സ്വർണ്ണാഭരണങ്ങളോ ഡയമണ്ട് ആഭരണങ്ങളോ; നിക്ഷേപത്തിനായി ഏതാണ് ബെസ്റ്റ്, കാരണങ്ങള്‍ ഇതാ

By Web TeamFirst Published May 2, 2024, 12:51 PM IST
Highlights

നിക്ഷേപത്തിനായി കണക്കാക്കുമ്പോൾ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നതാണോ സ്വർണാഭരണങ്ങൾ വാങ്ങുന്നതാണോ ഗുണകരം?

ഭരണങ്ങൾ അലങ്കാരങ്ങൾ മാത്രമല്ല, അതൊരു നിക്ഷേപം കൂടിയാണ്.  അതിനാൽത്തന്നെ ആഭരണങ്ങൾ വാങ്ങുമ്പോൾ നിരവധി ഘടകങ്ങൾ പരിഗണിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിക്ഷേപത്തിനായി കണക്കാക്കുമ്പോൾ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നതാണോ സ്വർണാഭരണങ്ങൾ വാങ്ങുന്നതാണോ ഗുണകരം?  നിക്ഷേപ വീക്ഷണകോണിൽ പരിശോധിക്കുമ്പോൾ വജ്രാഭരണങ്ങളെ അപേക്ഷിച്ച് സ്വർണ്ണാഭരണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. അതിനുള്ള ചില കാരണങ്ങൾ ഇതാ

ലിക്വിഡിറ്റി: 

അനായാസേന പണമാക്കി മാറ്റാവുന്ന ഒന്നാണ് സ്വർണ്ണം. കാരണം ലോകത്ത് എവിടെയും  സജീവ വ്യാപാരം നടക്കുന്ന ഒന്നാണ് സ്വർണം. ആവശ്യമുള്ളപ്പോൾ വാങ്ങാനും വിൽക്കാനും എളുപ്പമാണ്. അതേസമയം , ഡയമണ്ട് ആഭരണങ്ങൾ വിൽക്കുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. വജ്രത്തിൻ്റെ പ്രത്യേകതകൾ വിലമതിക്കുന്ന ഇടത്ത് മാത്രമേ വജ്രം അനായേസേന വിൽക്കാൻ കഴിയൂ. 

മൂല്യം നിലനിർത്തൽ: 

സമ്പത്തിൻ്റെ ഒരു മറുവാക്കായി പ്രവർത്തിക്കുന്ന സ്വർണം കാലാകാലങ്ങളായി അതിന്റെ മൂല്യം നിലനിർത്തുന്നുണ്ട്. പണപ്പെരുപ്പവും സാമ്പത്തിക സാഹചര്യങ്ങളും എന്നിങ്ങനെ വിവിധ ഘടകങ്ങൾ അതിൻ്റെ വിലയെ സ്വാധീനിക്കുന്നു. അതേസമയം, വജ്രത്തിന്റെ മൂല്യം അതിന്റെ ഷെയ്പ്, കട്ട്, വ്യക്തത, നിറം, കാരറ്റ് ഭാരം തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മാത്രമല്ല, വിപണിയിലെ ഡിമാൻഡ്, വജ്ര വ്യവസായത്തിലെ ഇടനിലക്കാരുടെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങൾ കാരണം വജ്രങ്ങളുടെ പുനർവിൽപ്പന മൂല്യം അവയുടെ റീട്ടെയിൽ വിലയേക്കാൾ കുറവാണ്.

വിപണിയിലെ ചാഞ്ചാട്ടം: 

സ്വർണ്ണത്തിൻ്റെ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുണ്ട്, എന്നാൽ വജ്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അത് കുറഞ്ഞ തോതിലാണ്. വജ്രങ്ങൾ ആഡംബര വസ്തുക്കളായതിനാൽ, ഉപഭോക്തൃ ഡിമാൻഡ്, ഫാഷൻ ട്രെൻഡുകൾ, ഡയമണ്ട് വിപണിയിലെ മാറ്റങ്ങൾ എന്നിവയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. ഈ ഘടകങ്ങൾ ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തെ കൂടുതൽ സാരമായി ബാധിക്കും.

പരിപാലനച്ചെലവ്: 

വജ്രാഭരണങ്ങളെ അപേക്ഷിച്ച് സ്വർണ്ണാഭരണങ്ങൾക്ക് പൊതുവെ പരിപാലന ചെലവ് കുറവാണ്. വജ്രങ്ങൾക്ക് ഇടയ്ക്കിടെയുള്ള പരിശോധനകൾ, വൃത്തിയാക്കൽ എന്നിവ ആവശ്യമായി വന്നേക്കാം, ഇത് മൊത്തത്തിലുള്ള ചെലവുകൾ വർദ്ധിപ്പിക്കും. 

പണലഭ്യത, മൂല്യം നിലനിർത്തൽ, വ്യാപാരം നടത്താനുള്ള എളുപ്പം തുടങ്ങിയ കാര്യങ്ങളിൽ സ്വർണ്ണാഭരണങ്ങൾ കൂടുതൽ നേട്ടങ്ങൾ നൽകിയേക്കാം. എന്നാൽ, ഇവയിൽ നിക്ഷേപം നടത്തും മുമ്പ് ഒരു സാമ്പത്തിക ഉപദേഷ്ടാവിനോടോ വിദഗ്ദ്ധനോടോ ആലോചിക്കാൻ എപ്പോഴും ശുപാർശ ചെയ്യപ്പെടുന്നു.

click me!