
രാജ്യത്തെ ഏറ്റവും വലിയ ഐപിഒ നടന്നുകൊണ്ടിരിക്കുകയാണ്. ഇൻഷുറൻസ് ഭീമനായ എൽഐസിയുടെ (LIC) 3.5 ശതമാനം ഓഹരികളാണ് വിപണിയിൽ ഇറക്കിയിരിക്കുന്നത്. എൽഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വിൽപ്പനയ്ക്കുള്ളത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വിൽപ്പനയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഓഹരി സ്വന്തമാക്കാൻ ആഗ്രഹമുണ്ടെകിൽ ആദ്യം നിങ്ങൾ ഡീമാറ്റ് അക്കൗണ്ടിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
കാരണം ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു ഡീമാറ്റ് അക്കൗണ്ട് കൈവശം വയ്ക്കേണ്ടത് നിർബന്ധമാണ്. എന്താണ് ഒരു ഡീമാറ്റ് അക്കൗണ്ട്? പ്രാഥമികമായും സെക്യൂരിറ്റികളും ഷെയറുകളും ഇലക്ട്രോണിക് രൂപത്തിൽ കൈവശം വെക്കുന്നതിനായാണ് ഡീമാറ്റ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. ഡീമറ്റീരിയലൈസ്ഡ് അക്കൗണ്ട് എന്നും ഡീമാറ്റ് അക്കൗണ്ട് അറിയപ്പെടുന്നു. അതായത് പ്രഥാമികമായും ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കുന്നത് നിങ്ങളുടെ ഫിസിക്കൽ ഷെയറുകൾ ഇലക്ട്രോണിക് ഫോർമാറ്റിലേക്ക് പരിവർത്തനം ചെയ്യാനോ ഡീമെറ്റീരിയലൈസ് ചെയ്യാനോ വേണ്ടിയാണ്.
ഡീമാറ്റ് അക്കൗണ്ടിനെക്കുറിച്ച് കൂടുതൽ അറിയാം. 1996-ലാണ് രാജ്യത്ത് ആദ്യമായി ഫിസിക്കൽ ഷെയർ സർട്ടിഫിക്കറ്റുകൾക്ക് പകരമായി ഇലക്ട്രോണിക് ഫോർമാറ്റിൽ ഷെയറുകളും സെക്യൂരിറ്റികളും സൂക്ഷിക്കാമെന്ന ആശയം അവതരിക്കപ്പെട്ടത്. ഒരു ഡീമാറ്റ് അക്കൗണ്ട് വഴി ഷെയർ ട്രേഡിംഗ് വേഗത്തിലും എളുപ്പത്തിലും ആകുന്നു. മാത്രമല്ല, ഇതിനൊപ്പം തന്നെ ഫിസിക്കൽ ഷെയർ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എല്ലാ അപകടസാധ്യതകളും പ്രശ്നങ്ങളും ഡീമാറ്റ് അക്കൗണ്ട് വഴി ഇല്ലാതാക്കുകയും ചെയ്യുന്നു.
ഇക്വിറ്റി ഷെയറുകൾ, ഇടിഎഫുകൾ, ബോണ്ടുകൾ, ഡെറ്റ് സെക്യൂരിറ്റികൾ, മ്യൂച്വൽ ഫണ്ടുകൾ, ഗവൺമെന്റ് സെക്യൂരിറ്റികൾ എന്നിങ്ങനെ വൈവിധ്യമാർന്ന നിക്ഷേപങ്ങൾ സംഭരിക്കുന്നതിന് നിങ്ങൾക്ക് ഒരു ഡിമാറ്റ് അക്കൗണ്ട് ഉപയോഗിക്കാം. ഇന്ന് കൂടുതലായും ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കപ്പെടുന്നത് കമ്പനികളുടെ ഓഹരികളും സെക്യൂരിറ്റികളും ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കാനായാണ്. ഒരു ബാങ്ക് അക്കൗണ്ടിന് സമാനമായി ഡീമാറ്റ് അക്കൗണ്ട് പ്രവർത്തിക്കുന്നു, അതായത് ഒരു കമ്പനിയുടെ ഓഹരികൾ വാങ്ങുമ്പോഴോ വിൽക്കുമ്പോഴോ ഒരു ഡീമാറ്റ് അക്കൗണ്ട് ക്രെഡിറ്റ് ചെയ്യപ്പെടുകയോ ഡെബിറ്റ് ചെയ്യുകയോ ചെയ്യും.
ഇനി ഓഹരി വിപണിയിൽ നിങ്ങൾ പുതിയ വ്യക്തിയാണെങ്കിൽ ഒരു ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനു മുൻപ് അവയുടെ പ്രവർത്തനം എന്താണെന്നു മനസിലാക്കിയിരിക്കണം. നിങ്ങൾക്ക് ഓഹരികൾ വാങ്ങണമെങ്കിൽ അത് ഒരു ട്രേഡിംഗ് അക്കൗണ്ട് വഴി മാത്രമേ വാങ്ങാൻ കഴിയൂ. എന്നാൽ ട്രേഡിംഗ് അക്കൗണ്ട് വഴി വാങ്ങിയ ഓഹരികൾ നിങ്ങൾക്ക് കൈവശം വയ്ക്കാൻ എപ്പോഴും ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമായി വരും. അതിനാൽ, നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് ഒരു ട്രേഡിംഗ് അക്കൗണ്ടുമായി ലിങ്ക് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
ഒരു ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിന് ആവശ്യമായ രേഖകൾ
ഡീമാറ്റ് അക്കൗണ്ടിന്റെ ഗുണങ്ങൾ അറിയാം;
ഷെയർ ട്രാൻസ്ഫർ : നിങ്ങളുടെ ഓഹരികൾ കൈമാറാൻ ഒരു ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കാം. നിങ്ങളുടെ ഷെയറുകൾ ട്രാൻസ്ഫർ ചെയ്യുന്നതിന് വേണ്ടി നിങ്ങളുടെ ഡിപ്പോസിറ്ററി സ്ഥാപനത്തിന് നിങ്ങൾ ഒപ്പിട്ട ഒരു ഡെലിവറി ഇൻസ്ട്രക്ഷൻ സ്ലിപ്പ് (DIS) അയച്ചാൽ മതി.
വായ്പ സാധ്യത : ഡീമാറ്റ് അക്കൗണ്ടിൽ നിങ്ങൾ കൈവശം വച്ചിരിക്കുന്ന സെക്യൂരിറ്റികൾ പണയം നൽകി ബാങ്കുകളിൽ നിന്നും നിങ്ങൾക്ക് വായ്പ നേടാം. അതായത് ഇവ ഒരു ഈടാക്കി ഉപയോഗിക്കാം.
അതിവേഗ കൈമാറ്റം : ഓഹരികളുടെ ബോണസ് ഇഷ്യൂ, ലാഭവിഹിതം, പലിശ, റീഫണ്ടുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ നിങ്ങൾക്ക് ഒരു ഡീമാറ്റ് അക്കൗണ്ടിലൂടെ അതിവേഗം കൈമാറ്റം ചെയ്യാൻ സാധിക്കും.