
കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ ഏറ്റവും വലുത് ആനകൾ ജനവാസമേഖലകളിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ടതാണ്. വയനാട് പോലെയുള്ള ജില്ലകളിൽ ആനകൾ നാട്ടിലിറങ്ങുന്നും കൃഷി നശിപ്പിക്കുന്നതും അടിസ്ഥാനസൗകര്യങ്ങൾ തന്നെ ഇല്ലാതാക്കുന്നതും പതിവാണ്. ഇത് ജനരോഷത്തിനും പ്രതിഷേധങ്ങൾക്കും കാരണമാകുന്നു.
ആനകളെ പ്രതിരോധിക്കാനുള്ള നിരവധി മാർഗങ്ങൾ നിലവിൽ കേരള വനംവകുപ്പ് ഉപയോഗിക്കുന്നുണ്ട്. ഫെൻസിങ് അധവാ വേലികളാണ് ഇതിൽ പ്രധാനം. റെയിൽ പാളങ്ങൾ കൊണ്ടുള്ള വേലി, സൗരോർജ വേലി, തൂക്ക് സൗരോർജ വേലി, ഇരുമ്പ് വടങ്ങൾ ഉപയോഗിച്ചുള്ള വേലി എന്നിവയാണ് പ്രധാനമായും നിലവിൽ വനംവകുപ്പ് ആനകളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത്. ഇവയ്ക്കെല്ലാം കിഫ്ബി ഫണ്ട് നൽകുന്നുണ്ട്.
കേരളത്തിൽ 95% പ്രതിരോധവും ഫെൻസിങ് വഴിയാണെന്നാണ് വയനാട് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി അനന്ദൻ പറയുന്നു. ഫെൻസിങ് ഫലപ്രദമായ രീതിയാണ്. ചെലവും കുറവാണ്. ഇത് കൃത്യമായി പരിപാലിച്ചാൽ വന്യജീവികളെ ഒരു പരിധി വരെ തടയാനാകുമെന്നും അദ്ദേഹം പറയുന്നു.
സോളാർ ഫെൻസിങ്ങാണ് മറ്റൊരു പ്രതിരോധം. കേരളത്തിൽ മൊത്തം 2400 കിലോമീറ്റർ സൗരോർജ പ്രതിരോധ വേലികൾ ഉണ്ടെന്നാണ് കണക്ക്. പുതുതായി 1700 കിലോമീറ്റർ ദൂരം നിർമ്മിക്കാനുണ്ട്. സൗരോർജ വേലികൾക്കുള്ള ഒരു പ്രശ്നം, അവയുടെ ഉപകരണങ്ങൾക്ക് എളുപ്പത്തിൽ വരാവുന്ന തകരാറുകളാണ്. ഇവയുടെ പ്രധാന ഭാഗമായ എനർജൈസറിന് തകരാർ സംഭവിച്ചാൽ, ചിലപ്പോൾ അതിനോട് ചേർന്നുള്ള 2 കിലോമീറ്റർ യൂണിറ്റ് തന്നെ തകരാറിലാകാം. ഇത് ഒഴിവാക്കാനും ചെലവ് കുറഞ്ഞ രീതിയിൽ സൗരോർജ ഫെൻസിങ് നന്നാക്കാനും കേരളത്തിൽ തന്നെ ആദ്യമായി സൗരോർജവേലി സർവീസ് സെന്റർ തുടങ്ങി. വയനാട് ഉൾപ്പെടുന്ന വടക്കൻ മേഖലകളിലെ നാല് ജില്ലകളിൽ സൗരോർജ വേലികൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ തീർക്കാൻ ഈ സെന്ററിലൂടെ കഴിയും.
ഏതെങ്കിലും ഒരു മാർഗമല്ല, വിവിധ ഉപായങ്ങളുടെ ഒരുമിച്ചുള്ള പ്രയോഗമാണ് ഇക്കാര്യത്തിൽ ഫലപ്രദമെന്നാണ് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.ജെ മാർട്ടിൻ ലോവൽ പറയുന്നത്.
"ഏത് തരം പ്രതിരോധം തീർത്താലും ആനകളെപ്പോലെയുള്ള വന്യജീവികൾ അതിനെ മറികടക്കും. മുൻപ് ആനക്കുഴികൾ ഉണ്ടായിരുന്നു. പക്ഷേ, ഏതെങ്കിലും സ്ഥലത്ത് അത് ഇടിച്ചിടിച്ച് ആന അത് മറികടക്കും. അതുപോലെ വേലികൾ ഉണ്ടാക്കിയിരുന്നു. അപ്പോൾ അടുത്തുള്ള ഏതെങ്കിലും മരം അതിലേക്ക് മറിച്ചിട്ട് ആനകൾ അത് കടക്കും. പിന്നീട് കരിങ്കല്ല് മതിലുകൾ ഉണ്ടാക്കാൻ തുടങ്ങി. അത് വളരെ ചെലവേറിയ മാർഗമാണ്. പക്ഷേ, ഈ മതിലുകളും കൊമ്പുകൊണ്ട് കുത്തിയും മറ്റും കടന്നുപോകാനുള്ള സ്ഥലം ആനകൾ കണ്ടെത്തും."
