പാക്കിസ്ഥാനടക്കം മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകൾക്ക് വിലക്ക്: അദാനി പോർട്ടിനെതിരെ കസ്റ്റംസ്

By Web TeamFirst Published Nov 17, 2021, 4:52 PM IST
Highlights

അഫ്ഗാനിസ്ഥാനിൽ നിന്ന് വന്ന 20000 കോടി രൂപയുടെ ഹെറോയിൻ മുന്ദ്ര പോർട്ടിൽ വെച്ച് പിടികൂടിയത് വലിയ വാർത്തയായിരുന്നു

ദില്ലി: പാക്കിസ്ഥാൻ അടക്കം മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകൾക്ക് വിലക്കേർപ്പെടുത്തിയ അദാനി പോർട്ടിന്റെ (Adani Ports) നടപടിക്കെതിരെ കസ്റ്റംസ്. അദാനി പോർട്സിന് കീഴിലെ മുന്ദ്ര പോർട്ടിൽ നിന്ന് ഹെറോയിൻ പിടികൂടിയതിന് പിന്നാലെയാണ് തുറമുഖ അതോറിറ്റി സ്വന്തം തീരുമാനപ്രകാരം മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകൾ വിലക്കിയത്. ഈ തീരുമാനത്തിനെതിരെയാണ് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാനിൽ നിന്ന് വന്ന 20000 കോടി രൂപയുടെ ഹെറോയിൻ മുന്ദ്ര പോർട്ടിൽ വെച്ച് പിടികൂടിയത് വലിയ വാർത്തയായിരുന്നു. പിന്നാലെയാണ് ഒക്ടോബർ 11 ന് ഇറാനിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള ചരക്കുകൾക്ക് അദാനി പോർട്സ് വിലക്കേർപ്പെടുത്തിയത്. ഈ നടപടിക്കെതിരെയാണ് കേന്ദ്രസർക്കാരിന് കീഴിലെ കസ്റ്റംസ് വിഭാഗം വിശദീകരണം തേടിയിരിക്കുന്നത്.

തുറമുഖങ്ങൾക്ക് ഇത്തരം തീരുമാനങ്ങൾ ഏകപക്ഷീയമായി സ്വീകരിക്കാൻ കഴിയില്ലെന്നാണ് കസ്റ്റംസിന്റെ വാദം. ഹെറോയിൻ പിടികൂടിയ സമയത്ത് ഇപ്പോഴത്തെ നിലപാടിന് വിരുദ്ധമായിരുന്നു അദാനി പോർടിന്റെ നിലപാട്. തുറമുഖ അധികൃതർക്ക് കണ്ടെയ്‌നറുകൾ പരിശോധിക്കാൻ അവകാശമോ അധികാരമോ ഇല്ലെന്നായിരുന്നു അന്ന് കമ്പനി വാദിച്ചിരുന്നത്. എന്നാൽ പിന്നാലെ തങ്ങളുടെ അധികാര പരിധി മറികടന്ന് വിദേശത്ത് നിന്നുള്ള ചരക്കുകൾ വിലക്കുകയായിരുന്നു. പത്ത് ദിവസം മുൻപ് കസ്റ്റംസ് വകുപ്പ് തുറമുഖ അധികൃതരുടെ നടപടി നിയമവിരുദ്ധമാണെന്ന് കാട്ടി കത്തയച്ചിരുന്നെങ്കിലും അദാനി പോർട്സ് വിലക്ക് പിൻവലിക്കാൻ തയ്യാറായിരുന്നില്ല.

click me!