
വിനോദം, ഷോപ്പിംഗ്, ഫുഡ് ഡെലിവറി, സോഫ്റ്റ്വെയറുകള്‍, എന്തിന് വീട്ടിലെ ദൈനംദിന ആവശ്യങ്ങള്‍ക്ക് വരെ ഇപ്പോള്‍ സബ്‌സ്‌ക്രിപ്ഷനുകളുണ്ട്. ഒറ്റത്തവണ വലിയ തുക നല്‍കുന്നതിന് പകരം പ്രതിമാസമോ വര്‍ഷത്തിലൊരിക്കലോ ചെറിയ തുക നല്‍കാം എന്നതാണ് ഇതിന്റെ ആകര്‍ഷണം. ഇത് വളരെ സൗകര്യപ്രദമാണെങ്കിലും, നമ്മുടെ പോക്കറ്റില്‍ നിന്ന് പണം ചോരുന്നത് പലപ്പോഴും നമ്മള്‍ അറിയാറില്ല എന്നതാണ് സത്യം.
ഒരു 199 രൂപയുടെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുമ്പോള്‍ അതൊരു വലിയ സാമ്പത്തിക ബാധ്യതയായി ആര്‍ക്കും തോന്നില്ല. 299 രൂപയുടെ മ്യൂസിക് പ്ലാനോ 149 രൂപയുടെ ആപ്പ് മെമ്പര്‍ഷിപ്പോ ഒന്നും വലിയ ചിലവായി നമ്മള്‍ കണക്കാക്കാറുമില്ല. എന്നാല്‍ എല്ലാ മാസവും ഇത്തരം നിരവധി പേയ്‌മെന്റുകള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരുമിച്ച് പോകുമ്പോഴാണ് ഇത് പ്രതിസന്ധിയാകുന്നത്.
ഒരു ഉദാഹരണം നോക്കാം. ഒരു കുടുംബം ഒരു സ്ട്രീമിംഗ് സര്‍വീസിനായി 199 രൂപയും മറ്റൊന്നിനായി 299 രൂപയും നല്‍കുന്നു എന്നിരിക്കട്ടെ. ഇതിന് പുറമെ 149 രൂപയുടെ മ്യൂസിക് സര്‍വീസും 499 രൂപയുടെ ആപ്പ് മെമ്പര്‍ഷിപ്പും ഉണ്ടെങ്കില്‍ പ്രതിമാസം ചിലവാകുന്നത് 1,146 രൂപയാണ്. അതായത് വര്‍ഷത്തില്‍ 13,752 രൂപ! ഇതിനൊപ്പം മറ്റ് ചില ചെറിയ സബ്‌സ്‌ക്രിപ്ഷനുകള്‍ കൂടി ചേരുമ്പോള്‍ വാര്‍ഷിക ബില്‍ എളുപ്പത്തില്‍ 20,000 രൂപ കടക്കും.
ഒരു സബ്‌സ്‌ക്രിപ്ഷന്റെ തുകയല്ല ഇവിടെ പ്രധാന പ്രശ്‌നം. നിങ്ങള്‍ ശരിക്കും ആ സേവനം ഉപയോഗിക്കുന്നുണ്ടോ എന്നതാണ്. പ്രതിമാസം 199 രൂപ നിരക്കുള്ള ഒരു സര്‍വീസ് നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതൊരു നഷ്ടമല്ല. എന്നാല്‍ രണ്ട് മാസത്തിലൊരിക്കല്‍ മാത്രമാണ് നിങ്ങളത് ഉപയോഗിക്കുന്നതെങ്കില്‍, ഫലത്തില്‍ നിങ്ങള്‍ ആ ഉപയോഗിച്ച മാസത്തേക്ക് നല്‍കുന്നത് 398 രൂപയാണ്. വാര്‍ഷിക പ്ലാനുകളില്‍ ഇത്തരം നഷ്ടങ്ങള്‍ കണ്ടുപിടിക്കാന്‍ അല്പം ബുദ്ധിമുട്ടാണ്. കാരണം, വര്‍ഷത്തിലൊരിക്കല്‍ മാത്രം പണം ഈടാക്കുകയും അത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളില്‍ മറ്റ് ചിലവുകള്‍ക്കൊപ്പം മറഞ്ഞുപോകുകയും ചെയ്യുന്നു.
