വളർച്ച താഴേക്ക്, കടം മുകളിലേക്ക്, തളർന്ന് കൃഷി, സാമ്പത്തിക സർവേ റിപ്പോർട്ട് 2020

By Web TeamFirst Published Jan 14, 2021, 2:25 PM IST
Highlights

പ്രവാസികൾ കൂട്ടത്തോടെ തിരികെ വന്നുവെന്ന കാര്യം എടുത്തു പറയുന്നു സാമ്പത്തിക സർവേ റിപ്പോർട്ടിൽ. ആകെ പ്രവാസികളുടെ 60 ശതമാനവും മടങ്ങിയെത്തിയെന്ന വലിയ കണക്കാണ് ഈ റിപ്പോർട്ടിലുള്ളത്. വിശദാംശങ്ങൾ ഇങ്ങനെ. 
 

തിരുവനന്തപുരം: കൊവിഡ് മഹാമാരിയും മറ്റ് പ്രകൃതിദുരന്തങ്ങളുടെ പ്രതിഫലനങ്ങളും തിരിച്ചടിയേൽപ്പിച്ച 2020-ൽ സംസ്ഥാനത്തിന്‍റെ വളർച്ചാനിരക്ക് താഴേക്കെന്ന് സാമ്പത്തികസർവേ റിപ്പോർട്ട്. വെറും 3.45% മാത്രമാണ് കഴിഞ്ഞ വർഷം സംസ്ഥാനത്തിന്‍റെ വളർച്ചാനിരക്ക്. മുൻ വർഷം ഇത് 6.49% ആയിരുന്നു. റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വച്ചു. 

ഏറ്റവും ശ്രദ്ധേയം സംസ്ഥാനത്തിന്‍റെ ആഭ്യന്തരകടബാധ്യത കുതിച്ചുകയറിയെന്നതാണ്. ശമ്പളം, പലിശ, പെൻഷൻ ചെലവ് എന്നിവ ഉയർന്നു. അതിനാൽത്തന്നെ, സംസ്ഥാനത്തിന്‍റെ കടബാധ്യത 2,60,311 കോടി രൂപയായി ഉയർന്നു. ആഭ്യന്തര കടത്തിന്‍റെ വർധന 9.91- ശതമാനമാണ്. 

പ്രകൃതിദുരന്തങ്ങൾ സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ചയെ ബാധിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൊവിഡ് സമ്പദ് വ്യവസ്ഥയെ സാരമായിത്തന്നെ ബാധിക്കും. അടുത്ത സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ സമ്പദ് വ്യവസ്ഥ 26% ചുരുങ്ങും. വിലക്കയറ്റം സാമ്പത്തിക വിഷമത വർധിപ്പിച്ചു. 

കാർഷിക മേഖലയുടെ വളർച്ചയും താഴേയ്ക്ക് തന്നെയാണ്. വളർച്ച നെഗറ്റീവായി തുടരുന്നു ഇത്തവണയും. - 6.62% ശതമാനമാണ് ഇത്തവണ കാർഷികമേഖലയുടെ നെഗറ്റീവ് വളർച്ച. എന്നാൽ കൃഷിഭൂമിയുടെ അളവ് വർധിച്ചു. നെല്ല് ഉൽപാദനം കൂടി എന്നത് നേട്ടമായി കണക്കാക്കപ്പെടുന്നു. 

ഉൽപാദന മേഖലയിലെ വളർച്ച 1.5 ശതമാനമാണ്. കൊവിഡ് ലോക്ക്ഡൗൺ കാലത്തെ അടച്ചിടൽ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയെ സാരമായിത്തന്നെ ബാധിച്ചു. ഇത് വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. 

2020- ലെ 9 മാസത്തിനിടെ ഉണ്ടായ നഷ്ടം 25000 കോടി  രൂപയാണ്. റവന്യൂ വരുമാനത്തിൽ 2629 കോടി രൂപയുടെ കുറവ് ഉണ്ടായി. കേന്ദ്ര നികുതികളുടെയും ഗ്രാന്‍റുകളുടെയും വിഹിതത്തിലും കുറവ് വന്നു. തനത് നികുതി വരുമാനത്തിലും കുറവുണ്ടായി. 

പ്രവാസികൾ കൂട്ടത്തോടെ തിരികെ വന്നുവെന്ന കാര്യം എടുത്തു പറയുന്നു സാമ്പത്തിക സർവേ റിപ്പോർട്ടിൽ. ആകെ പ്രവാസികളുടെ 60 ശതമാനവും മടങ്ങിയെത്തിയെന്ന വലിയ കണക്കാണ് ഈ റിപ്പോർട്ടിലുള്ളത്. 2018-ലെ മൈഗ്രഷൻ സർവ്വ അനുസരിച്ച് 12.95 ലക്ഷം പേർ തിരിച്ച് വന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

(Updating)

click me!