കുകളും സേവനങ്ങളും വാങ്ങാൻ ജനങ്ങൾ ഉപയോഗിക്കുന്ന പണത്തെയാണ് പൊതുജനങ്ങളുടെ കൈയിലുള്ള കറൻസിയായി സൂചിപ്പിക്കുന്നത്. പ്രചാരത്തിലുള്ള മൊത്തം കറൻസിയിൽ നിന്ന് ബാങ്കുകളിലെ പണത്തിന്റെ അളവ് കുറച്ചാണ് ഇത് കണക്കാക്കുന്നത്. ദൈനംദിന ആവശ്യങ്ങൾക്ക് പണത്തെ ആശ്രയിക്കുന്ന സാധാരണ പൗരന്മാർക്ക് നോട്ടു നിരോധനം വലിയ ബുദ്ധിമുട്ടാണ് വരുത്തിയത്. നോട്ടു നിരോധിച്ചപ്പോൾ സർക്കാർ നിരത്തിയ ലക്ഷ്യങ്ങളൊന്നും നേടാൻ ആയില്ലെന്നും പ്രധാനമന്ത്രിയുടെ അർദ്ധരാത്രിയിലെ നടപടി പൂർണ പരാജയമായിരുന്നെന്നും ആരോപണങ്ങളുണ്ട്. 

click me!