ഇപ്പോൾ വനംവകുപ്പ് ഓരോ സാഹചര്യങ്ങൾക്ക് അനുസൃതമായി ഈ മാർഗങ്ങളെല്ലാം കൂടിച്ചേർത്ത് ഉപയോഗിക്കുകയാണ്. ചില പ്രദേശങ്ങളിൽ കിടങ്ങുകൾ മാത്രം മതിയാകും. ചിലയിടങ്ങളിൽ റെയിൽ ഫെൻസുകൾ കൂടെ ഉപയോഗിക്കും. ഇതിനെല്ലാം പുറമെ ആനകളെ പ്രതിരോധിക്കാൻ പുതിയ സാങ്കേതികവിദ്യകൾ പ്രയോഗിക്കുകയാണ് ഇപ്പോൾ വനംവകുപ്പ്.
ഇതിൽ പ്രധാനപ്പെട്ടത് സ്മാർട്ട്ഫെൻസിങ് പദ്ധതിയാണ്. വയനാട് ഇരുളം വനമേഖലയിലാണ് ഇത് പരീക്ഷണടിസ്ഥാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു രീതി ഇൻട്രൂഷൻ ഫെൻസിങ് ആണ്. പി.ഐ.ഡി.എസ് എന്നറിയപ്പെടുന്ന ഈ രീതിയിൽ മണ്ണിനടിയിലൂടെ കേബിളുകൾ വലിച്ച് ആനകൾ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന വൈബ്രേഷൻ അനുസരിച്ച് വന്യജീവികളുടെ നീക്കം നിരീക്ഷിക്കുകയാണ് ചെയ്യുക. ഇതിനായി പ്രത്യേകം കൺട്രോൾ റൂമും ഉണ്ട്. ഓപ്ടിക്കൽ ഫൈബർ, എ.ഐ ക്യാമറ എന്നിവയും ഇതിന്റെ ഭാഗമാണ്. ഈ നവീനമായ പദ്ധതി ഉൾപ്പെടെ വന്യജീവി പ്രതിരോധത്തിനുള്ള മാർഗങ്ങൾക്ക് കിഫ്ബിയാണ് ഫണ്ട് നൽകുന്നത്. കിഫ്ബിക്കൊപ്പം നബാർഡ്, എം.എൽ.എമാരുടെ ഫണ്ട്, വയനാട് പാക്കേജ്, കാർഷികവകുപ്പ് ഫണ്ട് എന്നിവരും ഫണ്ട് നൽകുന്നുണ്ട്.
എ.ഐ അധിഷ്ഠിത പ്രതിരോധ വേലിയിൽ കമ്പിക്ക് പകരം ലാഡർ ആണ് ഉപയോഗിക്കുന്നത്. ആനകൾ ഇത് തള്ളുമ്പോൾ ഇലാസ്തികതയുള്ളതിനാൽ വേലി മുന്നോട്ട് ചലിക്കുകയും തിരികെ പൂർവ്വസ്ഥിതിയിലാകുകയും ചെയ്യും. ഇത് കൂടാതെ ഈ വേലിയുടെ രണ്ട് വശത്തും ഷോക്ക് ലൈനുകൾ ഉണ്ട്.
"എ.ഐ ക്യാമറ ഉപയോഗിച്ച് 60 മീറ്റർ ദൂരത്ത് നിന്ന് തന്നെ ആനകളെ തിരിച്ചറിയാൻ കഴിയും. ആനകളുടെ നീക്കം അനുസരിച്ച് അവ വേലിക്ക് അരികിലേക്ക് എത്തുന്നതിന് മുൻപ് തന്നെ അലാം ശബ്ദിക്കുകയും ലൈറ്റ് തെളിയുന്നു. ഇതോടെ ആനകൾ തിരികെപ്പോകും. ആറ് മാസമായി ഈ വേലി സ്ഥാപിച്ചിട്ട്. ഇതുവരെ ആനകൾ ഇത് മറികടന്നിട്ടില്ല." - ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അബ്ദുൾ ഗഫൂർ പറയുന്നു.
വനംവകുപ്പ് അധികൃതരുടെ വാദം കർഷകനായ ജോണിയും ശരിവെക്കുന്നു.
ഫെൻസിങ് വരുന്നതിന് മുൻപ് കൃഷി സീസണിൽ ആനശല്യമായിരുന്നുവെന്ന് ജോണി പറയുന്നു. "നെല്ല്, ചക്ക, മാങ്ങ ഇതിന്റെയെല്ലാം സീസൺ ആകുമ്പോൾ രാവും പകലും പുറത്തിറങ്ങാൻ പറ്റുമായിരുന്നില്ല. രാവിലെ എട്ട് മണിക്ക് പോലും ആന കൃഷിയിടത്തിൽ ഉണ്ടോയെന്ന് നോക്കിയിട്ടേ പുറത്തിറങ്ങാൻ പറ്റുമായിരുന്നുള്ളൂ. ഇപ്പോൾ അത് മാറി. കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ട് തവണ മാത്രമേ ആനകൾ ഇവിടെ വന്നിട്ടുള്ളൂ. അപ്പോഴും ഫെൻസിങ് ഉള്ള സ്ഥലത്ത് കയറിയിരുന്നില്ല."- അദ്ദേഹം പറയുന്നു.