
തിരുവനന്തപുരം: ഷോപ്പിങ്ങിനായി ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നു. മാര്‍ച്ച് മാസത്തെ കണക്കുകള്‍ പ്രകാരം സ്വൈപ്പിങ് ഇടപാടുകളില്‍ 27 ശതമാനത്തിന്‍റെ വര്‍ധനയാണുണ്ടായത്. വ്യാപാര സ്ഥാപനങ്ങളില്‍ പോയിന്‍റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനുകളുടെ ആവശ്യകതയിലും വര്‍ധനവുണ്ട്.
റിസര്‍വ് ബാങ്കാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. എന്നാല്‍, എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന 15 ശതമാനം മാത്രമാണ്. ഡെബിറ്റ് കാര്‍ഡുകളുടെ സ്വൈപ്പിങ്ങുകളുടെ എണ്ണം മാര്‍ച്ചില്‍ 40.7 കോടിയായി ഉയര്‍ന്നു. 2016 മാര്‍ച്ചില്‍ നിന്ന് 2019 മാര്‍ച്ചിലെത്തിയപ്പോള്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഡെബിറ്റ് കാര്‍ഡ് വഴിയുളള ബില്‍ അടയ്ക്കല്‍ വര്‍ധിച്ചത് 250 ശതമാനമായാണ്.
2019 മാര്‍ച്ചില്‍ എടിഎമ്മുകളില്‍ നിന്നുളള പണം പിന്‍വലിക്കല്‍ 89.10 കോടിയാണെങ്കില്‍ അതിന്‍റെ ഏതാണ്ട് പകുതിയാണ് ഡെബിറ്റ് കാര്‍ഡ് സ്വൈപ്പിങ്. എടിഎം ഇടപാടുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രതിമാസം ഏതാണ്ട് 80 കോടിക്കടുത്ത് തുടരുകയാണ്.