
പതിറ്റാണ്ടുകളായി യു.എസ്. ഡോളര്‍ വെറുമൊരു കറന്‍സിയായിരുന്നില്ല; അത് ആഗോള വ്യാപാരത്തിന്റെയും സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രമായിരുന്നു. ആസ്തികള്‍ മരവിപ്പിച്ചും ഉപരോധങ്ങള്‍ നടപ്പാക്കിയും രാജ്യാന്തര പണമിടപാടു ശൃംഖലകള്‍ നിയന്ത്രിച്ചും ഡോളറിനെ ആയുധമായി ഉപയോഗിക്കാനുള്ള അമേരിക്കയുടെ ശേഷി, അവരുടെ മേല്‍ക്കോയ്മയ്ക്ക് അടിവരയിട്ടു. എന്നാല്‍, ആ കുത്തക ഇപ്പോള്‍ അഭൂതപൂര്‍വമായ വെല്ലുവിളിയാണ് നേരിടുന്നത്. ഡോളര്‍ ആധിപത്യം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ബ്രിക്സ് കൂട്ടായ്മ നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പലവട്ടം വിമര്‍ശിച്ചുകഴിഞ്ഞു. ഇതിനിടെ, ഇന്ത്യ റഷ്യയുമായി ഇന്ത്യന്‍ രൂപയില്‍ വ്യാപാരം നടത്തിയത് ഡോളറിന് മറ്റൊരു തിരിച്ചടിയായി. എന്നാല്‍, ചൈനയുടെ വമ്പന്‍ നീക്കമാണ് ആഗോളതലത്തില്‍ ഡോളറിന് വെല്ലുവിളിയാകുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ചരിത്രപരമായ ഒരു പ്രഖ്യാപനം നടത്തി: അവരുടെ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയായ ഡിജിറ്റല്‍ റെന്‍മിന്‍ബി, എല്ലാ 10 ആസിയാന്‍ രാജ്യങ്ങള്‍ക്കും ആറ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കുമിടയിലുള്ള പണമിടപാടുകള്‍ക്ക് ഉപയോഗിക്കും! ഇതോടെ, ആഗോള വ്യാപാരത്തിന്റെ ഏകദേശം 38% നേരിട്ട് ചൈനയുടെ ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത ധനകാര്യ ശൃംഖലയുമായി ബന്ധിക്കപ്പെട്ടു. ദശാബ്ദങ്ങളായി യു.എസ്. ഡോളര്‍ അധിഷ്ഠിതമായി പ്രവര്‍ത്തിച്ചിരുന്ന സ്വിഫ്റ്റ് ( SWIFT ) സംവിധാനത്തെ ഇത് പൂര്‍ണ്ണമായി മറികടക്കുന്നു.
ഇതിന്റെ പ്രത്യാഘാതങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. ഹോങ്കോങ്ങും അബുദാബിയും തമ്മില്‍ നടത്തിയ പൈലറ്റ് പരീക്ഷണങ്ങളില്‍, പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുടെ 'ഡിജിറ്റല്‍ കറന്‍സി ബ്രിഡ്ജ്' (mBridge) ഉപയോഗിച്ച് അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ പൂര്‍ത്തിയാക്കിയത് വെറും 7 സെക്കന്‍ഡില്‍ ആണ്.സ്വിഫ്റ്റ് വഴി ഇതിന് 3 മുതല്‍ 5 ദിവസം വരെ വേണ്ടിയിരുന്നു! കൂടാതെ, ഇടപാട് ഫീസുകള്‍ 98% വരെ കുറയ്ക്കാനും സാധിച്ചു. ചൈനയുടെ ഡിജിറ്റല്‍ കറന്‍സി വിപുലീകരണം ഒരു സാമ്പത്തിക പരീക്ഷണം മാത്രമല്ല; അത് അവരുടെ ദീര്‍ഘകാല ഭൗമരാഷ്ട്രീയ തന്ത്രം കൂടിയാണ്. 2025 ന്റെ തുടക്കം മുതല്‍ ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിന്റെ ഏകദേശം 24% യുവാന്‍ ഉപയോഗിച്ചാണ് നടക്കുന്നത്. അവരുടെ മൊത്തം വ്യാപാരത്തിന്റെ 90% ഇപ്പോള്‍ പ്രാദേശിക കറന്‍സികളിലാണ് നടത്തുന്നത്.
ചൈന അതിവേഗം മുന്നോട്ട് പോകുമ്പോള്‍, ഇന്ത്യ സ്വന്തം ഡിജിറ്റല്‍ പാതയിലാണ്. റിസര്‍വ് ബാങ്ക് വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ റുപ്പി , ചൈനയുടെ സംവിധാനത്തെ അനുകരിക്കാനല്ല, മറിച്ച് കൂടുതല്‍ വിപുലവും, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു മാതൃക മുന്നോട്ട് വയ്ക്കുകയാണ് ചെയ്യുന്നത്. യു.എ.ഇ., സിംഗപ്പൂര്‍, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് സ്വിഫ്റ്റിനെ ആശ്രയിക്കാതെ ഡിജിറ്റല്‍ റുപ്പീ ഇടപാടുകള്‍ക്ക് തുടക്കമിടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. ചൈനയില്‍ നിന്നും വ്യത്യസ്തമായി ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പോലും ഡിജിറ്റല്‍ പേയ്മെന്റ് സാധ്യമാക്കുന്ന ഓഫ്‌ലൈന്‍ ഇടപാട് നടത്താനുള്ള കഴിവ് ഡിജിറ്റല്‍ റുപ്പിയുടെ പ്രത്യേകതയാണ്.
ഇപ്പോഴും ലോകത്തിലെ മുന്‍നിര കരുതല്‍ കറന്‍സി യു.എസ്. ഡോളറാണ്. കണക്കനുസരിച്ച് ആഗോള കരുതല്‍ ശേഖരത്തിന്റെ ഏകദേശം 58% ഡോളറാണ്. എന്നാല്‍, രണ്ട് പതിറ്റാണ്ട് മുമ്പ് ഇത് 71\%ആയിരുന്നു എന്നോര്‍ക്കണം. ഡോളര്‍ ആധിപത്യത്തിന് പെട്ടെന്നുള്ള തകര്‍ച്ചയുണ്ടാകില്ല. പകരം 'വിവിധ കറന്‍സികളുടെ ഇക്കോസിസ്റ്റം' ആയിരിക്കും ഉയര്‍ന്നു വരിക എന്ന് വിദഗ്ധര്‍ പറയുന്നു.