സമസ്ത മേഖലയും വളരുന്നു, പണപ്പെരുപ്പം നിയന്ത്രണ വിധേയം; നേട്ടങ്ങളും പ്രതീക്ഷകളും എടുത്തുപറഞ്ഞ് സാമ്പത്തികസര്‍വേ

Published : Jan 31, 2025, 05:37 PM IST
സമസ്ത മേഖലയും വളരുന്നു, പണപ്പെരുപ്പം നിയന്ത്രണ വിധേയം; നേട്ടങ്ങളും പ്രതീക്ഷകളും എടുത്തുപറഞ്ഞ് സാമ്പത്തികസര്‍വേ

Synopsis

ഇന്ത്യയുടെ 2025 സാമ്പത്തിക സര്‍വേയിലെ പ്രസക്തഭാഗങ്ങള്‍

രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് പിന്തുണയേകുന്ന മേഖലകളെല്ലാം മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റി്ന്‍റെ മേശ പുറത്തുവച്ച 2024-25 ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. വ്യാവസായിക മേഖല കോവിഡിന്  മുമ്പുള്ള വളര്‍ച്ചയെ മറികടന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2047ഓടെ വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് പ്രതിവര്‍ഷം 8 ശതമാനം വളര്‍ച്ച കൈവരിക്കണം. പക്ഷെ 2025 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 6.4% ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2026 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച 6.3% നും 6.8% നും ഇടയിലായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

സാമ്പത്തിക സര്‍വേയിലെ പ്രസക്തഭാഗങ്ങള്‍

1. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ സ്ഥിരതയുള്ളതായി തുടരും
ആഗോള അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 6.4% ആണ്.

2. എല്ലാ മേഖലകളും വളര്‍ച്ചയ്ക്ക് സംഭാവന നല്‍കും
എല്ലാ മേഖലകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് സാമ്പത്തിക സര്‍വേ രേഖ പറഞ്ഞു. കാര്‍ഷിക മേഖല ശക്തമായി തുടരുന്നു. വ്യാവസായിക മേഖല കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ചെത്തി.

3. പണപ്പെരുപ്പം നിയന്ത്രണത്തിലാകുന്നു
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 5.4% ആയിരുന്ന ചില്ലറ വ്യാപാര പണപ്പെരുപ്പം 2024-25 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 4.9% ആയി കുറഞ്ഞുവെന്ന് സര്‍വേ പറയുന്നു.

4. നേരിട്ടുള്ള വിദേശ നിക്ഷേപം മെച്ചപ്പെടുന്നു
2024-25 ല്‍ ഇതുവരെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ സമ്മിശ്രമായാണ് ഇന്ത്യയെ സമീപിക്കുന്നത്. ആഗോള വിപണികളിലെ അനിശ്ചിതത്വവും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ ലാഭമെടുക്കലും മൂലധന ഒഴുക്കിന് കാരണമായി. അതേസമയം, 2024-25 ലെ ആദ്യ എട്ട് മാസങ്ങളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം തിരിച്ചുവരവിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്.

5. വിദേശ നാണ്യ ശേഖരം ശക്തിപ്പെടുന്നു
ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 2024 സെപ്റ്റംബറില്‍ 706 ബില്യണ്‍ ഡോളര്‍ എന്ന ഉയര്‍ന്ന നിലയിലായിരുന്നു. 2024 ഡിസംബര്‍ 27 ആയപ്പോഴേക്കും ഇത് 640.3 ബില്യണ്‍ ഡോളറായി.

6. ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖല സ്ഥിരതയില്‍
വാണിജ്യ ബാങ്കുകള്‍ അവരുടെ മൊത്ത നിഷ്ക്രിയ ആസ്തി 2024 സെപ്റ്റംബര്‍ അവസാനത്തോടെ 2.6 ശതമാനമായി കുറച്ചു. ഇതിനുപുറമെ, 2024-25 ലെ ആദ്യ പാദത്തില്‍ ക്രെഡിറ്റ്-ജിഡിപി വിടവ് മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ -10.3% ല്‍ നിന്ന് 0.3% ആയി കുറഞ്ഞു, ഇത് ബാങ്ക് വായ്പയിലെ സമീപകാല വളര്‍ച്ച സുസ്ഥിരമാണെന്ന് സൂചിപ്പിക്കുന്നു. കൂടാതെ, 2023-24 ല്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ 7.7% വര്‍ദ്ധിച്ച് 11.2 ലക്ഷം കോടി രൂപയിലെത്തി, മൊത്തം പെന്‍ഷന്‍ വരിക്കാരുടെ എണ്ണം 2024 സെപ്റ്റംബര്‍ വരെ വര്‍ഷം തോറും 16% വര്‍ദ്ധിച്ചുവെന്ന് സര്‍വേ പറയുന്നു.

