റിലയൻസ് - ഫ്യൂചർ ഇടപാട് തടഞ്ഞുവെച്ച് ദില്ലി ഹൈക്കോടതി

By Web TeamFirst Published Mar 20, 2021, 10:34 AM IST
Highlights

കിഷോർ ബിയാനി അടക്കമുള്ള ഫ്യൂചർ റീടെയ്ൽ പ്രമോട്ടർമാർ കോടതി ഉത്തരവ് ലംഘിച്ചെന്ന കുറ്റം ചൂണ്ടിക്കാട്ടിയാണ് പിഴ...

ദില്ലി: റിലയൻസ് - ഫ്യൂചർ ഇടപാടുമായി മുന്നോട്ട് പോകുന്നതിന് കമ്പനികൾക്ക് മുന്നിൽ തടസം. കരാറുമായി മുന്നോട്ട് പോകാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിലപാടെടുത്തു. ഇതിന് പുറമെ ഫ്യൂച്ചർ ഗ്രൂപ്പിന് 20 ലക്ഷം രൂപ പിഴശിക്ഷയും കോടതി ചുമത്തി. ഈ പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോകും.

കിഷോർ ബിയാനി അടക്കമുള്ള ഫ്യൂചർ റീടെയ്ൽ പ്രമോട്ടർമാർ കോടതി ഉത്തരവ് ലംഘിച്ചെന്ന കുറ്റം ചൂണ്ടിക്കാട്ടിയാണ് പിഴ. എന്തുകൊണ്ടാണ് ഇവരെ സിവിൽ ജയിലിൽ പാർപ്പിക്കാത്തതെന്ന ചോദ്യവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായെന്നാണ് വിവരം. ബിയാനിയുടെ സ്വത്തുക്കളുടെ വിശദമായ കണക്ക് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഡീലുമായി മുന്നോട്ട് പോകരുതെന്ന് വ്യക്തമാക്കിയ കോടതി ബിയാനി അടക്കമുള്ളവരോട് അടുത്ത തവണ കേസിൽ വാദം കേൾക്കുമ്പോൾ കോടതിയിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിലിലാണ് ഇത്. 2020 ഒക്ടോബർ 25 ന് ശേഷം റിലയൻസുമായുള്ള ഇടപാടിൽ എന്തൊക്കെ നടപടികളെടുത്തെന്ന് വിശദീകരിക്കാനും കോടതി ഫ്യൂചർ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

click me!