ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വിപണി തകർച്ചയെക്കുറിച്ച് മുന്നറിയിപ്പ് നൽകി 'റിച്ച് ഡാഡ്, പുവർ ഡാഡ്’ രചയിതാവ് റോബർട്ട് കിയോസാക്കി. വരാനിരിക്കുന്ന തകർച്ചയെ നേരിടാൻ, ഒരു ദിവസം ഭക്ഷണം ഉപേക്ഷിച്ചാണെങ്കിലും വെള്ളിയിൽ നിക്ഷേപം തുടങ്ങാൻ അദ്ദേഹം സാധാരണക്കാരോട് ആവശ്യപ്പെടുന്നു.

ലോകം ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വിപണി തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി സംരംഭകനും, ലോക പ്രശസ്ത പുസ്തകം ‘റിച്ച് ഡാഡ്, പുവർ ഡാഡി’ന്റെ എഴുത്തുകാരനുമായ റോബർട്ട് കിയോസാക്കി. സാധാരണക്കാരടക്കം ചെറുതായെങ്കിലും വെള്ളിയിൽ (Silver) നിക്ഷേപം ആരംഭിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അതിനായി ഒരു ദിവസം ഭക്ഷണം ഒഴിവാക്കിയാലും സാരമില്ലെന്ന തരത്തിലുള്ള കടുത്ത നിർദേശമാണ് റോബർട്ട് കിയോസാക്കി മുന്നോട്ട് വക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

Scroll to load tweet…

2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക പ്രശ്നങ്ങൾ പോലും ഇത് വരെ പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അതിനാൽ അടുത്ത തകർച്ച അതിലും വലിയതാകാമെന്നും കിയോസാക്കി പറയുന്നു. 2008ൽത്തന്നെ താനിത് പ്രവചിച്ചിരുന്നുവെന്നും കിയോസാക്കി പറയുന്നു. 2026-ഓടെ വലിയ സാമ്പത്തിക തകർച്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പ്രത്യേകിച്ച് സ്വകാര്യ വായ്പാ വിപണിയിലുണ്ടാകുന്ന പ്രശ്നങ്ങളും വലിയ നിക്ഷേപ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ഇതിന് കാരണമാകാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒരു ദിവസം ഭക്ഷണം ഒഴിവാക്കിയാലും നിക്ഷേപം തുടങ്ങൂവെന്നാണ് കിയോസക്കിയുടെ ശ്രദ്ധേയമായ ആഹ്വാനം. പൊതുവേ സ്വർണം, വെള്ളി, ക്രിപ്റ്റോകറൻസികൾ, എണ്ണ എന്നിവയിൽ പണം നിക്ഷേപിക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.എന്നാൽ ഇവയിൽ പ്രത്യേകിച്ച് വെള്ളിയിലാണ് അദ്ദേഹം കൂടുതൽ പ്രാധാന്യം നൽകുന്നത്. ചെറിയ തുകയോടെ പോലും സാധാരണ നിക്ഷേപകർക്ക് ആരംഭിക്കാവുന്ന ആസ്തിയാണ് വെള്ളിയെന്ന് അദ്ദേഹം പറഞ്ഞു. 10 ഡോളർ ( നിലവിൽ 919 രൂപ) കയ്യിലുള്ള ആളുകൾക്ക് പോലും വെളളി നാണയങ്ങൾ വാങ്ങി നിക്ഷേപം തുടങ്ങാം. ആ തുക പോലും എടുക്കാനില്ലാത്തവർ ഒരു ദിവസം ഭക്ഷണം ഒഴിവാക്കി ആ പണം നിക്ഷേപിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

എന്തുകൊണ്ട് വെള്ളി?

വെള്ളിക്ക് സ്വർണത്തെ അപേക്ഷിച്ച് താരതമ്യേന വില കുറവാണ്. എന്നാൽ വിപണി അസ്ഥിരമാകുമ്പോൾ വെള്ളി വില വേഗത്തിൽ ഉയരാൻ സാധ്യതയുണ്ടെന്നും കിയോസാക്കി വ്യക്തമാക്കുന്നു. ചെറിയ തുക കൊണ്ട് പോലും നിക്ഷേപം ആരംഭിക്കാൻ സാധിക്കുന്നതിനാൽ പുതിയ നിക്ഷേപകർക്ക് അത് നല്ല തുടക്കമാകുമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.