7. കയറ്റുമതി വളരുന്നു
ഇന്ത്യയുടെ മൊത്തം കയറ്റുമതി 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ സ്ഥിരമായ വളര്‍ച്ച കൈവരിച്ച് 602.6 ബില്യണ്‍ യുഎസ് ഡോളറിലെത്തി . പെട്രോളിയം, രത്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവ ഒഴികെയുള്ള സേവനങ്ങളുടെയും ചരക്കുകളുടെയും കയറ്റുമതിയിലെ വളര്‍ച്ച 10.4 ശതമാനമായിരുന്നു. ഇതേ കാലയളവില്‍ മൊത്തം ഇറക്കുമതി 682.2 ബില്യണ്‍ യുഎസ് ഡോളറിലെത്തി

8. എംഎസ്എംഇ വായ്പാ വളര്‍ച്ച ശക്തം
2024 നവംബര്‍ 29 ലെ കാര്‍ഷിക വായ്പയിലെ വളര്‍ച്ച  5.1% ആയിരുന്നു. അതേസമയം, വ്യാവസായിക വായ്പയിലെ വളര്‍ച്ച 2024 നവംബര്‍ അവസാനത്തോടെ 4.4% ആയി ഉയര്‍ന്നു, ഒരു വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ 3.2% നെക്കാള്‍ കൂടുതലാണിത്.സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എംഎസ്എംഇ) ബാങ്ക് വായ്പ വന്‍കിട സംരംഭങ്ങള്‍ക്കുള്ള വായ്പ വിതരണത്തേക്കാള്‍ വേഗത്തില്‍ വളരുകയാണ്. 2024 നവംബര്‍ അവസാനത്തോടെ, എംഎസ്എംഇകള്‍ക്കുള്ള വായ്പ വാര്‍ഷികാടിസ്ഥാനത്തില്‍ 13% വളര്‍ച്ച രേഖപ്പെടുത്തി, അതേസമയം വലിയ സംരംഭങ്ങളുടേത് 6.1% ആയിരുന്നു.

9. വളര്‍ച്ചയ്ക്ക് നിയന്ത്രണം നീക്കല്‍ ആവശ്യമാണ്
വളര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് അനാവശ്യമായ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് സാമ്പത്തിക സര്‍വേ ആവശ്യപ്പെടുന്നു. നിയന്ത്രണങ്ങള്‍ നീക്കല്‍ അജണ്ട ത്വരിതപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുക, , വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക സ്വാതന്ത്ര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ആവശ്യമെന്നും സര്‍വേയില്‍ പറയുന്നു.

10. അടിസ്ഥാന സൗകര്യ മേഖല പധാന ശ്രദ്ധാകേന്ദ്രം
ഭൗതിക, ഡിജിറ്റല്‍, സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം കഴിഞ്ഞ അഞ്ച് വര്‍ഷമായി സര്‍ക്കാരിന്‍റെ  ശ്രദ്ധാകേന്ദ്രമാണ്.അടിസ്ഥാന സൗകര്യ നിര്‍മ്മാണത്തിന്‍റെ വേഗത തുടരേണ്ടതിന്‍റെ പ്രാധാന്യവും സുസ്ഥിര നിര്‍മ്മാണ രീതികള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.

PREV
click me!

Recommended Stories

സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും
600-ലേറെ എ320 വിമാനങ്ങള്‍ പരിശോധിക്കണം; വില്‍പനയ്ക്ക് തിരിച്ചടിയെന്ന് എയര്‍ബസ്