യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ മസ്‌കിനും തിരിച്ചടി! റിപ്പബ്ലിക്കന്‍മാര്‍ക്കായി ചെലവിട്ടത് കോടികള്‍

Published : Nov 06, 2026, 03:27 PM IST
donald trump and elon musk

Synopsis

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട പരാജയം ഇലോൺ മസ്‌കിനും കനത്ത തിരിച്ചടിയായി. ടെക്സസിൽ ഡെമോക്രാറ്റുകൾ വിജയിച്ചതോടെ ടെസ്ല, സ്പേസ് എക്സ് ഓഹരികൾ ഇടിഞ്ഞു. മസ്കിന്റെ എഐ ഡേറ്റാ സെന്റർ പദ്ധതികൾക്കും ഇത് വലിയ വെല്ലുവിളിയാകും.

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായ കനത്ത തോല്‍വിക്കൊപ്പം തിരിച്ചടി നേരിട്ട് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും. ടെക്‌സസില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ആദ്യമായി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗവര്‍ണര്‍ പദവിയിലെത്തിയതും റിപ്പബ്ലിക്കന്‍മാരുടെ പരാജയത്തിന്റെ ആഴം വ്യക്തമാക്കി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട് മത്സരരംഗത്തില്ലാതിരുന്ന മസ്‌കിന് എങ്ങനെയാണ് ഈ ഫലം തിരിച്ചടിയാകുന്നത്?

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനും ടെക്‌സസിനെ റിപ്പബ്ലിക്കന്‍ ഭരണത്തിന് കീഴില്‍ നിലനിര്‍ത്താനുമായി മസ്‌ക് ചെലവിട്ടത് ഏകദേശം അര ബില്യണ്‍ ഡോളറാണ്. ടെസ്ലയുടെ വാഹന നിര്‍മാണ കേന്ദ്രവും റോക്കറ്റ് നിര്‍മാണം മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്‌പേസ് എക്‌സും ഇരു കമ്പനികളും ചേര്‍ന്ന് ആരംഭിക്കാന്‍ പദ്ധതിയിട്ട ചിപ്പ് നിര്‍മാണ സംരംഭവുമെല്ലാം പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് ടെക്‌സസ്. എന്നാല്‍ മസ്‌കിന്റെ ഈ രാഷ്ട്രീയ നീക്കങ്ങളെല്ലാം തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പാളി.

കോണ്‍ഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റുകള്‍ ആധിപത്യം ഉറപ്പിച്ചു. ടെക്‌സസ് ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജിന ഹിനോജോസ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഗ്രെഗ് അബട്ടിനെ പരാജയപ്പെടുത്തുകയും ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഇത് കനത്ത തിരിച്ചടിയായി ഈ ഫലം. ട്രംപിന്റെ അടുത്ത അനുയായിയായ മസ്‌ക് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് നിര്‍ണായക പിന്തുണ നല്‍കിയ വ്യക്തിയായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ചയും തന്റെ എക്‌സ് അക്കൗണ്ടിലൂടെ റിപ്പബ്ലിക്കന്‍മാര്‍ക്ക് വോട്ട് ചെയ്യണമെന്ന് മസ്‌ക് അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങളായി മസ്‌ക് എതിര്‍ത്തുപോരുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി കൂടുതല്‍ ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ്.തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സ്‌പേസ് എക്‌സിന്റെ ഓഹരികള്‍ 5.5 ശതമാനവും ടെസ്ലയുടെ ഓഹരികള്‍ 5.1 ശതമാനവും ഇടിഞ്ഞു.

എഐ ഡേറ്റാ സെന്റര്‍ പദ്ധതികള്‍ക്കും തിരിച്ചടി?

മസ്‌ക് നേരിടാനിരിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്ന് എഐ ഡേറ്റാ സെന്ററുകളുടെ നിര്‍മാണത്തിനും പ്രവര്‍ത്തനത്തിനും ആവശ്യമായ അനുമതികള്‍ വൈകുന്നതാണ്. ഡേറ്റാ സെന്റര്‍ പദ്ധതികള്‍ക്ക് ഡെമോക്രാറ്റുകള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് മേഖലയിലെ വിദഗ്ധരും വിലയിരുത്തുന്നു. വൈദ്യുതി ചെലവിനെച്ചൊല്ലി പ്രാദേശികമായി എതിര്‍പ്പ് ശക്തമാകുന്ന സാഹചര്യത്തില്‍ പുതിയ ഡേറ്റാ സെന്ററുകളുടെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നേക്കാം.

മസ്‌കിനെതിരെ ഡെമോക്രാറ്റുകളുടെ അന്വേഷണം?

യുക്രെയ്ന്‍ സൈന്യം ഉപയോഗിക്കുന്ന സാറ്റലൈറ്റ് ആശയവിനിമയ സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ മേല്‍നോട്ടത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍, മസ്‌കിന്റെ കമ്പനികള്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ കരാറുകളും സബ്‌സിഡികളും തുടങ്ങിയ വിഷയങ്ങളില്‍ ഡെമോക്രാറ്റുകള്‍ നേരത്തേ തന്നെ മസ്‌കിനെതിരെ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മസ്‌കിന്റെ കമ്പനികള്‍ക്കെതിരെ കൂടുതല്‍ പരിശോധനകളും അന്വേഷണങ്ങളും ഉണ്ടായേക്കാം.

ടെക്‌സസിലും മസ്‌കിന് വെല്ലുവിളി

ടെക്‌സസില്‍ പുതിയ ഗവര്‍ണറായി അധികാരത്തിലെത്തുന്ന ജിന ഹിനോജോസയുമായുള്ള ബന്ധം മസ്‌കിന് കൂടുതല്‍ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കെന്‍ പാക്സ്റ്റണെ പിന്തുണച്ച് വന്‍തുക ചെലവിട്ട മസ്‌കിന്, പുതിയ യുഎസ് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് തലാരിക്കോയെയും നേരിടേണ്ടിവരും.

PREV
Read more Articles on
click me!

Recommended Stories

മഴ കുറഞ്ഞു; ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; ഇന്ത്യയുടെ ഇ20 ലക്ഷ്യത്തിന് തിരിച്ചടി?
മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാർഷികം, 250 രൂപയുടെ സ്മാരക നാണയം പുറത്തിറക്കി ധനമന്ത്രി നിർമല സീതാരാമൻ