ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കേണ്ട; യുപിഐ ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം 

By Web TeamFirst Published Jun 6, 2023, 4:13 PM IST
Highlights

യുപിഐ ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം. എത്ര രൂപ വരെ പ്രതിദിനം പിൻവലിക്കാം തുടങ്ങിയ വിശദാംശങ്ങളറിയാം

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അല്ലെങ്കിൽ യുപിഐ ഉപയോഗിച്ച് ഇനി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം. ഇന്റർഓപ്പറബിൾ കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ  (ഐസിസിഡബ്ല്യു) സംവിധാനം ആരംഭിച്ചു. ഇന്റർഓപ്പറബിൾ കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ സൗകര്യം ആദ്യമായി പ്രഖ്യാപിച്ചത് ബാങ്ക് ഓഫ് ബറോഡയാണ്. ഇതോടെ, ഒരു അക്കൗണ്ടിൽ പ്രതിദിനം പരമാവധി രണ്ട് ഇടപാടുകളിലായി ഓരോ ഇടപാടിനും 5,000 രൂപ വരെ പിൻവലിക്കാം. 

ബാങ്ക് ഓഫ് ബറോഡയുടെ എടിഎമ്മുകളിൽ നിന്ന് ഉപഭോക്താവിന് യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാം. ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കൾക്ക് മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടില്ല. മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കൾക്കും അവരുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാതെയും യുപിഐ അല്ലെങ്കിൽ അവരുടെ മൊബൈലിൽ ഐസിസിഡബ്ല്യുയ്‌ക്കായി പ്രവർത്തനക്ഷമമാക്കിയിട്ടുള്ള മറ്റേതെങ്കിലും യുപിഐ ആപ്പ് ഉപയോഗിച്ച് ബാങ്ക് ഓഫ് ബറോഡ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനും ഈ സേവനം പ്രയോജനപ്പെടുത്താം.

ഈ സേവനം ആരംഭിച്ച ആദ്യത്തെ പൊതുമേഖലാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡയാണ്. എടിഎമ്മുകളിൽ യുപിഐ ഉപയോഗിച്ച് എങ്ങനെ പണം പിൻവലിക്കാം: ഘട്ടം ഘട്ടമായുള്ള മാർഗം അറിയാം. 

  • അടുത്തുള്ള ബാങ്ക് ഓഫ് ബറോഡ എടിഎം സന്ദർശിക്കുക 
  • യുപിഐ ക്യാഷ് പിൻവലിക്കൽ' തിരഞ്ഞെടുക്കുക
  • ആവശ്യമായ തുക നൽകുക (5,000 രൂപയിൽ കൂടരുത്)
  • എടിഎം സ്ക്രീനിൽ ഒരു ക്യൂ ആർ കോഡ് ദൃശ്യമാകും, 
  • ഐസിസിഡബ്ല്യു പ്രവർത്തനക്ഷമമാക്കിയിട്ടുള്ള യുപിഐ ആപ്പ് ഉപയോഗിച്ച് അത് സ്കാൻ ചെയ്യുക.
  • ഫോണിൽ നിങ്ങളുടെ യുപിഐ പിൻ നൽകുക
  • ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പണം പിൻവലിക്കാം 
tags
click me!