പണം ചോരുന്ന മറ്റൊരു വഴിയാണ് ഫ്രീ ട്രയലുകള്‍. ഒരു ആപ്പോ സര്‍വീസോ പരിശോധിക്കാന്‍ ഫ്രീ ട്രയല്‍ എടുക്കുന്ന പലരും പിന്നീട് അത് ക്യാന്‍സല്‍ ചെയ്യാന്‍ മറന്നുപോകുന്നു. ട്രയല്‍ പിരീഡ് കഴിയുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടു തുടങ്ങും. സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കുന്നത് വരെ ഈ ഓട്ടോമാറ്റിക് റിന്യൂവല്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. തുടക്കത്തിലുള്ള ഓഫര്‍ കാലാവധി കഴിഞ്ഞാല്‍ ചില സര്‍വീസുകള്‍ നിരക്ക് കുത്തനെ കൂട്ടുന്നതും സമാനമായ ബാധ്യതയുണ്ടാക്കും.
ക്രെഡിറ്റ് കാര്‍ഡുകളും പേയ്‌മെന്റ് ആപ്പുകളും ഉപയോഗിച്ചുള്ള ഇത്തരം റികറിങ് പേയ്‌മെന്റുകള്‍ പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാറില്ല. ഓരോ മാസവും നിങ്ങളുടെ പുതിയ അനുമതിയില്ലാതെ തന്നെ ചെറിയ തുകകള്‍ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യപ്പെടുന്നു. കാലക്രമേണ, ഇതൊരു പതിവായി മാറുന്നു.
എല്ലാ സബ്‌സ്‌ക്രിപ്ഷനുകളും ക്യാന്‍സല്‍ ചെയ്യണമെന്നല്ല ഇതിനര്‍ത്ഥം. പ്രതിമാസ ബഡ്ജറ്റില്‍ ഇവ ഓരോന്നിനും ആവശ്യമുണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടത്. ഒരു കുടുംബത്തിന് രണ്ട് സ്ട്രീമിംഗ് സര്‍വീസുകള്‍ ആവശ്യമായി വന്നേക്കാം, എന്നാല്‍ ഒരാള്‍ക്ക് ഒരെണ്ണം തന്നെ ധാരാളമായിരിക്കും. ഡിസൈനിങ് അല്ലെങ്കില്‍ അക്കൗണ്ടിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് പെയ്ഡ് സോഫ്റ്റ്വെയറുകള്‍ ആവശ്യമായി വരും, എന്നാല്‍ മറ്റൊരാള്‍ക്ക് അത് ആവശ്യമില്ലായിരിക്കാം.
സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിക്കുക: കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിക്കുക എന്നതാണ് ഏറ്റവും എളുപ്പവഴി. ക്ലൗഡ് സ്റ്റോറേജ്, സോഫ്റ്റ്വെയറുകള്‍, ഒടിടി പ്ലാറ്റ്ഫോമുകള്‍, ജിം മെമ്പര്‍ഷിപ്പ്, ന്യൂസ് സര്‍വീസുകള്‍, ഫുഡ് ഡെലിവറി മെമ്പര്‍ഷിപ്പുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ റിക്വറിങ് പേയ്‌മെന്റുകളുടെയും ഒരു ലിസ്റ്റ് തയ്യാറാക്കുക.
തരം തിരിക്കുക: ഈ ലിസ്റ്റിലുള്ളവയെ 'സ്ഥിരമായി ഉപയോഗിക്കുന്നത്', 'ചിലപ്പോള്‍ ഉപയോഗിക്കുന്നത്', 'വളരെ അപൂര്‍വ്വമായി ഉപയോഗിക്കുന്നത്' എന്നിങ്ങനെ മൂന്നായി തിരിക്കുക. ഈ മൂന്നാമത്തെ കാറ്റഗറിയില്‍ നിന്നാണ് നിങ്ങള്‍ക്ക് എളുപ്പത്തില്‍ പണം ലാഭിക്കാന്‍ കഴിയുക. അവ ഉടന്‍ റദ്ദാക്കാം.
