ദമ്പതികള്‍ക്ക് നികുതി ലാഭിക്കാന്‍ ചില വഴികള്‍, ഏത് നികുതി വ്യവസ്ഥയാണ് ലാഭകരം?

Published : Jun 25, 2025, 05:09 PM IST
MARRIAGE LOAN

Synopsis

ദമ്പതികള്‍ നികുതി ലാഭിക്കുന്നതിനായി തങ്ങളുടെ നിക്ഷേപങ്ങള്‍ വിഭജിക്കാറുണ്ട്. ഭവന വായ്പ, വാടക, മറ്റ് നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങള്‍ എന്നിവ ഇതില്‍പ്പെടും

സാധാരണയായി ദമ്പതികള്‍ നികുതി ലാഭിക്കുന്നതിനായി തങ്ങളുടെ നിക്ഷേപങ്ങള്‍ വിഭജിക്കാറുണ്ട്. ഭവന വായ്പ, വാടക, മറ്റ് നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങള്‍ എന്നിവ ഇതില്‍പ്പെടും. വ്യക്തിഗത നികുതിദായകര്‍ക്ക് ലഭിക്കുന്ന വിവിധ നികുതി ഇളവുകള്‍ ഒരു പരിധി വരെ പ്രയോജനപ്പെടുത്താന്‍ ഇത് സഹായിക്കുന്നു.

പഴയ നികുതി വ്യവസ്ഥ പ്രകാരം ലഭിക്കുന്ന പ്രധാന ഇളവുകള്‍ ഇവയാണ്:

എച്ച്ആര്‍എ: വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് എച്ച്ആര്‍എ പരമാവധി ലഭിക്കുന്നതിനായി വാടക പങ്കിട്ട് അടയ്ക്കാം.

എല്‍ടിഎ: നാല് വര്‍ഷത്തെ ബ്ലോക്കില്‍ രണ്ട് തവണ എല്‍ടിഎ ഇളവ് ലഭിക്കുന്നതിനാല്‍, ദമ്പതികള്‍ക്ക് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ യാത്രാ ചിലവുകള്‍ പങ്കിട്ട്, നാല് വര്‍ഷവും ഇളവ് നേടാം.

വകുപ്പ് 80C പ്രകാരമുള്ള നിക്ഷേപങ്ങള്‍: സ്ഥിര നിക്ഷേപങ്ങള്‍, ഇഎല്‍എസ്എസ്, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയ നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങള്‍ നടത്തുക വഴി വകുപ്പ് 80C പ്രകാരം ഓരോ വ്യക്തിക്കും 1,50,000 രൂപ വരെ ഇളവ് ലഭിക്കും.

ആരോഗ്യ ഇന്‍ഷുറന്‍സ് (വകുപ്പ് 80D): ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് വകുപ്പ് 80D പ്രകാരം ഇളവ് നേടാം. സ്വന്തം പോളിസിക്ക് 25,000 രൂപ വരെയും, മാതാപിതാക്കള്‍ക്ക് (സീനിയര്‍ സിറ്റിസണ്‍ ആണെങ്കില്‍) 50,000 രൂപ വരെയും അധികമായി ക്ലെയിം ചെയ്യാം.

ദേശീയ പെന്‍ഷന്‍ പദ്ധതി : വകുപ്പ് 80CCD(1B), 80CCD(2) പ്രകാരം എന്‍പിഎസില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്കും അധിക ഇളവ് ലഭിക്കും.

ചാരിറ്റി സംഭാവനകള്‍ (വകുപ്പ് 80G): ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് വകുപ്പ് 80G പ്രകാരം നിശ്ചിത പരിധി വരെ ഇളവ് നേടാം.

പുതിയ നികുതി വ്യവസ്ഥയും ദമ്പതികളും

പുതിയ നികുതി വ്യവസ്ഥയില്‍ വരുത്തിയ മാറ്റങ്ങള്‍ കാരണം, ഒരു വ്യക്തിക്ക് എത്ര നികുതി ലാഭിക്കാന്‍ സാധിക്കുമെന്ന് തിരഞ്ഞെടുക്കുന്ന നികുതി വ്യവസ്ഥയും നടത്തുന്ന നിക്ഷേപങ്ങളെയും ആശ്രയിച്ചിരിക്കും.

ഉദാഹരണത്തിന്, ഒരു വ്യക്തിക്ക് പ്രതിവര്‍ഷം ഏകദേശം 24,75,000 രൂപ വരുമാനം ഉണ്ടെങ്കില്‍, ഏകദേശം 8,00,000 രൂപയുടെ കിഴിവുകള്‍ ഉണ്ടെങ്കില്‍ പഴയ നികുതി വ്യവസ്ഥയായിരിക്കും ലാഭകരം. ഇതിനര്‍ത്ഥം, നിങ്ങളുടെ കിഴിവുകള്‍ (സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍, 80C, 80D, HRA, LTA, ഭവന വായ്പ പലിശ മുതലായവ ഉള്‍പ്പെടെ) 8,00,000 രൂപയില്‍ കൂടുതലാണെങ്കില്‍ പഴയ നികുതി വ്യവസ്ഥയില്‍ നികുതി ബാധ്യത കുറയും.

എന്നാല്‍ നിങ്ങളുടെ കിഴിവുകള്‍ 8,00,000 രൂപയില്‍ കുറവാണെങ്കില്‍, പുതിയ നികുതി വ്യവസ്ഥ കൂടുതല്‍ പ്രയോജനകരമായിരിക്കും. വരുമാന നിലവാരവും നിക്ഷേപങ്ങളും അനുസരിച്ച്, ദമ്പതികള്‍ തങ്ങള്‍ക്ക് ഏറ്റവും ലാഭകരമായ നികുതി വ്യവസ്ഥ ഏതാണെന്ന് വിശകലനം ചെയ്ത് തീരുമാനമെടുക്കണം.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം