50 ഉദ്യോ​ഗസ്ഥർ, 40 നോട്ടെണ്ണൽ യന്ത്രങ്ങൾ, അഞ്ച് ദിനം; രാജ്യം കണ്ട ഏറ്റവും വലിയ കള്ളപ്പണവേട്ട നടന്നതിങ്ങനെ....

Published : Dec 11, 2023, 02:50 PM IST
50 ഉദ്യോ​ഗസ്ഥർ, 40 നോട്ടെണ്ണൽ യന്ത്രങ്ങൾ, അഞ്ച് ദിനം; രാജ്യം കണ്ട ഏറ്റവും വലിയ കള്ളപ്പണവേട്ട നടന്നതിങ്ങനെ....

Synopsis

ഒഡീഷയിൽ പണത്തിന്റെ കണക്കെടുപ്പ് ഏതാണ്ട് പൂർത്തിയായതായി ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു. ഏകദേശം 305 കോടി രൂപ കണ്ടെത്തി.

ദില്ലി: രാജ്യം കണ്ട ഏറ്റവും വലിയ കള്ളപ്പണവേട്ടയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്പത് ബാങ്ക് ഉദ്യോഗസ്ഥർ 40 കൗണ്ടിംഗ് മെഷീനുകൾ ഉപയോ​ഗിച്ച് രാവും പകലുമില്ലാതെ അഞ്ച് ദിവസത്തെ അശ്രാന്തമായ പരിശ്രമത്തിനൊടുവിലാണ് നോട്ടെണ്ണൽ പൂർത്തിയാക്കിയത്. കോൺഗ്രസ് രാജ്യസഭാ എംപിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒഡീഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറിയിൽ നിന്നാണ് 353.5 കോടി രൂപ പിടിച്ചെടുത്തത്. അനധികൃതമായ പണമാണ് പിടിച്ചെടുത്തതെന്ന് ആദായനികുതി വകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. രാജ്യത്തുതന്നെ പണമായി ഏറ്റവും കൂടുതൽ പിടിച്ചെടുത്ത കേസാണിത്. ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട റാഞ്ചിയിലും മറ്റ് സ്ഥലങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. 

ഒഡീഷയിൽ പണത്തിന്റെ കണക്കെടുപ്പ് ഏതാണ്ട് പൂർത്തിയായതായി ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു. ഏകദേശം 305 കോടി രൂപ കണ്ടെത്തി. ബലംഗീർ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം വീണ്ടെടുത്തത്. ₹ 37.5 കോടി സംബൽപൂരിൽ നിന്നും ₹ 11 കോടി തിത്‌ലഗഢിൽ നിന്നും കണ്ടെടുത്തു. 

പിടിച്ചെടുത്ത പണം ഇന്ന് ബലംഗീറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പ്രധാന ശാഖയിൽ നിക്ഷേപിക്കും. ടീമുകൾ 176 ബാഗുകളിൽ 140 എണ്ണം പ്രോസസ്സ് ചെയ്തിട്ടുണ്ടെന്നും ബാക്കി 36 എണ്ണം ഇന്ന് എണ്ണാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ആദായനികുതി വകുപ്പ് അടുത്തിടെ നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത എല്ലാ പണവും ഇന്ന് ബലംഗീറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പ്രധാന ശാഖയിൽ നിക്ഷേപിക്കും. 

 176 ചാക്ക് പണമാണ് പിടിച്ചെടുത്തത്. ഇതിൽ 140 എണ്ണം എണ്ണിത്തിരിച്ചു. ബാക്കി 36 എണ്ണം ഇന്ന് എണ്ണാൻ തീരുമാനിച്ചിട്ടുണ്ടെന്നും എസ്ബിഐ റീജിയണൽ മാനേജർ ഭഗത് ബെഹ്‌റ വെളിപ്പെടുത്തി. 3 ബാങ്കുകളിലെ ഉദ്യോഗസ്ഥർ നോട്ടെണ്ണുകയാണ്. ഇന്നലെയും ആദായനികുതി വകുപ്പ് ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിൽ റെയ്ഡ് തുടർന്നു. സാഹുവിന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബൽദേവ് സാഹു ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയും റെയ്ഡിൽ ഉൾപ്പെടുത്തും. 

ബൗദ് ഡിസ്റ്റിലറികളിലും അനുബന്ധ സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡുകളിൽ കണ്ടെത്തിയ വൻതോതിലുള്ള പണം നാടൻ മദ്യവിൽപ്പനയിൽ നിന്ന് ലഭിച്ച കണക്കിൽപ്പെടാത്ത വരുമാനമാണെന്നാണ് പ്രാഥമിക നി​ഗമനം. 

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