പാചക എണ്ണ വില തണുക്കുന്നു; വരും ആഴ്ചകളിൽ ചില്ലറ വിൽപ്പന വില കുറയും

By Web TeamFirst Published Jul 7, 2022, 12:02 PM IST
Highlights

ഏതാനും ആഴ്ചകൾക്കുള്ളിൽ ഭക്ഷ്യ എണ്ണയുടെ വില ലിറ്ററിന് 15 മുതൽ 20 രൂപ വരെ കുറയും

ദില്ലി: രാജ്യത്ത് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ  ഭക്ഷ്യ എണ്ണയുടെ ചില്ലറ വിൽപ്പന വില കുറഞ്ഞേക്കും. ലിറ്ററിന് 10-15 രൂപയെങ്കിലും കുറയുമെന്ന് ഭക്ഷ്യ എണ്ണ വ്യവസായം കേന്ദ്ര സർക്കാരിന് ഉറപ്പ് നൽകിയതായി വ്യാപാര വൃത്തങ്ങൾ അറിയിച്ചു. ഭക്ഷ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് വില കുറയുമെന്ന ഉറപ്പ് ലഭിച്ചത്.

രാജ്യത്തുടനീളമുള്ള പാചക എണ്ണകളുടെ പരമാവധി റീട്ടെയിൽ വില (എംആർപി)  ഏകീകൃതമായി നിലനിർത്താൻ ഭക്ഷ്യ എണ്ണ വ്യവസായികളോട് ഭക്ഷ്യസെക്രട്ടറി സുധാൻഷു പാണ്ഡെ ആവശ്യപ്പെട്ടതായി  പിടിഐ  റിപ്പോർട്ട് ചെയ്തു. നിലവിൽ വിവിധ സോണുകളിൽ ലിറ്ററിന് 3 മുതൽ 5 രൂപയുടെ വരെ വ്യത്യാസമുണ്ട്.

ബ്രാൻഡുകൾക്കനുസരിച്ച് ചില്ലറ വിൽപ്പന വിലയിൽ ഇതിനകം ലിറ്ററിന് 10-20 രൂപ കുറച്ചിട്ടുണ്ട് എന്നും ഇനി അടുത്ത ആഴ്ചകളിൽ 10-15 രൂപ കുറയ്ക്കും എന്നും ഭക്ഷ്യ എണ്ണ വ്യവസായികൾ അറിയിച്ചു. ചരക്കുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനാൽ ഒറ്റരാത്രികൊണ്ട് വില കുറയ്ക്കുന്നത് പ്രവർത്തികമാകില്ലെന്നും അതിനു സമയമെടുക്കുമെന്നും ”സോൾവെന്റ് എക്‌സ്‌ട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എസ്ഇഎ) എക്‌സിക്യൂട്ടീവ് ഡയറക്ടർ ബി വി മേത്ത പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.

ജൂൺ മുതൽ ആഗോള വിപണിയിൽ പ്രധാന ഭക്ഷ്യ എണ്ണകളുടെ വില ഇടിഞ്ഞിരുന്നു. ഉപഭോഗം ചെയ്യുന്ന തുകയുടെ 60 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതിനാൽ ഇത് ആഭ്യന്തര വിപണിയിലും ഇടിവുണ്ടാക്കി. പാം ഓയിൽ  ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നും സോയാബീൻ ഓയിൽ  അർജന്റീനയിൽ നിന്നും ബ്രസീലിൽ നിന്നുമാണ് പ്രധാനമായും വരുന്നത്.

ജൂൺ 1 നും ജൂലൈ 1 നും ഇടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപഭോഗം ചെയ്യുന്ന ഭക്ഷ്യ എണ്ണയായ പാം ഓയിലിന്റെ വില ഏകദേശം 24 ശതമാനം കുറഞ്ഞു. കൂടാതെ, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവ യഥാക്രമം 17.4, 12.2 ശതമാനം കുറഞ്ഞു.

click me!