റൊട്ടേറ്റിങ് സബ്‌സ്‌ക്രിപ്ഷന്‍: സബ്‌സ്‌ക്രിപ്ഷനുകള്‍ മാറ്റിമാറ്റി ഉപയോഗിക്കുന്നതാണ് മറ്റൊരു വഴി. ഒരു വര്‍ഷം മുഴുവന്‍ നാല് സ്ട്രീമിംഗ് ആപ്പുകള്‍ നിലനിര്‍ത്തുന്നതിന് പകരം, ഒരു ആപ്പ് സബ്‌സ്‌ക്രൈബ് ചെയ്യുകയും അതിലെ ഇഷ്ടമുള്ള പ്രോഗ്രാമുകള്‍ കണ്ടതിന് ശേഷം അടുത്തതിലേക്ക് മാറുകയും ചെയ്യാം. എല്ലാവര്‍ക്കും ഇത് പ്രായോഗികമായെന്ന് വരില്ല എങ്കിലും ഒരേ സമയത്തുള്ള പണച്ചെലവ് കുറയ്ക്കാന്‍ ഇത് സഹായിക്കും.
വാര്‍ഷിക പ്ലാനുകളിലെ കെണി: വാര്‍ഷിക പ്ലാനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേക കണക്കുകൂട്ടലുകള്‍ ആവശ്യമാണ്. ഒരു വര്‍ഷം മുഴുവന്‍ നിങ്ങള്‍ ആ സര്‍വീസ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാത്രമേ അതിലെ ഡിസ്‌കൗണ്ട് കൊണ്ട് പ്രയോജനമുള്ളൂ. ഒരു സര്‍വീസിനായി ഒറ്റത്തവണ 1,999 രൂപ അടച്ച ശേഷം മൂന്ന് മാസത്തിനുള്ളില്‍ ഉപയോഗം നിര്‍ത്തിയാല്‍ അതൊരിക്കലും ലാഭകരമല്ല. പ്രതിമാസ നിരക്കിനേക്കാള്‍ ലാഭമാണെന്ന് കരുതി മാത്രം ഇത്തരം വാര്‍ഷിക പ്ലാനുകള്‍ എടുക്കരുത്.
നിങ്ങളുടെ സാമ്പത്തിക പ്ലാനിങ്ങില്‍ ഇത്തരം ഡിജിറ്റല്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ക്കും കൃത്യമായൊരു സ്ഥാനമുണ്ട്. സബ്‌സ്‌ക്രിപ്ഷന്‍ ചെലവുകള്‍ കൂടുകയും സമ്പാദ്യമോ നിക്ഷേപമോ വര്‍ദ്ധിക്കാതിരിക്കുകയും ചെയ്താല്‍ അതൊരു വലിയ നഷ്ടമാണ്. കുറച്ച് മാസങ്ങള്‍ കൂടുമ്പോള്‍ സബ്‌സ്‌ക്രിപ്ഷന്‍ ലിസ്റ്റ് ഒന്ന് പരിശോധിക്കുക. കഴിഞ്ഞ വര്‍ഷം നിങ്ങള്‍ക്ക് ഉപയോഗപ്രദമായിരുന്ന ഒരു സര്‍വീസ് ഇപ്പോള്‍ ആവശ്യമില്ലായിരിക്കാം. ഉപയോഗിക്കാത്ത 199 രൂപയുടെ ഒരു സര്‍വീസ് ക്യാന്‍സല്‍ ചെയ്യുന്നത് നിങ്ങളുടെ സാമ്പത്തിക നിലയെ ഒറ്റയടിക്ക് മാറ്റില്ലായിരിക്കാം, എന്നാല്‍ അത്തരം ആറോ ഏഴോ പേയ്മെന്റുകള്‍ കണ്ടെത്തി ഒഴിവാക്കിയാല്‍ വര്‍ഷത്തില്‍ ആയിരക്കണക്കിന് രൂപ നിങ്ങള്‍ക്ക് ലാഭിക്കാം.