
മുംബൈയിലെ ജുഹുവിലുളള 711 കോടി രൂപയുടെ ആഡംബര പാര്‍പ്പിട സമുച്ചയം ഒന്നാകെ സ്വന്തമാക്കിയതോടെയാണ് ഏഞ്ചല്‍ വണ്‍ സ്ഥാപകനും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ദിനേശ് തക്കര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍, ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ബ്രോക്കിങ് പ്ലാറ്റ്ഫോമുകളിലൊന്നിന്റെ അമരക്കാരനായ ഈ സംരംഭകന്റെ ജീവിതകഥ വെറുമൊരു ആഡംബര വീടിന്റെ കഥയിലൊതുങ്ങുന്നതല്ല.
1978 മുതല്‍ 1980 വരെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹൈസ്‌കൂളിലായിരുന്നു ദിനേശ് തക്കറുടെ പ്രാഥമിക വിദ്യാഭ്യാസം. എന്നാല്‍, പന്ത്രണ്ടാം ക്ലാസില്‍ വെച്ച് അദ്ദേഹം പഠനം നിര്‍ത്തി. പന്ത്രണ്ടാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തിയതാണ് താന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ തീരുമാനമെന്ന് അദ്ദേഹം പറയുന്നു. ഔദ്യോഗിക വിദ്യാഭ്യാസമില്ലാതെ തന്നെ ഒരു ബിസിനസ് കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമായിരുന്നു ആ തീരുമാനത്തിന് പിന്നില്‍.
തുണിത്തരങ്ങള്‍ വ്യാപാരം ചെയ്യുന്ന ഒരു കുടുംബത്തിലാണ് ദിനേശ് തക്കര്‍ ജനിച്ചത്. പഠനം ഉപേക്ഷിച്ച ശേഷം അദ്ദേഹം കുടുംബ ബിസിനസിന്റെ ഭാഗമായി. എന്നാല്‍ കുടുംബ ബിസിനസിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നില്‍ക്കാതെ സ്വന്തമായി എന്തെങ്കിലും കെട്ടിപ്പടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. 2.5 ലക്ഷം രൂപയുടെ മൂലധനവുമായാണ് അദ്ദേഹം സ്വന്തം ബിസിനസിലേക്ക് കാല്‍വെക്കുന്നത്. ഈ യാത്ര ഒടുവില്‍ അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ഓഹരി വിപണിയിലായിരുന്നു.
ഒരു ബ്രോക്കറേജ് കമ്പനിയുടെ തലവനായല്ല ദിനേശ് തക്കര്‍ തന്റെ കരിയര്‍ ആരംഭിച്ചത്. ഒരു നിക്ഷേപകന്‍ എന്ന നിലയിലായിരുന്നു ഓഹരി വിപണിയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രവേശനം. എന്നാല്‍ തുടക്കം അത്ര സുഗമമായിരുന്നില്ല. 1992-ലെ സെക്യൂരിറ്റീസ് കുംഭകോണവും തുടര്‍ന്നുള്ള പ്രതിസന്ധികളും അദ്ദേഹത്തിന്റെ കരിയറിനെ സാരമായി ബാധിച്ചിരുന്നു.
പിന്നീടാണ് അദ്ദേഹം സ്റ്റോക്ക് ബ്രോക്കിങ്ങിലേക്ക് തിരിയുന്നതും 'ഏഞ്ചല്‍ ബ്രോക്കിങ്' സ്ഥാപിക്കുന്നതും. ബ്രോക്കിങ് വ്യവസായത്തില്‍ 30 വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം കമ്പനിയുടെ ചെയര്‍മാനായും മാനേജിങ് ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1996-ല്‍ സ്ഥാപിതമായ ഏഞ്ചല്‍ ബ്രോക്കിങ്, പിന്നീട് പൂര്‍ണ്ണമായും ഡിജിറ്റല്‍ മോഡലിലേക്ക് മാറുകയും 2021-ല്‍ 'ഏഞ്ചല്‍ വണ്‍' എന്ന് പേര് മാറ്റുകയും ചെയ്തു.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളെക്കുറിച്ചുള്ള ദിനേശ് തക്കറുടെ കാഴ്ചപ്പാടുകളിലെ ഒരു വലിയ മാറ്റം കൂടിയാണ് ജുഹുവിലെ പുതിയ ഫ്‌ലാറ്റ്. തന്റെ 38- 40 വയസ്സുവരെ വാടക വീടുകളിലായിരുന്നു താമസിച്ചിരുന്നതെന്നും, റിയല്‍ എസ്റ്റേറ്റിനേക്കാള്‍ തന്റെ ബിസിനസ്സില്‍ മൂലധനം നിക്ഷേപിക്കാനാണ് താന്‍ താല്പര്യപ്പെട്ടിരുന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്.
എന്നാല്‍, ആ പഴയ തീരുമാനത്തില്‍ നിന്നുള്ള വലിയൊരു മാറ്റമാണ് ഇപ്പോഴത്തെ പുതിയ ഇടപാട്. ജുഹുവിലെ എംബസി ടെറാസയിലെ ഒരു റെസിഡന്‍ഷ്യല്‍ ടവര്‍ വാങ്ങാനാണ് അദ്ദേഹം ഇപ്പോള്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നത്. 63,000 ചതുരശ്ര അടി കാര്‍പെറ്റ് ഏരിയയുള്ള ഈ ടവര്‍ അദ്ദേഹത്തിന്റെ കുടുംബ വീടായാണ് ഉപയോഗിക്കുക. 'ആഞ്ചലസ്' എന്നാണ് ഈ പുതിയ വീടിന് പേരിട്ടിരിക്കുന്നത്.