
ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശങ്ങളിലൊന്നായ ധാരാവിയിലെ നിവാസികൾക്കായി മാടുംഗയിൽ 22 ഏക്കർ ഭൂമിയിൽ 10,432 പുനരധിവാസ വീടുകളുടെ നിർമാണത്തിന് തുടക്കമിട്ട് അദാനി ഗ്രൂപ്പ്. അദാനി എന്റർപ്രൈസസ് ഡയറക്ടർ പ്രണവ് അദാനി തിങ്കളാഴ്ച പദ്ധതി പ്രദേശത്ത് ഭൂമി പൂജ നിർവഹിച്ചു. ധാരാവി റീഡെവലപ്‌മെന്റ് പ്രോജക്റ്റിനായി രൂപീകരിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ 'അദാനി നവ്ഭാരത് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്' (ANDPL) ആണ് പദ്ധതി നടപ്പിലാക്കുന്നത്. 10 ടവറുകളിലായി 10,432 പുനരധിവാസ ഫ്ലാറ്റുകളും 1,379 വാണിജ്യ-വ്യവസായ യൂണിറ്റുകളുമാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നത്. മഹാരാഷ്‌ട്ര സർക്കാരിന്‍റെ ചേരി പുനരധിവാസ അതറിറ്റിയും അദാനി ഗ്രൂപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
എല്ലാ കുടുംബങ്ങൾക്കും സുരക്ഷിതമായ ഭാവിയും മെച്ചപ്പെട്ട ജീവിതസാഹചര്യവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഭൂമി പൂജയ്ക്കു ശേഷം പ്രണവ് അദാനി വ്യക്തമാക്കി. പദ്ധതിയിലൂടെ അർഹരായ നിവാസികൾക്ക് 350 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകൾ ലഭിക്കും. ധാരാവിയിലെ സെക്ടർ 6, സെക്ടർ 1 എന്നിവിടങ്ങളിലെ നിവാസികൾക്കായിരിക്കും ആദ്യം വീടുകൾ ലഭ്യമാക്കുക. തുടർന്ന് മുൻഗണനാടിസ്ഥാനത്തിൽ 4,500 ഓളം കുടുംബങ്ങൾക്ക് മറ്റ് ഫ്ലാറ്റുകൾ കൈമാറും.
മൂന്ന് ഘട്ടങ്ങളായാണ് കെട്ടിടങ്ങൾ മഹാരാഷ്ട്ര സർക്കാരിന്റെ DRP/SRA വിഭാഗത്തിന് കൈമാറുന്നത്. ആദ്യത്തെ അഞ്ച് ടവറുകൾ 2029 മാർച്ച് മാസത്തോടെയും അടുത്ത രണ്ട് ടവറുകൾ 2029 ഓഗസ്റ്റിലും ബാക്കി മൂന്ന് ടവറുകൾ 2030 ഓഗസ്റ്റിലും പൂർത്തിയാക്കി കൈമാറും. 37 മുതൽ 39 നിലകൾ വരെ ഉയരമുള്ള ടവറുകളിൽ 10 മുതൽ 12 വരെ പാസഞ്ചർ ലിഫ്റ്റുകളും രണ്ട് ഫയർ ലിഫ്റ്റുകളും സജ്ജീകരിക്കും. കിന്റർഗാർട്ടൻ, കമ്മ്യൂണിറ്റി ഹാൾ, പോഡിയം ഗാർഡൻ, ആരാധനാലയങ്ങൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളും കെട്ടിടസമുച്ചയത്തിൽ ഉണ്ടാകും.
കെട്ടിടങ്ങളുടെയും പൊതു സൗകര്യങ്ങളുടെയും പരിപാലനത്തിനായി വാണിജ്യ ഇടങ്ങളുടെ 10 ശതമാനം മാറ്റിവെക്കുമെന്നും കൈമാറ്റത്തിന് ശേഷം 10 വർഷത്തേക്ക് ഇവയുടെ സംരക്ഷണം കമ്പനി തന്നെ നിർവഹിക്കുമെന്നും അദാനി നവ്ഭാരത് ഡെവലപ്പേഴ്സ് അധികൃതർ അറിയിച്ചു. പ്രമുഖ അന്താരാഷ്ട്ര-ദേശീയ നഗരാസൂത്രണ വിദഗ്ധർ രൂപകൽപ്പന ചെയ്ത ഈ ബൃഹത് പദ്ധതി, ധാരാവി നിവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം പ്രാദേശിക തൊഴിൽ അന്തരീക്ഷത്തെ സംരക്ഷിക്കാനും സഹായിക്കും.