ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങാന്‍ സാധിക്കുന്ന മദ്യകുപ്പിയുടെ എണ്ണം കുറക്കും; സിഗരറ്റ് നിരോധിക്കും

By Web TeamFirst Published Jan 19, 2020, 8:51 PM IST
Highlights

നിലവില്‍ രണ്ട് ലിറ്റര്‍ മദ്യവും ഒരു കാര്‍ട്ടണ്‍ സിഗരറ്റുമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് വാങ്ങാന്‍ സാധിക്കുക. 

ദില്ലി: ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്ന മദ്യക്കുപ്പികളുടെ എണ്ണത്തിന്‍ വന്‍ കുറവ് വരുമെന്ന് സൂചന. ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങിക്കാന്‍ സാധിക്കുന്ന മദ്യക്കുപ്പിയുടെ എണ്ണം ഒന്നായി കുറയ്ക്കാനും സിഗരറ്റ് നിരോധിക്കാനും 2020 ലെ ബഡ്ജറ്റില്‍ നിര്‍ദേശമുണ്ടാകുമെന്നാണ് സൂചന. നിലവില്‍ രണ്ട് ലിറ്റര്‍ മദ്യവും ഒരു കാര്‍ട്ടണ്‍ സിഗരറ്റുമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് വാങ്ങാന്‍ സാധിക്കുക. 

അനിവാര്യമല്ലാത്ത സാധനങ്ങളുടെ ഇറക്കുമതി കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിര്‍ദേശമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നുള്ള സിഗരറ്റ് വില്‍പ്പന പൂര്‍ണമായും നിരോധിക്കാനും നീക്കമുണ്ട്.  2020ലെ ബഡ്ജറ്റിനായി വാണിജ്യ മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളിലാണ് ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യകുപ്പിയും സിഗരറ്റും അടക്കമുള്ള വസ്തുക്കളുടെ വില്‍പനയെക്കുറിച്ച് വിശദമാക്കുന്നത്. 

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഒരു ലിറ്റര്‍ മദ്യം കൊണ്ടുപോകാന്‍ അനുവദിക്കുന്ന ചില രാജ്യങ്ങളുടെ മാതൃക ഇന്ത്യ പിന്തുടരുമെന്നാണ് വിവരം. അനിവാര്യമല്ലാത്ത സാധനങ്ങളുടെ ഇറക്കുമതി കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ വാണിജ്യ മന്ത്രാലയത്തിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇറക്കുമതി നികുതി അടയ്ക്കാതെ 50000 രൂപയുടെ സാധനങ്ങള്‍ യാത്രക്കാരന് വാങ്ങാന്‍ സാധിക്കും. പേപ്പര്‍, ചെരുപ്പുകള്‍, റബ്ബര്‍ നിര്‍മ്മിത കളിപ്പാട്ടങ്ങള്‍ എന്നിവയ്ക്ക് കസ്റ്റംസ് നികുതി വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍മ്മിക്കുന്ന വസ്തുക്കളുടെ നിര്‍മ്മാണം വര്‍ധിപ്പിക്കാനാണ് ഈ നീക്കം. 

click me!