സ്വർണവില കൂട്ടണമെന്ന് ആവശ്യം, നിഷേധിച്ച് സംഘടന: സംസ്ഥാനത്ത് വില കുറച്ച് പോര്

By Aavani P KFirst Published May 7, 2022, 5:12 PM IST
Highlights

ലാഭ ശതമാനം വർധിപ്പിക്കാൻ അസോസിയേഷനെ സമ്മർദ്ദത്തിലാക്കാനുള്ള നടപടിയാണ് നിലവിൽ വൻകിട ജ്വല്ലറികൾ സ്വീകരിക്കുന്നത്.

തിരുവനന്തപുരം:  സംസ്ഥാനത്തെ സ്വർണവ്യാപാര മേഖലയിൽ (Gold trade sector) വീണ്ടും തർക്കം. ഇത്തവണ ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) തീരുമാനിച്ച വിലയിൽ വിപണനം നടത്താനാവില്ലെന്ന് അഭിപ്രായപ്പെട്ട വൻകിട ജ്വല്ലറികളിൽ ചിലത് വില കുറച്ചു വിൽക്കുകയാണ്. ലാഭ ശതമാനം കൂട്ടാനുള്ള ഈ വൻകിട സ്വർണ വ്യാപാരികളുടെ ആവശ്യത്തോട് സംഘടന യോജിക്കാത്തതാണ് വില കുറച്ച് വിൽക്കാനുള്ള കാരണം. ലാഭ ശതമാനം ഒഴിവാക്കിയാണ് ഈ വൻകിട ജ്വല്ലറികൾ വിപണനം നടത്തുന്നത്. 

ലാഭ ശതമാനം വർധിപ്പിക്കാൻ അസോസിയേഷനെ സമ്മർദ്ദത്തിലാക്കാനുള്ള നടപടിയാണ് ഈ കുത്തക വ്യാപാരികൾ സ്വീകരിക്കുന്നതെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നത് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആണ്. വില നിര്‍ണയത്തിന് സുതാര്യമായ ചില ഫോര്‍മുലകള്‍ ഉണ്ട്. അന്താരാഷ്ട്ര വില, എക്സ്ചേഞ്ച് വില എന്നിവ കണക്കിലെടുത്ത് അതിന്റെ മുകളില്‍ ഇംപോര്‍ട്ട് ‍‍ഡ്യൂട്ടി കൂടി കൂട്ടിയ സംഖ്യയാണ് ഇന്ത്യന്‍ വിപണിയിലെ വില. 995  പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ വിലയാണിത്. 916 എന്ന പരിശുദ്ധിയിലേക്ക് മാറ്റിയാണ് വിപണന വില നിശ്ചയിക്കുന്നത്. ഇതിനുമുകളില്‍ ഒന്ന് മുതല്‍ പരമാവധി ഒന്നരശതമാനം വരെ ലാഭം കൂടി കൂട്ടും. ഇങ്ങനെ വരുന്നതാണ് വിപണിയിലെ അവസാനത്തെ വിലയായി കണക്കാക്കുന്നത്. 

സംസ്ഥാനത്തെ ചില ജ്വല്ലറികള്‍ ലാഭം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെടുകയും ഈ വിഷയത്തിൽ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ലാഭം ഒന്നര ശതമാനത്തില്‍ നിന്നും ഉയര്‍ത്തണമെന്നും നിലവിലെ ലാഭത്തില്‍ വിപണിയില്‍ അതിജീവിക്കാന്‍ സാധിക്കുകയില്ലെന്നുമാണ് ഈ വൻകിട ജ്വല്ലറികൾ അഭിപ്രായപ്പെടുന്നത്. മാത്രമല്ല, കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളൊക്കെ 2 മുതല്‍ 5 വരെ ലാഭശതമാനം ചേർത്താണ് വില നിശ്ചയിക്കുന്നതെന്നും ഈ സംസ്ഥാനങ്ങളില്‍ ഒരു ഗ്രാമിന് കേരളത്തിനേക്കാൾ 300 മുതൽ 350 രൂപയുടെ വ്യത്യാസം വരെ ഉണ്ടെന്ന് ഈ ജ്വല്ലറികൾ ചൂണ്ടിക്കാണിക്കുകയും അസോസിയേഷനോട് ലാഭ ശതമാനം വർധിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അസോസിയേഷൻ ഇതിന് തയ്യാറായിരുന്നില്ല. ഇതിനോട് യോജിക്കാത്ത വ്യാപാരികൾ ലാഭം ഒഴിവാക്കി വില നിർണയിച്ച് വിൽപന നടത്തി അസോസിയേഷനെ ലാഭം കൂട്ടി വില നിശ്ചയിക്കാനായി സമ്മർദം ചെലുത്തുകയാണെന്ന്  ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി വ്യക്തമാക്കി.
.

വില നിർണയ രീതി

അന്താരാഷ്ട്ര സ്വർണ വില  ഡോളർ നിലവാരത്തിൽ  ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ (LBMA)ൽ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനു ശേഷം 9.35 ന് റിസർവ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് അറിയും. അതനുസരിച്ച് മുംബെെ വിപണി വിലയും കേരളത്തിലെ ബാങ്കുകളുടെ വില നിലവാരവും പരിശോധിച്ചാണ് കേരളത്തിലെ വില നിശ്ചയിക്കുന്നത്. യഥാർത്ഥ വിലയിൽ നിന്ന് രണ്ട് ശതമാനം വരെ ലാഭം എടുക്കാമെന്ന് അസോസിയേഷന്റെ തീരുമാനമുണ്ടെങ്കിലും ലാഭം കുറച്ചാണ് വില നിശ്ചയിച്ചിട്ടുള്ളത്.

വിയോജിപ്പുകൾ 

കഴിഞ്ഞ ദിവസം ചില വൻകിട ജ്വല്ലറികൾ ലാഭം ഒന്നര ശതമാനത്തിൽ നിന്നും ഉയർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റു സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടി ലാഭം 2  ശതമാനത്തോളം ഉയർത്തണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ അസോസിയേഷൻ ലാഭം ഉയർത്തുന്നതിനോട് വിയോജിച്ചു. ഇതിൽ പ്രതിഷേധിച്ച് ഇവർ ലാഭം ഒഴിവാക്കി സ്വന്തമായി വില നിശ്ചയിച്ച് വിപണനം നടത്തി. ഇന്ന് അസോസിയേഷൻ നിശ്ചയിച്ച വിലയിൽ മറ്റ് ജ്വല്ലറികൾ വിപണനം നടത്തിയപ്പോൾ ഗ്രാമിന് അഞ്ച് രൂപയോളം കുറവ് വരുത്തിയാണ് ഇവർ വിൽപന നടത്തിയത്.  വില കുറച്ച് വിൽക്കുന്നവർ പണിക്കൂലി ഇനത്തിൽ സാധാരണ ജുവല്ലറികൾ ഈടാക്കുന്നതിനേക്കാൾ കൂടുതൽ വാങ്ങുന്നുണ്ടെന്നും അസോസിയേഷൻ ആരോപിക്കുന്നു

click me!