ആർഡിയേക്കാൾ ഉയർന്ന ലാഭവിഹിതം, ഔദ്യോഗിക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി ഡി സതീശൻ; കെഎസ്എഫ്ഇ പിങ്ക് ചിട്ടികൾക്ക് തുടക്കമായി

Published : Oct 12, 2026, 05:58 PM IST
VD Satheesan

Synopsis

വനിതകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്ന പുതിയ സമ്പാദ്യ പദ്ധതിയായ 'പിങ്ക് ചിട്ടി'യുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. 1,500 രൂപ മുതൽ 5,000 രൂപ വരെ പ്രതിമാസ അടവുള്ള ഈ പദ്ധതിയിൽ മികച്ച ലാഭവിഹിതവും ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ലഭിക്കും.

തിരുവനന്തപുരം: കെഎസ്എഫ്ഇ പിങ്ക് ചിട്ടികളുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭാ മീഡിയാ റൂമിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. സർക്കാരിന്‍റെ സ്ത്രീ ശാക്തീകരണ നയങ്ങളുടെ ഭാഗമായി വനിതകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും മാത്രമായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്ന പ്രത്യേക സമ്പാദ്യ പദ്ധതിയാണ് 'പിങ്ക് ചിട്ടികൾ'.

ദൈനംദിന സമ്പാദ്യത്തിൽ നിന്ന് മികച്ച ഒരു സമ്പാദ്യശീലം വളർത്തിയെടുക്കുന്നതിനും, സുരക്ഷിതമായ നിക്ഷേപത്തിലൂടെ സാമ്പത്തിക സ്വാശ്രയത്വം ഉറപ്പുവരുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2025-26 സാമ്പത്തിക വർഷത്തെ കെഎസ്എഫ്ഇ ഗ്യാരന്‍റി കമ്മിഷന്റെ രണ്ടാം ഗഡുവും (110.04 കോടി രൂപ) മാനേജിങ് ഡയറക്ടർ പി എൻ അഭിലാഷ് മുഖ്യമന്ത്രിക്ക് കൈമാറി. കെഎസ്എഫ്ഇ ജനറൽ മാനേജർമാരായ എസ് ശരത് ചന്ദ്രൻ, പി ശ്രീകുമാർ, കമ്പനി സെക്രട്ടറി എമിൽ അലക്‌സ് തുടങ്ങിയവർ സന്നിഹിതരായി.

സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്എഫ്ഇ അവതരിപ്പിച്ച പ്രത്യേക സമ്പാദ്യ പദ്ധതിയാണ് പിങ്ക് ചിട്ടി. പ്രതിമാസം 1,500 രൂപ മുതൽ 5,000 രൂപ വരെയുള്ള തവണകളിൽ ചിട്ടിയിൽ ചേരാം. 30 മാസം മുതൽ 60 മാസം വരെയുള്ള ഹ്രസ്വ, മധ്യകാല കാലാവധികളിലാണ് പദ്ധതിയിൽ അംഗമാകാൻ കഴിയുക.

സംസ്ഥാന സർക്കാരിന്റെ 100 ശതമാനം ഗ്യാരണ്ടിയുള്ള പദ്ധതിയാണിത്. ബാങ്ക് ആവർത്തന നിക്ഷേപങ്ങളേക്കാൾ (ആർഡി) ഉയർന്ന ലാഭവിഹിതമാണ് പിങ്ക് ചിട്ടി വാഗ്ദാനം ചെയ്യുന്നതെന്ന് കെഎസ്എഫ്ഇ വ്യക്തമാക്കുന്നു. ദൈനംദിന ചെലവുകളിൽനിന്ന് മിച്ചംപിടിക്കുന്ന ചെറിയ തുകകൾ സുരക്ഷിതമായി നിക്ഷേപിച്ച് വലിയൊരു സമ്പാദ്യം കെട്ടിപ്പടുക്കാൻ സ്ത്രീകളെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പരമ്പരാഗത കെഎസ്എഫ്ഇ ചിട്ടികളുടെ അതേ വ്യവസ്ഥകൾ പാലിച്ചാണ് പിങ്ക് ചിട്ടിയും പ്രവർത്തിക്കുന്നത്. അംഗങ്ങൾക്ക് പ്രതിമാസം ലേലത്തിലൂടെയോ നറുക്കെടുപ്പിലൂടെയോ ചിട്ടിത്തുക കൈപ്പറ്റാം. കൂടാതെ, മികച്ച ലാഭവിഹിത ആനുകൂല്യങ്ങളും പദ്ധതിയുടെ ഭാഗമായി ലഭിക്കും. കൃത്യസമയത്ത് തവണകൾ മുടങ്ങാതെ അടയ്ക്കുന്ന വരിക്കാർക്ക് 10, 30, 59 എന്നീ തവണകൾ പൂർത്തിയാകുമ്പോൾ 500 രൂപ വീതം ക്യാഷ്ബാക്ക് ലഭിക്കും. തുക നേരിട്ട് ചിട്ടി അക്കൗണ്ടിലേക്ക് നൽകും. ഇതുവഴി ആകെ 1,500 രൂപ വരെ ക്യാഷ്ബാക്ക് ആനുകൂല്യം നേടാനാകും.

ഓരോ മാസവും ഒരു അംഗം ലേലത്തിലൂടെ ചിട്ടി പിടിക്കുമ്പോൾ ലഭിക്കുന്ന കിഴിവ് തുകയിൽനിന്ന് ഫോർമാൻ കമ്മീഷൻ കുറച്ച ശേഷമുള്ള തുക മറ്റ് അംഗങ്ങൾക്കായി വീതിച്ചുനൽകും. ഈ ലാഭവിഹിതം ഓരോ മാസത്തെയും തവണയിൽനിന്ന് കുറയ്ക്കുന്നതിനാൽ വരിക്കാർക്ക് ചിട്ടിയുടെ യഥാർഥ പ്രതിമാസ തുകയേക്കാൾ കുറഞ്ഞ തുക അടച്ചാൽ മതിയാകും.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യയുടെ വിമാന യാത്രാ ഇളവ്; ഒക്ടോബര്‍ 20 വരെ ബുക്ക് ചെയ്യാം
റഷ്യയില്‍ നിന്ന് ഡീസല്‍ ഇറക്കുമതി ചെയ്യാനുളള നീക്കത്തിനെതിരെ ട്രംപിന് രൂക്ഷ വിമര്‍ശനം; എതിര്‍പ്പുമായി സെനറ്റര്‍മാര്‍