രാഷ്ട്രത്തലവന്മാർക്ക് വിരുന്നൊരുക്കിയ ഡൊണാൾഡ് ട്രംപിന്റെ ഹോട്ടൽ വിറ്റു

By Web TeamFirst Published Nov 15, 2021, 4:16 PM IST
Highlights

ഡൊണാൾഡ് ട്രംപിന്റെ ഫാമിലി റിയൽ എസ്റ്റേറ്റ് കമ്പനി വാഷിങ്ടണിലെ തങ്ങളുടെ ലക്ഷ്വറി ഹോട്ടലിന്റെ നടത്തിപ്പവകാശം വിറ്റു

വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫാമിലി റിയൽ എസ്റ്റേറ്റ് കമ്പനി വാഷിങ്ടണിലെ തങ്ങളുടെ ലക്ഷ്വറി ഹോട്ടലിന്റെ നടത്തിപ്പവകാശം വിറ്റു. 375 ദശലക്ഷം ഡോളറിനാണ് വാഷിങ്ടൺ ഡിസിയിലെ ട്രംപ് ഇന്റർനാഷണൽ ഹോട്ടലിന്റെ നടത്തിപ്പവകാശം സിജിഐ മർച്ചന്റ് ഗ്രൂപ്പ് എന്ന ഫ്ലോറിഡയിൽ നിന്നുള്ള ഇൻവെസ്റ്റ്മെന്റ് കമ്പനിക്ക് വിറ്റത്.

ഹോട്ടലിന്റെ ട്രംപ് ഇന്റർനാഷണൽ എന്ന പേര് സിജിഐ മർച്ചന്റ് ഗ്രൂപ്പ് മാറ്റുമെന്നും വാൾ സ്ട്രീറ്റ് ജേണലിലെ റിപ്പോർട്ടിൽ പറയുന്നുണ്ട്. വാൾഡോർഫ് അസ്റ്റോറിയ ഗ്രൂപ്പാണ് ഹോട്ടൽ ഇനി ഏറ്റെടുത്ത് നടത്തുക. ഹോട്ടലിന്റെ വിൽപ്പന കരാറിൽ ഇരു കമ്പനികളും ഒപ്പുവെച്ചതായാണ് വിവരം. എന്നാൽ ട്രംപ് ഓർഗനൈസേഷൻ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

പെൻസിൽവാനിയ അവന്യുവിലാണ് ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. വൈറ്റ് ഹൗസിൽ നിന്ന് നോക്കിയാൽ കാണുന്ന ദൂരത്തിലുള്ള ഈ ഹോട്ടലിലായിരുന്നു ട്രംപ് ഭരണകാലത്ത് നിരവധി രാഷ്ട്രത്തലവന്മാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുമെല്ലാം അമേരിക്ക സന്ദർശിച്ചപ്പോൾ താമസിച്ചിരുന്നത്. 

അമേരിക്കയിലെ ഫെഡറൽ സർക്കാരിന്റേതാണ് ഈ ബഹുനില ഹോട്ടൽ കെട്ടിടം. 100 വർഷത്തേക്ക് സർക്കാർ നൽകിയ പാട്ടക്കരാറാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തിരിക്കെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ഭരണാധികാരികളിൽ നിന്ന് ഇദ്ദേഹം അനധികൃതമായി കൈപ്പറ്റിയ സമ്മാനങ്ങളുടെ പേരിൽ ഹോട്ടൽ വിവാദത്തിന്റെ കേന്ദ്രമായിരുന്നു. ഹോട്ടൽ നഷ്ടത്തിലാണെന്ന കണക്കുകൾ കള്ളമാണെന്നും പിൽക്കാലത്ത് ആരോപണം ഉയർന്നിരുന്നു. ഈ ആരോപണങ്ങളാണ് രണ്ടാം വട്ടം പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ച ട്രംപിന് തിരിച്ചടിയായത്.

click me!