ബിറ്റ്കോയിന്റെ തലവര മാറ്റിവരച്ച് ഇലോണ്‍ മസ്‌ക്; ഇനി കളി മാറും

By Web TeamFirst Published Feb 9, 2021, 12:26 PM IST
Highlights

വലിയ സാമ്പത്തിക ഇടപാടുകൾ നടത്താൻ ബിറ്റ്കോയിൻ ഉപയോഗിക്കാവുന്ന സാധ്യതകളെ കുറിച്ച് ഡിസംബറിൽ ഇലോണ്‍ മസ്‌ക് നടത്തിയ പ്രസ്താവനയും ഇപ്പോൾ എന്തിനാണെന്ന് വ്യക്തമായിരിക്കുകയാണ്.

ന്യൂയോർക്ക്: ബിറ്റ്കോയിനിൽ 1.5 ബില്യൺ ഡോളർ നിക്ഷേപിച്ചെന്ന് ടെസ്‌ല കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെ ഡിജിറ്റൽ കറൻസിയുടെ വിലയിൽ വൻ വർധന. അതേസമയം തങ്ങളുടെ കാറുകളും മറ്റ് ഉൽപ്പന്നങ്ങളും ഇലക്ട്രോണിക് കറൻസി ഉപയോഗിച്ച് ഭാവിയിൽ വാങ്ങാനാവുമെന്ന വമ്പൻ പ്രഖ്യാപനവും ഇലോണ്‍ മസ്‌കിന്റെ കമ്പനി നടത്തി.

ടെസ്‌ലയുടെ ഈ നീക്കം ബിറ്റ്കോയിനിന്റെ ഭാഗ്യരേഖയായാണ് ബിസിനസ് ലോകം വിലയിരുത്തുന്നത്. ഇതോടെ ബിറ്റ്കോയിന്റെ വരും നാളുകൾ മാറിമറിയും. ഒരാഴ്ച മുൻപ് ബിറ്റ്കോയിൻ വലിയ തോതിൽ നിക്ഷേപകരുടെ സ്വീകാര്യത ഉടൻ നേടുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വമ്പൻ നിക്ഷേപം. വലിയ സാമ്പത്തിക ഇടപാടുകൾ നടത്താൻ ബിറ്റ്കോയിൻ ഉപയോഗിക്കാവുന്ന സാധ്യതകളെ കുറിച്ച് ഡിസംബറിൽ ഇലോണ്‍ മസ്‌ക് നടത്തിയ പ്രസ്താവനയും ഇപ്പോൾ എന്തിനാണെന്ന് വ്യക്തമായിരിക്കുകയാണ്.

സമീപ മാസങ്ങളിൽ വലിയ നേട്ടമുണ്ടാക്കിയ ബിറ്റ്കോയിനിന്റെ സ്വീകാര്യത വർധിപ്പിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യം. നിരവധി സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നും ഈ വർഷം ബിറ്റ്കോയിന് സ്വീകാര്യത നേടാനായിരുന്നു. കേന്ദ്രബാങ്കുകൾ ഇപ്പോഴും സംശയദൃഷ്ടിയോടെയാണ് ബിറ്റ്കോയിനെ സമീപിക്കുന്നതെങ്കിലും അന്താരാഷ്ട്ര സാഹചര്യങ്ങൾ കൂടുതലായി പിന്തുണ പ്രഖ്യാപിക്കുകയാണ്. ടെസ്ലയുടെ നയപ്രഖ്യാപനത്തിന് പിന്നാലെ ബിറ്റ്കോയിൻ തിങ്കളാഴ്ച പുതിയ ഉയരങ്ങൾ കീഴടക്കി. മൂല്യം 10 ശതമാനം ഉയർന്ന് 43625 ഡോളറിലെത്തി. 

click me!